സ്വര്‍ണം 7299 രൂപ ലാഭത്തില്‍ വില്‍ക്കുന്നു; വാങ്ങിയത് 5177 രൂപയ്ക്ക്, ആര്‍ബിഐ വിലയിട്ടു
സ്വര്‍ണവില എല്ലാ അനുമാനങ്ങളും കടന്ന് ഒരു ലക്ഷം രൂപയിലേക്ക് അടുത്തത് കഴിഞ്ഞ മാസമാണ്. ഈ മാസം നേരിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഏത് സമയവും തിരിച്ചുകയറാം. ഇന്ന് 22 കാരറ്റ് സ്വര്‍ണം ഒരു പവന് 90680 രൂപയാണ് വില. 24 കാരറ്റ് സ്വര്‍ണത്തിന് ഒരു ലക്ഷം രൂപ കടക്കും. ഈ വേളയിലാണ് ആര്‍ബിഐയുടെ പുതിയ നടപടി മാധ്യമങ്ങളില്‍ നിറയുന്നത്.
ആര്‍ബിഐ ഇറക്കുന്ന സോവറിങ് ഗോള്‍ഡ് ബോണ്ട് (എസ്ജിബി) എട്ടാം സീരിസിന്റെ വില്‍പ്പന ഇന്ന് നടക്കും. അഞ്ച് വര്‍ഷം തികച്ച ബോണ്ടുകള്‍ വില്‍ക്കാനാണ് ഇന്ന് അനുമതിയുള്ളത്. അഞ്ച് വര്‍ഷം മുമ്പ് വാങ്ങിയവര്‍ക്ക് 141 ശതമാനം ലാഭത്തിലാണ് വില്‍ക്കാന്‍ സാധിക്കുക. അഭൂതപൂര്‍വമായ വില വര്‍ധനവാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്വര്‍ണത്തിലുണ്ടായത്. അതുകൊണ്ടുതന്നെ ഇന്ന് വില്‍ക്കുന്നവര്‍ക്ക് വലിയ ലാഭം കൈയ്യിലെത്തും.

2020-21 സാമ്പത്തിക വര്‍ഷം നവംബറില്‍ ആര്‍ബിഐയുടെ ഗോള്‍ഡ് ബോണ്ട് വാങ്ങിയവര്‍ക്കാണ് ഇപ്പോള്‍ വില്‍ക്കാന്‍ സാധിക്കുക. എട്ട് വര്‍ഷമാണ് ബോണ്ടിന്റെ കാലാവധി. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വില്‍ക്കാന്‍ സാധിക്കും. ഇത്തരത്തില്‍ നേരത്തെ വില്‍ക്കുന്നതിന് ആര്‍ബിഐ അനുമതി ആവശ്യമാണ്. വിലയും ആര്‍ബിഐ നിശ്ചയിക്കും.
24 കാരറ്റിന്റെ സ്വര്‍ണം ഗ്രാം കണക്കിലാണ് ആര്‍ബിഐ ബോണ്ട് ഇറക്കുക. ഓരോ ഗ്രാമും ഓരോ യൂണിറ്റ് ആയിട്ടാണ് കണക്കാക്കുക. അഞ്ച് വര്‍ഷം മുമ്പ് വാങ്ങിയവര്‍ക്ക് ഇപ്പോള്‍ വില്‍ക്കാന്‍ സാധിക്കും. ഒരു യൂണിറ്റിന്റെ വില 12476 രൂപയായിട്ടാണ് ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ളത്. അഞ്ച് വര്‍ഷം മുമ്പ് വാങ്ങുമ്പോള്‍ ഗ്രാം വില 5177 രൂപയായിരുന്നു. ഇപ്പോള്‍ വിറ്റാല്‍ കിട്ടുന്ന ലാഭം 7299 രൂപയാണ്.
ആര്‍ബിഐ ഗോള്‍ഡ് ബോണ്ടിന്റെ ലാഭം
സ്വര്‍ണം ഫിസിക്കലായും ഡിജിറ്റലായും വാങ്ങാം. ആഭരണം, കോയിന്‍, ബാര്‍ എന്നിവ ഫിസിക്കലായി വാങ്ങുന്ന രീതിയാണ്. എന്നാല്‍ ബോണ്ടുകള്‍, ഇടിഎഫ് എന്നിവ ഡിജിറ്റലായി വാങ്ങുന്ന രീതിയും. ഡിജിറ്റലായി ചില സ്വകാര്യ സ്ഥാപനങ്ങളും സ്വര്‍ണ ഇടപാട് നടക്കുന്നുണ്ട്. ഉപഭോക്താക്കള്‍ സ്വര്‍ണം വാങ്ങുന്നതിന് അനുസരിച്ച് ഈ സ്ഥാപനങ്ങള്‍ സ്വര്‍ണം സൂക്ഷിക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. ഇത്തരം ഇടപാടുകള്‍ റിസ്‌ക് ആണ് എന്ന് സെബി മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഏറ്റവും വിശ്വാസമുള്ള സ്വര്‍ണ ഇടപാടാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇറക്കുന്ന ഗോള്‍ഡ് ബോണ്ടുകള്‍. ഈ ബോണ്ടുകള്‍ക്ക് ആറ് മാസം തികയുമ്പോള്‍ 2.5 ശതമാനം പലിശ ലഭിക്കും. വര്‍ഷത്തില്‍ രണ്ട് തവണ ഇത്തരത്തില്‍ പലിശ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടില്‍ ക്രെഡിറ്റാകും. അഞ്ച് വര്‍ഷമാകുമ്പോള്‍ ബോണ്ട് വില്‍ക്കാനുള്ള അവസരമുണ്ട്. 2020 നവംബറില്‍ വാങ്ങിയവര്‍ക്ക് ആ അവസരമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
എട്ട് വര്‍ഷം കാലാവധി പൂര്‍ത്തിയാക്കി ബോണ്ട് വില്‍ക്കുന്നവര്‍ക്ക് മൂലധന നികുതി ഉണ്ടാകില്ല എന്നതും നേട്ടമാണ്. വിപണിയിലെ ഒരു മാസത്തെ വിലയുടെ ശരാശരി പരിശോധിച്ചാണ് ആര്‍ബിഐ ബോണ്ടുകള്‍ക്ക് വില നിശ്ചയിക്കുക. 2015ലാണ് ഗോള്‍ഡ് ബോണ്ട് ആദ്യം ഇറക്കിയത്. അടുത്ത കാലത്തായി ആര്‍ബിഐ ഗോള്‍ഡ് ബോണ്ടുകള്‍ ഇറക്കുന്നില്ല. നേരത്തെ ഇറക്കിയത് മാറ്റി വാങ്ങുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.












Click it and Unblock the Notifications