സ്വര്‍ണം ആഭരണം അല്ല; ഗോള്‍ഡ് ഇടിഎഫ് എന്താണ് എന്നറിയാമോ? ഗോള്‍ഡ് ബോണ്ട് വേറെ
കൊച്ചി: സ്വര്‍ണം ആഭരണമായി വാങ്ങുന്നവരാണ് മിക്കവരും. ആഭരണം വാങ്ങുമ്പോള്‍ വലിയ നഷ്ടം സംഭവിക്കുന്നു എന്ന് പലരും ചിന്തിക്കില്ല. സ്വര്‍ണത്തിന്റെ വില മാത്രമല്ല, പണിക്കൂലി, ജിഎസ്ടി, ഹാള്‍മാര്‍ക്കിങ് ചാര്‍ജ് എന്നിവയെല്ലാം ഉപഭോക്താവ് നല്‍കണം. എന്നാല്‍ കുറച്ച് കാലം കഴിഞ്ഞ് തിരിച്ചു വില്‍ക്കുമ്പോള്‍ ഇതൊന്നും കിട്ടുകയുമില്ല. സ്വര്‍ണവിലയും കിട്ടില്ല. വിപണി വിലയില്‍ നിന്ന് കുറച്ചാണ് ജ്വല്ലറികള്‍ പഴയ ആഭരണത്തിന്റെ മൂല്യം കണക്കാക്കുക.
ഉദാഹരണത്തിന് ഇന്ന് 75000 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് എന്ന് കരുതുക. പഴയ സ്വര്‍ണം വില്‍ക്കാന്‍ ജ്വല്ലറിയില്‍ എത്തുന്നവര്‍ക്ക് ഈ വില കിട്ടില്ല. ആഭരണത്തിന്റെ മാറ്റ് നോക്കി, ചൂടാക്കി തൂക്കി നോക്കിയാണ് മൂല്യം കണക്കാക്കുക. ഏറിയാല്‍ ഏകദേശം 73500 വരെ കിട്ടുമെന്ന് പ്രതീക്ഷിക്കാം. നേരിയ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്. എന്നാല്‍ സ്വര്‍ണം വാങ്ങാന്‍ നഷ്ടമില്ലാത്ത രണ്ട് വഴികള്‍ വിവരിക്കാം...

ആഭരണം വാങ്ങുമ്പോള്‍ സാമ്പത്തിക നഷ്ടമുണ്ട് എന്ന് അറിയുന്നവരും വാങ്ങാറുണ്ട്. അത് ആവശ്യത്തിന് അനുസരിച്ചാണ്. വിഹാഹം, ഗിഫ്റ്റ് എന്നിവയ്ക്ക് വേണ്ടിയാണ് ആഭരണം പ്രധാനമായും വാങ്ങുക. ഇത്തരത്തില്‍ വാങ്ങുന്ന ആഭരണങ്ങള്‍ ആവശ്യം വരുമ്പോള്‍ ബാങ്കില്‍ വച്ച് വായ്പ എടുക്കുകയും ചെയ്യാം. പക്ഷേ, ഇവ സ്വന്തം റിസ്‌കില്‍ സൂക്ഷിച്ചുവയ്ക്കണം. ഭൗതികമായി അല്ലാതെ സ്വര്‍ണം വാങ്ങാനുള്ള രണ്ട് വഴികള്‍ ഇതാണ്...
ഗോള്‍ഡ് ഇടിഎഫ് എന്നാല്‍ എന്താണ്
ഓഹരി വിപണിയിലെ ഇടപാട് പോലെ സ്വര്‍ണം വാങ്ങാന്‍ സാധിക്കുന്ന മാര്‍ഗമാണ് ഗോള്‍ഡ് ഇടിഎഫ്. ഇതൊരു മ്യൂച്ചല്‍ ഫണ്ടാണ്. ഇവര്‍ യഥാര്‍ഥ ഗോള്‍ഡ് ബുള്ളിയനില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. ഗ്രാം അടിസ്ഥാനത്തില്‍ യൂണിറ്റ് കണക്കാക്കിയാണ് ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കാന്‍ സാധിക്കുക. ഇതിന് ഡീമാറ്റ് അക്കൗണ്ടും ട്രേഡിങ് അക്കൗണ്ടും നിര്‍ബന്ധമാണ്. ഈ നിക്ഷേപത്തിന് പലിശ കിട്ടില്ല. മൂലധന നേട്ടത്തിന് നികുതി കൊടുക്കുകയും വേണം.
ഏത് സമയവും സ്വര്‍ണം വാങ്ങാനും വില്‍ക്കാനും സാധിക്കും എന്നതാണ് എടിഎഫിന്റെ നേട്ടം. വിപണിയിലെ വില അടിസ്ഥാനമാക്കിയാണ് ഇടിഎഫ് വില നിശ്ചയിക്കുക. ഭൗതികമായി സ്വര്‍ണം വാങ്ങുന്നില്ല എന്നതിനാല്‍ സുരക്ഷാ പ്രശ്‌നങ്ങളില്ല. സൂക്ഷിക്കാന്‍ വേണ്ടി പ്രത്യേക ലോക്കറുകള്‍ കണ്ടെത്തേണ്ടതില്ല. ഓഹരികള്‍ വാങ്ങുന്ന പോലെ വാങ്ങാനും വില്‍ക്കാനും സാധിക്കും. ആഭരണം വാങ്ങുമ്പോള്‍ പണിക്കൂലി വേണം എങ്കില്‍ ഇടിഎഫ് സ്വര്‍ണത്തിന് അതിന്റെ ആവശ്യമില്ല.
എന്താണ് സോവറിങ് ഗോള്‍ഡ് ബോണ്ട്
സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മറ്റൊരു മാര്‍ഗമാണിത്. കേന്ദ്ര സര്‍ക്കാര്‍ ആര്‍ബിഐ വഴി ഇറക്കുന്ന കടപ്പത്രങ്ങളാണ് സോവറിങ് ഗോള്‍ഡ് ബോണ്ടുകള്‍. വിപണിയിലെ സ്വര്‍ണ മൂല്യം കണക്കാക്കിയാണ് വില നിശ്ചയിക്കുക. സര്‍ക്കാര്‍ പുറത്തിറക്കുന്ന സമയത്താണ് വാങ്ങാന്‍ സാധിക്കുക. എട്ട് വര്‍ഷമാണ് കാലാവധി. അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ വില്‍ക്കാന്‍ അവസരം ലഭിക്കും. അപ്പോഴുള്ള മാര്‍ക്കറ്റ് വില കിട്ടുകയും ചെയ്യും.
ഓരോ വര്‍ഷവും 2.5 ശതമാനം പലിശ കിട്ടും. മാത്രമല്ല, വില്‍ക്കുന്ന സമയത്ത് ലഭിക്കുന്ന മൂലധന നേട്ടത്തിന് നികുതി കൊടുക്കേണ്ടതുമില്ല. സ്വര്‍ണവില ഉയരുന്നതിന് അനുസരിച്ച് പലിശ നേട്ടവും ഉയരും. പണിക്കൂലി, ലോക്കര്‍ ചെലവ് എന്നിവയില്ല എന്നതും നേട്ടമാണ്. 24 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുക. ഗ്രാം അടിസ്ഥാനത്തിലാണ് വാങ്ങാന്‍ സാധിക്കുക.












Click it and Unblock the Notifications