സ്വര്‍ണം വാങ്ങാന്‍ എത്തിയത് 3 ലക്ഷം പേര്‍; 2000 കോടിയുടെ വ്യാപാരം, കോയിനും ബാറും വാങ്ങാന്‍ തിരക്ക്
കൊച്ചി: അക്ഷയ തൃതീയ ദിനത്തില്‍ കേരളത്തിലെ ജ്വല്ലറികളില്‍ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം. സ്വര്‍ണം വാങ്ങുന്നതും ദാനം ചെയ്യുന്നതുമെല്ലാം പുണ്യകരവും ഭാഗ്യം കൊണ്ടുവരുമെന്നും വിശ്വസിക്കുന്ന ദിനത്തില്‍ പ്രത്യേക വ്യാപാരത്തിന് കേരളത്തിലെ ജ്വല്ലറികള്‍ തയ്യാറെടുത്തിരുന്നു. വില വര്‍ധനവ് വ്യാപാരത്തിന് മങ്ങലേല്‍പ്പിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു എങ്കിലും ഏകദേശം 2000 കോടി രൂപയുടെ വ്യാപാരം നടന്നു എന്ന് ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
ആഭരണം വാങ്ങാനെത്തിയവര്‍ കൂടുതലും തിരഞ്ഞെടുത്തത് ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ്. കോയിനുകളും ബാറുകളും വാങ്ങാനെത്തിയവരും കുറവല്ല. നിക്ഷേപമായി സ്വര്‍ണത്തെ കാണുന്നവരാണ് കോയിനും ബാറും വാങ്ങി സൂക്ഷിക്കുന്നത്. മുമ്പ് കട്ടിയുള്ള ആഭരണങ്ങളോട് താല്‍പ്പര്യം കൂടുതലായിരുന്നു എങ്കില്‍ ഇപ്പോള്‍ ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ക്കാണ് പ്രിയം.

അക്ഷയതൃതീയ ദിനത്തില്‍ കേരളമെമ്പാടുമുള്ള പന്ത്രണ്ടായിരം ജ്വല്ലറികളില്‍ ഭേദപ്പെട്ട വ്യാപാരം നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൃത്യമായ കണക്കുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷ. മൂന്നുലക്ഷത്തോളം ഉപഭോക്താക്കള്‍ സ്വര്‍ണ വ്യാപാര ശാലകളിലേക്ക് ഒഴുകിയെത്തിയതായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് അബ്ദുല്‍ നാസര്‍ അറിയിച്ചു.
സ്വര്‍ണം സുരക്ഷിത നിക്ഷേപമാണെന്നും ആഭരണമായി അണിയുന്നതിന് മാത്രമല്ല എക്കാലത്തേക്കുമുള്ള സമ്പാദ്യവുമാണെന്നും ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ സ്വര്‍ണം വാങ്ങുകയാണെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സ്വര്‍ണ്ണവിലയില്‍ 250 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം അക്ഷയ തൃതീയക്ക് വാങ്ങിയതിനേക്കാള്‍ 60% ത്തോളം ലാഭമാണ് സ്വര്‍ണത്തില്‍ നിന്നും ഇത്തവണ ലഭിച്ചതെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അക്ഷയതൃതീയ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്‌സില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി അരുണ്‍ മല്ലര്‍ അധ്യക്ഷത വഹിച്ചു.
ഇന്ന് രാവിലെ 8 മണിയോടെ കേരളത്തിലെ എല്ലാ ഷോറൂമുകളും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ഉപഭോക്താക്കള്‍ രാവിലെ തന്നെ കേരളത്തിലെ എല്ലാ ജുവലറി ഷോറൂമുകളിലേക്കും എത്തിയതായും ഏകദേശം 2000 കോടി രൂപയുടെ സ്വര്‍ണ്ണ വ്യാപാരമാണ് നടന്നതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ അറിയിച്ചു.












Click it and Unblock the Notifications