കാളപെറ്റു, കയറെടുക്കൂ: സ്വപ്നയെ പിടിക്കാത്തതെന്ത് എന്ന ചോദ്യത്തില്‍ മാധ്യമങ്ങള്‍ക്ക് മൗനം: ജയരാജന്‍
കണ്ണൂർ: 'കാളപെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുന്നത്‌പോലെ' എന്ന പ്രയോഗം അന്വർത്ഥമാക്കുന്നതാണ് എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൻമേൽ കഴിഞ്ഞ ദിവസം ഹൈക്കോടതി നടത്തിയ പരമാർശവും വലതുപക്ഷ മാധ്യമ വാർത്തകളും ചർച്ചകളുമെന്നും സി പി എം നേതാവും പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. 'മുഖ്യമന്ത്രിയിൽ വൻ സ്വാധീനം' എന്നാണ് മനോരമയുടെ തലക്കെട്ടെങ്കിൽ 'മുഖ്യമന്ത്രിയിൽ സ്വാധീനം' എന്നാണ് മാതൃഭൂമിയുടെ തലക്കെട്ടെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
സ്വപ്നയെ പിടിക്കാത്തതെന്ത് എന്ന കോടതിയുടെ ചോദ്യത്തെക്കുറിച്ച് ഈ രണ്ട് മാധ്യമങ്ങളും മൗനമാചരിക്കുകയും ചെയ്യുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി ചാർജ്ജ് ചെയ്ത കേസിന്റെ വിചാരണയോ അപ്പീലോ ആയിരുന്നില്ല ഹൈക്കോടതിയിൽ നടന്നത്. ഹൈക്കോടതിയിൽ വിചാരണ നടക്കൽ ചില കേസുകളിൽ മാത്രമാണല്ലോ. കേവലം ജാമ്യാപേക്ഷ മാത്രമാണ് നടന്നത്. മുഖ്യമന്ത്രി കേസിൽ പ്രതിയല്ലാതിരുന്നിട്ടും എന്തിനാണ് കേസിലേക്ക് വലിച്ചിഴച്ചത്? ഭരണകക്ഷിയിൽ സ്വാധീനമുള്ളയാളാണ് ശിവശങ്കരൻ എന്നുകൂടി പറയുന്നുണ്ട്. ഏത് ഭരണകക്ഷിയെന്നും അദ്ദേഹം ചോദിക്കുന്നു.

അഖിലേന്ത്യാ സർവ്വീസിലെ ഉദ്യോഗസ്ഥന്മാർ കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന സർക്കാറിന് സസ്‌പെൻഷനും സ്ഥലംമാറ്റവും മാത്രമാണ് അധികാരം. ആരോപണമുയർന്നുവന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൾ സെക്രട്ടറിയിൽ നിന്നും ശിവശങ്കറിനെ ഒഴിവാക്കുകയും സസ്‌പെന്റ് ചെയ്യുകയും ചെയ്തു. കോടതി ജാമ്യമനുവദിച്ചിട്ടും സസ്‌പെൻഷൻ തുടർന്നു. ആറു മാസം കഴിഞ്ഞാൽ തിരിച്ചെടുക്കുന്നതാണ് രീതി. ഇനിയും സസ്‌പെൻഷൻ നീട്ടാമോ എന്ന് കേന്ദ്രസർക്കാറിലേക്ക് എഴുതിച്ചോദിച്ചു. മറുപടി ലഭിച്ചില്ല. സസ്‌പെൻഷൻ നീട്ടാൻ കോടതി പറഞ്ഞിട്ടുമില്ല. പിന്നെ എന്താണ് സർക്കാർ ചെയ്യുക?
പുറത്താക്കാൻ ഒട്ട് അധികാരവുമില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായ റിവ്യൂ കമ്മിറ്റി തിരിച്ചെടുക്കാൻ ശുപാർശ ചെയ്തപ്പോൾ സർക്കാർ തിരിച്ചെടുത്തു. അതാവട്ടെ, കായിക യുവജനക്ഷേമ വകുപ്പിലാണ്. ഈ പുനർനിയമനത്തെ പിരിയുന്നതുവരെ സുപ്രധാന വകുപ്പിൽ തുടർ നിയമനം നൽകി എന്ന പരാമർശം കോടതി നടത്തിയതായി മനോരമയിൽ കണ്ടു. വസ്തുത എന്താണ് എന്നെങ്കിലും തിരക്കേണ്ടേ?
എവിടെയാണ് സസ്‌പെൻഷനു ശേഷം ജോലിചെയ്തത് എന്നെങ്കിലും മനസ്സിലാക്കേണ്ടേ? ഇഡിയുടെ വാദം കേൾക്കുകയും മുഖ്യമന്ത്രിയെയോ സർക്കാറിനെയോ ഭരണകക്ഷിയേയോ കേൾക്കാതെയുമുള്ള ഒരു പരാമർശമാണ് കോടതി നടത്തിയത്. ന്യായീകരിക്കാവുന്നതല്ല. ഇത് കേട്ടയുടൻ വലതുപക്ഷ മാധ്യമങ്ങൾ രംഗത്തിറങ്ങുകയും കോടതി പരാമർശം ഏകപക്ഷീയമായ മാധ്യമ വിചാരണയ്ക്ക് ഇടയാക്കുകയും ചെയ്തുവെന്നും സി പി എം നേതാവ് കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications