താറാവിൻ്റെ വയറ്റിൽ നിന്നും കണ്ടെത്തിയത് 1.65 ലക്ഷം രൂപയുടെ സ്വർണം..പക്ഷെ സർക്കാർ കൊണ്ടുപോകും?
പൊൻമുട്ടയിടുന്ന താറാവിൻ്റെ കഥ കേട്ടിട്ടില്ലേ? എന്നാൽ അങ്ങനെയൊരു താറാവിനെ കുറിച്ചാണ് ചൈനയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ട്. ഇതുപക്ഷെ മുട്ടയല്ല, താറാവിനെ അറക്കുന്നതിനിടെയാണ് സ്വർണം കണ്ടെത്തിയത്. സംഭവം വിശദമായി നോക്കാം.
ഹുനാൻ പ്രവിശ്യയിലെ ലോഗ്ഹുയി കൗണ്ടിയിൽ ഫെബ്രുവരി മാസത്തിലാണ് ഈ സംഭവം നടന്നത്. ലിയു എന്ന് പേരുള്ള ഗ്രാമവാസിയാണ് താറാവിനെ അറുക്കുന്നതിനിടെ വയറ്റിൽ നിന്ന് ചെറിയ സ്വർണ്ണക്കണങ്ങൾ കണ്ടെത്തിയത്. ഈ കണങ്ങൾ പിന്നീട് കത്തിച്ച് പരിശോധിച്ചപ്പോൾ യഥാർത്ഥ സ്വർണ്ണമാണെന്ന് സ്ഥിരീകരിച്ചു. ഏകദേശം 10 ഗ്രാം ഭാരമുള്ള ഈ സ്വർണ്ണത്തിന് 12,000 യുവാൻ (ഏകദേശം 1,65,821 രൂപ) വിലമതിക്കുമെന്നാണ് ചൈനീസ് മാധ്യമറിപ്പോർട്ടുകൾ പറയുന്നത്..

എങ്ങനെയാണ് താറാവിൻ്റെ വയറ്റിൽ സ്വർണമെത്തിയത് എന്നായി ഇതോടെ ചർച്ച. ഗ്രാമത്തിലെ താറാവുകളെ പൊതുവെ തുറന്നുവിട്ടാണ് വളർത്തുന്നതെന്ന് ലിയു പറയുന്നു. സ്വർണ നിക്ഷേപങ്ങൾക്ക് ഒരു കാലത്ത് പേരുകേട്ട ഒരു നദിക്കരയിലാണ് അവ സാധാരണയായി ജീവിക്കുന്നത്. നദിക്കരയിലെ ചെളിയിൽ വല്ലതും കഴിച്ചപ്പോഴാകാം വയറ്റിൽ സ്വർണക്കണങ്ങൾ എത്തിയതെന്നാണ് ലിയുവിൻ്റേയും പ്രദേശവാസികളുടേയും നിഗമനം.
മനുഷ്യനായാലും മൃഗങ്ങളായാലും സ്വർണം കഴിച്ചാൽ അത് ദഹിക്കില്ലല്ലോ.സാധാരണയായി സ്വർണ്ണം ദഹനനാളത്തിലൂടെ ഒരു ദോഷവുമില്ലാതെ കടന്നുപോകും. എന്നിരുന്നാലും, സ്വർണക്കഷണങ്ങൾക്ക് വലുപ്പക്കൂടുതലോ മാലിന്യങ്ങളോ ഉണ്ടെങ്കിൽ അത് കുടൽ തടസ്സം അല്ലെങ്കിൽ വിഷബാധ പോലുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
അതേസമയം ആദ്യമായിട്ടല്ല ഇത്തരത്തിൽ സ്വർണം ലഭിക്കുന്നതെന്ന് ലിയു പറയുന്നു. മറ്റ് ഗ്രാമീണരും മുൻപ് താറാവുകൾക്കുള്ളിൽ നിന്ന് ചെറിയ അളവിൽ സ്വർണ്ണം കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ തനിക്ക് ലഭിച്ചത് പോലെ വലിയ അളവിൽ ആർക്കും ലഭിച്ചിട്ടില്ലെന്ന് ലിയു കൂട്ടിച്ചേർത്തു.
ഈ കണങ്ങൾ യഥാർത്ഥത്തിൽ സ്വർണമാണോ എന്ന് സ്ഥിരീകരിക്കുന്നതിന് ഒരു പ്രൊഫഷണൽ അന്വേഷണം ആവശ്യമാണെന്ന് ലോങ്‌ഹുയി കൗണ്ടിയിലെ പ്രകൃതി വിഭവ ബ്യൂറോ ഉദ്യോഗസ്ഥർ ജിയുപ്പായ് ന്യൂസിനോട് പറഞ്ഞു.ഇത്തരം കണ്ടെത്തലുകൾ ഈ പ്രദേശത്ത് സാധ്യമാണെന്നും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഇതേ നദിയിൽ നിന്ന് മണൽ കഴുകുമ്പോൾ ഗ്രാമീണർക്ക് 10 ഗ്രാമിലേറെ സ്വർണം ലഭിച്ചിരുന്നതായും അവർ വിശദമാക്കി. ഇത് ഈ പ്രദേശത്തിന്റെ സ്വർണ്ണ നിക്ഷേപ സാധ്യതകളെ അടിവരയിടുന്നു.
കൗണ്ടിയിലൂടെ വടക്ക് നിന്ന് തെക്കോട്ടൊഴുകുന്ന ചെൻഷുയി നദി ഈ പ്രദേശത്തെ സ്വർണ്ണ നിക്ഷേപങ്ങൾക്ക് ഒരു കാലത്ത് ഏറെ പ്രസിദ്ധമായിരുന്നു. 1970-കൾ മുതൽ 1990-കൾ വരെ ഈ നദി പ്രദേശത്ത് സ്വർണം കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. അക്കാലത്ത് നിരവധി ആളുകൾ സ്വർണം തേടി ഇവിടെയെത്തുകയും ചെയ്തിരുന്നു.ഇതിനിടെ സ്വകാര്യ സ്വർണ്ണ ഖനന പ്രവർത്തനങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇത് പ്രദേശത്തെ ഖനന രീതികളെ കാര്യമായി സ്വാധീനിച്ചു.
ചൈനീസ് നിയമപ്രകാരം, ധാതുക്കളും സാംസ്കാരിക പൈതൃകവും ഉൾപ്പെടെ എല്ലാ ഭൂഗർഭ വിഭവങ്ങളും സംസ്ഥാന സ്വത്താണ്. താറാവിന്റെ വയറ്റിൽ നിന്ന് കണ്ടെത്തിയ സ്വർണ്ണത്തിന്റെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ഉദ്യോഗസ്ഥർ ദി പേപ്പറിനോട് വ്യക്തമാക്കി.












Click it and Unblock the Notifications