കേരളത്തിൽ ദിവസവും സ്വർണവില തീരുമാനിക്കുന്നത് ആരാണ്? 2 തവണ മാറ്റം എന്തുകൊണ്ട്? കല്യാൺ ജ്വല്ലറി ഉടമ പറയുന്നു
സ്വർണവില കുതിപ്പ് നിർത്തി ഇന്നും താഴേക്ക് പോകുന്ന കാഴ്ചയാണ് കാണുന്നത്. പവന് ഇന്ന് 240 രൂപ കുറഞ്ഞ് 1,15,680 രൂപയിൽ എത്തി നിൽക്കുകയാണ്. ഒരു ദിവസം രണ്ട് തവണ സ്വർണവിലയിൽ മാറ്റം വരുന്നത് ഇക്കാലത്ത് സ്ഥിരമായ കാഴ്ചയായി മാറിയിരിക്കുകയാണ്.
ആഗോള തലത്തിലെ മാറ്റങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത് എന്ന് എല്ലാവർക്കും അറിയാം. അത് അനുസരിച്ച് ഓരോ ദിവസവും കേരളത്തിൽ നിശ്ചിത വില സ്വർണത്തിന് നിശ്ചയിക്കുന്ന ആരാണ്? എന്തുകൊണ്ടാണ് ഒന്നിലധികം തവണ വിലയിൽ മാറ്റം വരുന്നത്?
വർഷങ്ങളായി സ്വർണാഭരണ വ്യാപാര രംഗത്ത് എതിരാളികളില്ലാത്ത പേരാണ് കല്യാൺ ജ്വല്ലറിയുടേത്. സ്വർണവിപണിയിലെ മാറ്റങ്ങളെ കുറിച്ച് റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കല്യാൺ ജ്വല്ലറി എംഡി ടി എസ് കല്യാണരാമൻ പറയുന്നത് ഇങ്ങനെയാണ്:

'' സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നത് അന്താരാഷ്ട്ര തലത്തിലാണ്. ഡോളറിന്റെയും രൂപയുടേയും മൂല്യത്തിന് അനുസരിച്ചാണത്. കേരളത്തില്‍ സ്വര്‍ണവില നിശ്ചയിക്കുന്നത് വിവിധ അസോസിയേഷനുകള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി യോഗം ചേര്‍ന്നിട്ടാണ്. ഒരു വില അതുവഴി തീരുമാനിക്കും. കാരണം പല കടകളില്‍ പല വിലകള്‍ വരാന്‍ പാടില്ലല്ലോ. ജനങ്ങള്‍ക്ക് ആശയക്കുഴപ്പം ഉണ്ടാകും.
പണ്ടൊന്നും സ്വര്‍ണവിലയില്‍ ഇത്ര ചാഞ്ചാട്ടം ഇല്ലായിരുന്നു. ഇന്ന് ഓരോ മിനുട്ട് കൂടുമ്പോഴും മാറ്റം വരുന്നുണ്ട്. രാവിലെ മുതല്‍ രാത്രി വരെ ചാഞ്ചാട്ടം ആണ്. വില കൂടിക്കൊണ്ടിരിക്കുമ്പോള്‍ ഒരു നിശ്ചിത വില തീരുമാനിക്കണമല്ലോ. അത് ഓരോ മണിക്കൂറില്‍ വിലയില്‍ മാറ്റം വരുമ്പോഴും നിശ്ചയിക്കുക സാധ്യമല്ല. രാവിലെ ഒരു തവണ ഒരു വില നിശ്ചയിച്ച് കഴിഞ്ഞാല്‍ പിന്നെ ഉച്ചയ്‌ക്കോ വൈകിട്ടോ ആവും. ഒരു ദിവസം രണ്ടോ മൂന്നോ തവണയില്‍ കൂടുതല്‍ വില നിശ്ചയിക്കില്ല. കൂടിപ്പോയാല്‍ 2 തവണ.
ഇന്നത്തെ കാലത്ത് ജനങ്ങള്‍ ബോധവാന്മാരാണ്. നന്നായി കാര്യങ്ങള്‍ ശ്രദ്ദിക്കുന്നവരാണ്. സ്വര്‍ണ വില കുറഞ്ഞതും കൂടിയതുമെല്ലാം അവര്‍ക്ക് ടിവിയില്‍ കൂടി അറിയാം. സ്വര്‍ണവില കുറഞ്ഞിട്ടും നിങ്ങള്‍ എന്താണ് ഈ വിലയ്ക്ക് വില്‍ക്കുന്നത് എന്ന് അവര്‍ ചോദിക്കും. വില ഉയരുമ്പോള്‍ കൂട്ടിയിടേണ്ടി വരും, കാരണം പര്‍ച്ചേസ് ചെയ്യണമല്ലോ. 100 ഗ്രാം വിറ്റാല്‍ ആ 100 ഗ്രാം വാങ്ങിക്കണം. കടയില്‍ സ്‌റ്റോക്ക് ഉണ്ടാകണമല്ലോ.
സ്വര്‍ണത്തിന്റെ വില കൂടിയപ്പോള്‍, കല്യാണത്തിന് ഒരു പത്ത് ലക്ഷത്തിന്റെ സ്വര്‍ണം എടുക്കാന്‍ വരുന്നവര്‍ 22 കാരറ്റ് വാങ്ങുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ സ്വര്‍ണം 18 കാരറ്റ് വാങ്ങുമ്പോള്‍ കിട്ടുമെന്ന് പറഞ്ഞ് അതിലേക്ക് തിരിയുന്നുണ്ട്. ഞങ്ങളുടെ കടയിലും അതുണ്ട്. പക്ഷേ കൂടുതല്‍ ആളുകളും ഇപ്പോഴും ഇഷ്ടപ്പെടുന്നത് 22 കാരറ്റ് സ്വര്‍ണം തന്നെയാണ്. അതിന്റെ മൂല്യം ആണ് കൂടുതല്‍ പേരും ഇഷ്ടപ്പെടുന്നത്. അതേസമയം 18, 14 കാരറ്റ് സ്വര്‍ണവും വാങ്ങുന്നവരുണ്ട്''.












Click it and Unblock the Notifications