സ്വർണത്തിന് പണിക്കൂലിയില്ലെന്നാണോ ഓഫർ? ആഭരണങ്ങൾ വാങ്ങല്ലേ..വ്യാപാരികൾ ഇരട്ടിപണം ഈടാക്കും ഇങ്ങനെ
സാധാരണക്കാരനെ സംബന്ധിച്ച് സ്വർണ വില ഇപ്പോൾ പിടിച്ചാൽ കിട്ടാത്തത്ര ഉയരത്തിലാണ്. നിലവിൽ കേരളത്തിൽ ഒരു പവന് വില 86560 രൂപയാണ്. 3 ശതമാനം ജി എസ് ടിയും അഞ്ച് ശതമാനം പലിശയും ചേർത്താൽ ഏകദേശം 95ത്തിന് അടുത്ത് നൽകിയാൽ മാത്രമേ ഒരു പവൻ സ്വർണം ലഭിക്കുകയുള്ളൂ. ഈ പണിക്കൂലിയെന്നത് അടിസ്ഥാന കൂലി മാത്രമാണ്. വിവാഹം പോലുള്ള ആവശ്യങ്ങൾക്കുള്ള സങ്കീർണവും വൈവിധ്യവുമായ ഡിസൈനുകൾക്കുള്ള പണിക്കൂലി 35 ശതമാനം വരെ വരും.
സ്വർണത്തിന് വേണ്ടി പൈസ മുടക്കാൻ ആളുകൾക്ക് വലിയ മടി ഇല്ല. എന്നാൽ ഈ പണിക്കൂലി കഴുത്തറപ്പനാണെന്നാണ് പലരുടേയും പരാതി. അതുകൊണ്ട് തന്നെ പണിക്കൂലി ഇല്ലാതെയുള്ള ഓഫറുകൾ കണ്ടാൽ ആളുകൾ ഇടിച്ച് കയറും. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ പണിക്കൂലി ഇല്ലാതെയുള്ള വാങ്ങലിലൂടെ നിങ്ങൾ പ്രതീക്ഷിക്കുന്നതിനേക്കാൾ പണം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായ സാർത്ഥക് അനുജ നൽകുന്നത്.

സ്വർണ വ്യാപാരികൾ പ്രചരിപ്പിക്കുന്ന "0% മേക്കിംഗ് ചാർജ്" എന്ന വാഗ്ദാനത്തിൽ ഉപഭോക്താക്കൾ വഞ്ചിതരാകരുതെന്നാണ് സാർത്ഥക് പറയുന്നത് . വെറുമൊരു വിപണന തന്ത്രം മാത്രമാണത്. ആളുകളെ ആകർഷിക്കാനുള്ള വെറും സൂത്രം. അവർ എത്രമാത്രം അധികം പണം നൽകുന്നുണ്ടെന്ന് പലരും തിരിച്ചറിയുന്നില്ല, അദ്ദേഹം ലിങ്ക്ഡിനിൽ കുറിച്ചു. പരമ്പരാഗത മേക്കിംഗ് ചാർജുകളേക്കാൾ കൂടുതൽ ലാഭം വ്യാപാരികൾ നേടുന്ന അഞ്ച് ഒളിഞ്ഞിരിക്കുന്ന വഴികളും അനുജ വിശദീകരിച്ചു.
ഒന്ന് സ്വർണവില ഉയർത്തി പറയും: ഉപഭോക്താക്കൾ ഗൂഗിളിൽ സ്വർണ വില പരിശോധിക്കുമ്പോൾ കാണുന്ന വിലയേക്കാൾ കൂടുതൽ സ്വർണ കടക്കാർ ഈടാക്കുമത്രേ. ഒരു ഗ്രാമിന് ഏകദേശം 200 രൂപയെങ്കിലും കൂട്ടി പറഞ്ഞേക്കുമെന്നാണ് അവർ പറയുന്നത്. 50 ഗ്രാം സ്വർണം വാങ്ങുമ്പോൾ, ഇത് 10,000 രൂപയുടെ അധികഭാരമായി മാറുന്നു. ഇത് ഫലത്തിൽ 2% മറഞ്ഞിരിക്കുന്ന അധികചെലവാണ്.
രണ്ട്, വേസ്റ്റേജ് ചാർജ് പ്രത്യേകം ഈടാക്കുന്നു: യഥാർത്ഥ സ്വർണത്തിന്റെ വേസ്റ്റേജ് 2-3% മാത്രമായിരിക്കുമ്പോൾ, സങ്കീർണ്ണമായ ഡിസൈനുകൾ കാരണം 5% വരെ വേസ്റ്റേജ് ചാർജ് വ്യാപാരികൾ ഈടാക്കാറുണ്ട്. ആഭരണം നിർമ്മിച്ച സമയത്തെ വിലയല്ല, മറിച്ച് ഇന്നത്തെ ഉയർന്ന സ്വർണവില അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
മൂന്ന്, കല്ലുകൾക്ക് അമിത വില ഈടാക്കുന്നു: പണിക്കൂലി ഇല്ലെന്ന് വാഗ്ദാനം ചെയ്യുന്ന ആഭരണങ്ങളിൽ പലപ്പോഴും ഉൾപ്പെടുത്തിയിട്ടുള്ള കല്ലുകൾക്കും മറ്റ് അലങ്കാരങ്ങൾക്കും യഥാർത്ഥ മൂല്യത്തേക്കാൾ വളരെ ഉയർന്ന വിലയാണ് വ്യാപാരികൾ ഈടാക്കുക. അതുകൊണ്ട് തന്നെ മേക്കിംഗ് ചാർജിൽ അവർ പറയുന്ന ഇളവ് ഇത്തരത്തിൽ മുതലെടുക്കാൻ വ്യാപാരികൾ ശ്രമിക്കും.
നാല്, പഴയ സ്വർണം കൊടുത്ത് വാങ്ങുമ്പോൾ കുറഞ്ഞ വില: പഴയ ആഭരണങ്ങൾക്ക് ചില വ്യാപാരികൾ 90% സ്വർണവില വാഗ്ദാനം ചെയ്യാറുണ്ട്. എന്നാൽ, പണിക്കൂലി ഇല്ലാതെയുള്ള ആഭരണങ്ങൾക്ക് ഈ വാഗ്ദാനം 70-80% ആയി കുറയും. ഉപഭോക്താക്കളെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്.
അഞ്ച്, മൊത്തവിലയിലെ ലാഭം ഉപഭോക്താക്കൾക്ക് ലഭിക്കുന്നില്ല: മൊത്തവിലയ്ക്ക് സ്വർണ്ണം വാങ്ങുന്ന വ്യാപാരികൾക്ക് ലഭിക്കുന്ന വിലക്കുറവിന്റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കാറില്ല. സ്വർണ വില വർധിക്കുമ്പോഴുണ്ടാകുന്ന മൂല്യവർധനവ് മറ്റൊരു കാര്യമെന്നും അനുജ ചൂണ്ടിക്കാട്ടി.
ആഭരണങ്ങൾ വാങ്ങുമ്പോൾ തീർച്ചയായും പരിശുദ്ധി ഉറപ്പാക്കണമെന്ന് അവർ ആവർത്തിച്ചു. ഏത് ആഭരണം വാങ്ങുമ്പോഴും ബിഐഎസ് കെയർ ആപ്പ് വഴി അതിന്റെ എച്ച്‌യുഐഡി (ഹാൾമാർക്കിംഗ് യുണീക്ക് ഐഡന്റിഫിക്കേഷൻ) പരിശോധിക്കണം. ഈ കോഡ് ഇന്ത്യയുടെ ഹാൾമാർക്കിംഗ് സിസ്റ്റം അനുസരിച്ച് ആഭരണത്തിന്റെ പരിശുദ്ധിയും ആധികാരികതയും ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications