സ്വർണം ദുബായിൽ നിന്ന് വാങ്ങണോ അതോ ഇന്ത്യയിൽ നിന്നോ?;ലാഭം ഇങ്ങനെയാണ്, ഓഫർ കൂടി പ്രയോജനപ്പെടുത്തിയാൽ
2025 ൽ സ്വർണ വില ഞെട്ടിക്കുമെന്നാണ് വിദഗ്ധർ പ്രവചിച്ചിരുന്നുവെങ്കിലും സ്വർണത്തിന്റെ ഇപ്പോഴത്തെ കുതിപ്പിൽ അമ്പരന്ന് നിൽക്കുകയാണ് സ്വർണപ്രേമികൾ. ഇന്ന് ആഗോള വിപണിയിൽ സ്വർണം ഔൺസിന് 3486 ഡോളറാണ് രേഖപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിൽ 22 നായിരുന്നു സ്വർണ വില റെക്കോഡ് ഉയരമായ 3500 ഡോളർ തൊട്ടത്. അതായത് ഈ റെക്കോഡിലെത്താൻ ഇനി വെറും 20 ഡോളറിന്റെ ദൂരം മാത്രം.
ആഗോള വിപണിയിൽ സ്വർണം കുതിച്ചതോടെ ഇന്ന് ആഭ്യന്തര വിപണിയിലും വില കത്തിക്കയറി.ഇന്ന് 24 കാരറ്റ് തനിത്തങ്കത്തിന് 10 ഗ്രാമിന് 930 രൂപ വർധിച്ച് 1,05,880 രൂപയായി. 22 കാരറ്റ് 10 ഗ്രാമിന് 850 രൂപ വർധിച്ച് 97,050 രൂപയിലെത്തി. 18 കാരറ്റ് സ്വർണത്തിന് 10 ഗ്രാമിന് 700 രൂപ കൂടി, ഇപ്പോൾ 79,410 രൂപയാണ് വില.
ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ 100 ഗ്രാം സ്വർണത്തിന് 30,000ത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.

കേരളത്തിലും ഇന്ന് സ്വർണ വില സർവ്വകാല റെക്കോഡിലെത്തി. ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് വില 77,000 രൂപയാണ്.ഇതാദ്യമായാണ് സ്വർണവില 77,000 തൊടുന്നത്. ഇന്ന് ഗ്രാമിന് 85 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 9705 രൂപയാണ് വില. പവന് 680 രൂപ വര്‍ധിച്ച് 77,640 രൂപയായി.
സ്വർണം ലാഭത്തിൽ വാങ്ങിയിരുന്നു , പക്ഷെ
സ്വർണം പൊതുവെ മലയാളത്തിൽ ലാഭത്തിൽ വാങ്ങിയിരുന്നത് ദുബായിൽ നിന്നാണ്. ഇന്ത്യയിലെ പോലെ നികുതി ഇല്ലെന്നതും പരിശുദ്ധമായ സ്വർണം ലഭിക്കുമെന്നും വൈവിധ്യമായ ഡിസൈനുകൾ ഉണ്ടെന്നതും മലയാളികളെ ഇവിടേക്ക് ആകർഷിക്കുന്നു. എന്നാൽ ആഗോള തലത്തിലെ സ്വർണവിലയെ വർധനവ് ദുബായിലും വലിയ തോതിൽ പ്രതിഫലിച്ചിരിക്കുകയാണ്. ദുബായിൽ 24 കാരറ്റ് സ്വർണത്തിന് ഇന്ന് വില 418.75 ദിർഹമാണ്. 22 കാരറ്റിന് 387.75 ദിർഹവും 21 കാരറ്റിന് 371.75 ദിർഹവും 18 കാരറ്റിന് 318.75 ദിർഹവും നൽകണം. ഇങ്ങനെയൊക്കെ ആണെങ്കിലും ദുബായിലെ സ്വർണവില ഇന്ത്യക്കാൾ കുറവാണ്.
നിലവിലെ വിനിമയ നിരക്ക് അനുസരിച്ച്, ഒരു ദിർഹം വാങ്ങാൻ 24 രൂപ ആവശ്യമാണ്. ഈ വിനിമയ നിപക്കിൽ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് ദുബായിൽ ഏകദേശം 9,306 രൂപ (387.75 ദിർഹം) വരും. ഇന്ത്യയിൽ ഇത് 9,649.75 രൂപയോളമാണ്. നേരിയ വ്യത്യാസം ആണെങ്കിലും ദുബായിൽ പണിക്കൂലിയിലെ കിഴിവ് അടക്കമുള്ള ഓഫറുകൾ പല ജ്വല്ലറികളും നൽകുന്നുണ്ട്. ഇത്തരം ഓഫറുകൾ പ്രയോജനപ്പെടുത്താൻ സാധിച്ചാലും കൂടുതൽ കിഴിവിൽ സ്വർണം നേടാം. എന്നിരുന്നാലും, ദുബായിൽ നിന്ന് സ്വർണ്ണം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത് അത്ര എളുപ്പമല്ല കേട്ടോ. സ്വർണ്ണം ഇറക്കുമതി ചെയ്യുന്നതിന് കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ വലിയ പിഴ തന്നെ ഒടുക്കേണ്ടി വന്നേക്കും.
സ്വർണത്തിന് ഇനിയെന്ത് സംഭവിക്കും?
ഡൊണാൾഡ് ട്രംപ് ഭരണകുടത്തിന്റെ താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വവും പലിശ നിരക്ക് കുറയ്ക്കാനുള്ള യുഎസ് ഫെഡിന്റെ നീക്കങ്ങളുമാണ് ഇപ്പോൾ സ്വർണ കൂടാൻ കാരണം. അടുത്തിടെ പുറത്തുവന്ന യുഎസ് പണപ്പെരുപ്പ ഡാറ്റ ഈ മാസം അവസാനം പലിശ നിരക്ക് കുറയ്ക്കാനുളള സാധ്യതയിലേക്കാണ് വിരൽചൂണ്ടുന്നത്. യുഎസ് ഫെഡിന്റെ അടുത്ത എഫ്‌ഒഎംസി യോഗം സെപ്റ്റംബർ 16-17 തീയതികളിലാണ് നടക്കുന്നത്. പലിശ നിരക്ക് കുറച്ചാൽ സ്വർണം കുതിക്കും. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ വലിയ രീതിയിലുള്ള ആശങ്ക വേണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.












Click it and Unblock the Notifications