സ്വർണ്ണക്കടത്തുമായി ബന്ധമോ? തൃക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാന്റെ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
കൊച്ചി : ത്യക്കാക്കര മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ കസ്റ്റംസിന്റെ റെയ്ഡ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആയിരുന്നു കസ്റ്റംസിന്റെ റെയ്ഡ് നടന്നത്.ഇക്കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ ഇറച്ചി കട്ടിംഗ് യന്ത്രത്തിന് ഉള്ളിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചിരുന്നു. ഈ കേസിലാണ് അദ്ദേഹത്തിന്റെ വീട്ടിൽ റൈഡ് നടക്കുന്നത്.
കസ്റ്റംസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. ഇബ്രഹിം കുട്ടിയുടെ മകന് കള്ളക്കടത്ത് കേസുകളിൽ പങ്കുണ്ടെന്നും കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കസ്റ്റംസ് ഉടൻ പരിശോധനയ്ക്ക് എത്തുകയായിരുന്നു.

പതിവിൽ നിന്നും വിപരീതമായ രീതിയിലെ സ്വർണ്ണക്കടത്തായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നത്.ഇറച്ചി വെട്ടുന്ന യന്ത്രത്തിന് ഉള്ളിൽ വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആയിരുന്നു സംഭവം. പ്രതികളിൽ നിന്നും കസ്റ്റംസ് 232 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. യന്ത്രം ഇറക്കുമതി ചെയ്ത തുരുത്തുമ്മേല്‍ എന്‍റര്‍ പ്രൈസസ് എറണാകുളത്തിനെതിരെ കസ്റ്റംസ് അന്വേഷണം നടത്തിയിരുന്നു.
ഈ സ്ഥാപനത്തിന്റെ പേരിൽ നേരത്തെയും സമാനമായ രീതിയിൽ തട്ടിപ്പുണ്ട് ഉണ്ടായതായാണ് കസ്റ്റംസ് വിലയിരുത്തൽ. ഇതിന് പിന്നാലെയാണ് വീട്ടിൽ കസ്റ്റംസ് സംഘം പരിശോധന നടത്തുന്നത്.അതേസമയം, കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട നടന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. വിമാനത്താവളത്തിൽ നിന്നും 850 ഗ്രാം സ്വർണം ആയിരുന്നു പിടികൂടിയത്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. എന്നാൽ, അടുത്തകാലത്തായി നിരവധി കേസുകളാണ് കസ്റ്റംസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ പിടി കൂടുന്നത്. 2 ദിവസങ്ങൾക്ക് മുൻപും കരിപ്പൂരിൽ വൻ സ്വർണവേട്ട നടന്നിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇതിന് പിന്നാലെ 5 യാത്രക്കാർ കസ്റ്റംസിന്റെ പിടിയിലായി.
രണ്ടര കിലോ സ്വർണം ആണ് കോഴിക്കോട്ടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പൊലീസും ചേർന്ന് പിടികൂടിയത്. 5 യാത്രക്കാർക്ക് പുറമേ ഇവരെ കൂട്ടി കൊണ്ട് പോകാൻ വിമാനത്താവളത്തിൽ എത്തിയ ഏഴ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ക്യാപ്സ്യൂൾ ആക്കി ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഇതിനൊപ്പം കാലിൽ വെച്ചുകെട്ടിയ നിലയിലും ലഗേജിൽ ആരുമറിയാതെ ഒളിപ്പിച്ച നിലയിൽ സ്വർണം കടത്താൻ ശ്രമിക്കുകയായിരുന്നു പ്രതികൾ.
തുടർന്ന് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്. വിമാനത്താവളത്തിന് ഉള്ളിലെ പരിശോധന പൂർത്തിയാക്കിയ ശേഷം യാത്രക്കാർ പുറത്തിറങ്ങിയിരുന്നു. ഇവരിൽ നിന്നും ആണ് സ്വർണം പിടികൂടിയത്. നാല് കാറുകളും ഇവരിൽ നിന്നും പിടികൂടി എന്നാണ് റിപ്പോർട്ട്.വയനാട് സ്വദേശി അബ്ദുല്‍ റസാഖിൽ നിന്നും 1600 ഗ്രാം സ്വർണം പിടികൂടി. ഇതിനെ തരികൾ ആക്കി കാലിൽ വച്ചുകെട്ടി ആണ് ഇയാൾ കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയതായിരുന്നു അബ്ദുൽ റസാഖ്.
ഇയാളെ കൂട്ടി കൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് കാവൽ നിന്ന കോഴിക്കോട് കുറ്റ്യാടി സ്വദേശികളായ സുബൈർ, ഫഹദ് എന്നിവർ പൊലീസിന്റെ പിടിയിലായി. കാർ സഹിതം പൊലീസ് പിടിച്ചെടുത്തു എന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെ കോഴിക്കോട്ടുകാരൻ മജീദിയിൽ നിന്നും സ്വർണ്ണം പിടികൂടി. സ്പേസ് ജെറ്റ് വിമാനത്തിൽ ദുബായിൽ നിന്നും നാട്ടിൽ എത്തിയതായിരുന്ന മജീദ്. ഇയാളെ കൂട്ടി കൊണ്ടുപോകാൻ എത്തിയ പൊന്നാനി സ്വദേശികളായ ഹംസയുടെയും ഫര്‍ദാനിന്റെയും കാറടക്കം പിടിയിലായിരുന്നു.












Click it and Unblock the Notifications