• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി പറയുന്നത് ഏറ്റു പാടുന്ന കോൺഗ്രസ്; സ്വന്തം അടിത്തറ തോണ്ടുന്നു, ആഞ്ഞടിച്ച് തോമസ് ഐസക്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് മന്ത്രി തോമസ് ഐസക്. ബിജെപി ഉയർത്തുന്ന ആരോപണങ്ങൾ അതേപടി ആവർത്തിക്കുകയാണ് കോൺഗ്രസ്. സിപിഐഎമ്മിനെതിരെ ഉയർത്തിക്കൊണ്ടു വന്ന വിവാദം സ്വന്തം അടിത്തറ തോണ്ടുന്നത് നിർന്നിമേഷമായി നോക്കിനിൽക്കേണ്ട അവസ്ഥയിലാണവർ എന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.

സ്വർണ കള്ളക്കടത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ യുഡിഎഫ് നേതൃത്വമാണെന്നു മാത്രമല്ല, രാജ്യദ്രോഹക്കുറ്റത്തിന്റെ മുനയും നീളുന്നത് അവർക്കു നേരെയാണ് എന്നും മന്ത്രി കുറ്റപ്പെടുത്തി.

സത്യം പുറത്തുവരട്ടേ

സത്യം പുറത്തുവരട്ടേ

മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം: '' സ്വർണ്ണക്കള്ളക്കടത്ത് കേസ് സംബന്ധിച്ച് കേരള സർക്കാരിന് തുടക്കം മുതൽ ഒരു നിലപാടേയുള്ളൂ. ഏതുതരത്തിലുള്ള അന്വേഷണത്തെയും സർക്കാർ സ്വാഗതം ചെയ്യുന്നു. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. അതിനു സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും എന്തൊക്കെ സഹായം വേണമോ അതൊക്കെ ചെയ്യും. മൂന്നു കേന്ദ്രസർക്കാർ ഏജൻസികളാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. അന്വേഷണം നടക്കട്ടെ, സത്യം പുറത്തുവരട്ടേ എന്നു പലതവണ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണങ്ങൾ എല്ലാം പൊളിഞ്ഞു

ആരോപണങ്ങൾ എല്ലാം പൊളിഞ്ഞു

എന്നാൽ എതന്വേഷണവും ആകാമെന്ന നിലപാട് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചതോടെ, ആരോപണങ്ങൾ തെളിയിക്കേണ്ട ബാധ്യത പൂർണമായും ആരോപണകർത്താക്കളുടേതായി. ഇവരുടെ വാക്കുകൾക്ക് കാതോർത്ത ജനങ്ങൾ സ്വാഭാവികമായും സംശയനിവാരണത്തിനുള്ള നടപടികൾ പ്രതീക്ഷിച്ചു. അത് ഉണ്ടായില്ലെന്നു മാത്രമല്ല, അവർ ഒന്നിനുപുറകേ ഒന്നായി സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്.

നല്ലപങ്ക് യുഡിഎഫ് ബന്ധമുള്ളവർ

നല്ലപങ്ക് യുഡിഎഫ് ബന്ധമുള്ളവർ

ഒരുവശത്ത് ബിജെപി ഉയർത്തുന്ന ആരോപണങ്ങൾ അതേപടി ആവർത്തിക്കുകയാണ് കോൺഗ്രസ്. അസംബന്ധം പറയുന്നതിൽ അവർ മത്സരിക്കുന്നത് ബിജെപി നേതാക്കളോടാണ്. മറുവശത്തോ, സ്വർണക്കടത്തു കേസിൽ അറസ്റ്റിലാകുന്നവരിൽ നല്ലപങ്ക് യുഡിഎഫ് ബന്ധമുള്ളവരും. വല്ലാത്തൊരു പ്രതിസന്ധിയിലാണ് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ. സിപിഐഎമ്മിനെതിരെ ഉയർത്തിക്കൊണ്ടു വന്ന വിവാദം സ്വന്തം അടിത്തറ തോണ്ടുന്നത് നിർന്നിമേഷമായി നോക്കിനിൽക്കേണ്ട അവസ്ഥയിലാണവർ.

പ്രതികളുമായി ബന്ധം

പ്രതികളുമായി ബന്ധം

യുഡിഎഫ് കരുതിയതുപോലെയല്ല കാര്യങ്ങൾ നീങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ വെളിപ്പെട്ട സത്യത്തിനു പിന്നാല പോകാൻ അവർ സ്വാഭാവികമായും നിർബന്ധിതരായി. അതോടെ, പിടിയിലായതു മുഴുവൻ മുസ്ലിം ലീഗുമായി ബന്ധമുള്ളവരും. അവരിൽ സിപിഎമ്മുമായോ സർക്കാരുമായോ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധപ്പെടുത്താവുന്ന ആരുംതന്നെയില്ല.

എന്നാൽ കേരളത്തിലെ മുതിർന്ന ഒരു ഐഎഎസുകാരന് ഈ കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന തെളിവുകൾ പുറത്തു വന്നു.

സർക്കാർ നടപടിയുമെടുത്തു

സർക്കാർ നടപടിയുമെടുത്തു

ആ ഉദ്യോഗസ്ഥൻ ഈ സർക്കാരിൽ മാത്രമല്ല, കഴിഞ്ഞ സർക്കാരിന്റെ കാലത്തും നിർണായകമായ ചുമതലകൾ വഹിച്ചിരുന്ന ആളാണ്. കേസിലെ ഒരു പ്രതിയുടെ നിയമനവുമായി ബന്ധപ്പെട്ട് ആ ഉദ്യോഗസ്ഥൻ അനർഹമായ പരിഗണന നൽകിയിട്ടുണ്ടെന്നും സർക്കാർ അന്വേഷണത്തിൽ തെളിഞ്ഞു. അതിൽ സർക്കാർ നടപടിയുമെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്. നാളെയൊരു ഘട്ടത്തിൽ കൂടുതൽ ഗൗരവമായ തെളിവുകൾ പുറത്തുവന്നാൽ സംസ്ഥാന സർക്കാരിൽ നിന്നൊരു സംരക്ഷണവും ലഭിക്കില്ല എന്നതും എല്ലാവർക്കും ബോധ്യമായ കാര്യമാണ്.

യുഡിഎഫിന്റെ തനിനിറം

യുഡിഎഫിന്റെ തനിനിറം

രണ്ട് അന്വേഷണ ഏജൻസികൾ ഈ ഉദ്യോഗസ്ഥനെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. ഇതേ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ആരോപണവിധേയരായ മറ്റു കക്ഷികൾ. അവരെ അറസ്റ്റു ചെയ്യുകയും ഇപ്പറഞ്ഞ ഉദ്യോഗസ്ഥനെ തൽക്കാലത്തേയ്ക്കെങ്കിലും വിട്ടയയ്ക്കുകയും ചെയ്തത് സംസ്ഥാന സർക്കാർ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടല്ലല്ലോ. ഇവിടെ യുഡിഎഫിന്റെ തനിനിറം ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടുകയാണ്. സ്വർണ കള്ളക്കടത്തിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ യുഡിഎഫ് നേതൃത്വമാണെന്നു മാത്രമല്ല, രാജ്യദ്രോഹക്കുറ്റത്തിന്റെ മുനയും നീളുന്നത് അവർക്കു നേരെയാണ്.

ബിജെപി എന്തു പറയുന്നോ, അത് ഏറ്റു പാടുക

ബിജെപി എന്തു പറയുന്നോ, അത് ഏറ്റു പാടുക

പ്രധാനപ്പെട്ട സൂത്രധാരന്മാരുടെ സ്വാധീനവലയം പുറത്തുവരുമ്പോൾ മുഖം നഷ്ടപ്പെടുന്നത് കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾക്കായിരിക്കും. ആ തലത്തിലേയ്ക്ക് കേസ് അന്വേഷണം നീങ്ങുമോ എന്നാണ് കാണാനിരിക്കുന്നത്. ഒരേ ലക്ഷ്യത്തോടെ നീങ്ങുന്ന പക്ഷിയുടെ ഇരു ചിറകുകളാണ് കേരളത്തിൽ ബിജെപിയും കോൺഗ്രസുമെന്നത് ഒരിക്കൽക്കൂടി പുറത്തുവരികയാണ്. ചിറകു രണ്ടാണെങ്കിലും പക്ഷിയുടെ ശബ്ദം ഒന്നാണ്. ദുരാരോപണങ്ങളുടെ കാര്യത്തിലായാലും അധികാരദുർവിനിയോഗത്തിന്റെ കാര്യത്തിലായാലും ബിജെപി എന്തു പറയുന്നോ, അത് ഏറ്റു പാടുക മാത്രമാണ് കോൺഗ്രസിന്റെ നിയോഗം.

പണി തെറിപ്പിക്കും എന്ന ഭീഷണി

പണി തെറിപ്പിക്കും എന്ന ഭീഷണി

നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച സ്വർണ്ണം വിട്ടുകൊടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദ്ദം ചെലുത്തിയെന്ന ഞെട്ടിപ്പിക്കുന്ന ആരോപണത്തോടെയാണല്ലോ വിവാദം ആരംഭിച്ചത്. എന്നാൽ എന്താണ് സംഭവിച്ചത്? ബിജെപി അനുഭാവിയായ ഒരു ട്രേഡ് യൂണിയൻ നേതാവിന്റെ ഭീഷണിയ്ക്കു വഴങ്ങാതെയാണ് കസ്റ്റംസ് ഈ സ്വർണക്കള്ളക്കടത്ത് പിടിച്ചത്. കടത്തിയ സ്വർണം വിട്ടുകൊടുത്തില്ലെങ്കിൽ പണി തെറിപ്പിക്കും എന്ന ഭീഷണി മുഴക്കിയത് ആരാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

ഉദ്യോഗസ്ഥന് ഇപ്പോൾ സ്ഥലം മാറ്റം

ഉദ്യോഗസ്ഥന് ഇപ്പോൾ സ്ഥലം മാറ്റം

ഈയൊരു ഭീഷണിയെയും അതിന്റെ ഭാഗമായി പിന്നീട് സംഭവിച്ച കാര്യങ്ങളെയും നമ്മുടെ പ്രതിപക്ഷ നേതാവ് എപ്പോഴെങ്കിലും എതിർക്കാനോ വിമർശിക്കാനോ തയ്യാറായിട്ടുണ്ടോ? കടത്തിയ സ്വർണം പിടിച്ചതും അതിന്റെ ഭാഗമായി ആദ്യപ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത് കസ്റ്റംസാണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും തർക്കമുണ്ടോ? അതിനു ശേഷം ആ ടീമിനു സംഭവിക്കുന്നത് എന്താണ്? മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തങ്ങൾക്കൊരു സമ്മർദ്ദവും ഉണ്ടായിട്ടില്ല എന്ന് മാധ്യമങ്ങളോട് തുറന്നു പറഞ്ഞ ഉദ്യോഗസ്ഥന് ഇപ്പോൾ സ്ഥലം മാറ്റം.

 ആ അങ്കലാപ്പ് കോൺഗ്രസിലും

ആ അങ്കലാപ്പ് കോൺഗ്രസിലും

ആ തുറന്നു പറച്ചിൽ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് ദഹിച്ചില്ല എന്നതും പരസ്യമാണ്. സർക്കാരിനെതിരെ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ ദയനീയമായി പൊളിഞ്ഞപ്പോൾ ഇനിയെങ്ങോട്ടു പോകണമെന്നറിയാതെ അന്തംവിട്ടു നിൽക്കുകയാണ് ബിജെപി. സ്വാഭാവികമായും ആ അങ്കലാപ്പ് കോൺഗ്രസിലും പ്രതിഫലിക്കുന്നുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരൻ എന്തെല്ലാം ആക്ഷേപങ്ങളാണ് ഉയർത്തിയത്. ഇപ്പോൾ മിണ്ടാട്ടമില്ലല്ലോ.

ജനങ്ങളോട് ഉത്തരം പറയണം

ജനങ്ങളോട് ഉത്തരം പറയണം

എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയും കോൺഗ്രസും ഇക്കണ്ട കോലാഹലമത്രയും ഉണ്ടാക്കിയത് എന്നാണ്? ഇതേവരെ നടന്ന അന്വേഷണത്തിന്റെയും നടപടികളുടെയും അടിസ്ഥാനത്തിൽ, ആദ്യം ഉന്നയിച്ച ആരോപണങ്ങളുടെ സ്ഥിതിയെന്ത് എന്നും അതിനാധാരമായ തെളിവുകൾ ഇതുവരെ എന്തുകൊണ്ട് അന്വേഷണ സംഘത്തിന് കൈമാറിയില്ലെന്നുമുള്ള നിർണായക ചോദ്യത്തിനാണ് യുഡിഎഫും ബിജെപിയും ജനങ്ങളോട് ഉത്തരം പറയേണ്ടത്''.

English summary
Gold Smuggling Case: Thomas Isaac slams Congress and BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X