കേരളത്തിൽ അടയ്ക്ക കർഷകർക് സന്തോഷവാർത്ത; വില കുതിച്ചുയരുന്നു
കേരളത്തിൽ അടയ്ക്ക കർഷകർക് സന്തോഷവാർത്ത. വില കുതിച്ചുയരുകയാണ്. പുതിയ അടക്കയുടെ വിലയിലാണ് വലിയ മുന്നേറ്റം. ജനുവരി ആദ്യം കിലോയക്ക് 380-400 രൂപയായിരുന്നു വില. എന്നാൽ മാസം പതുതിയെത്തും മുമ്പ് പുത്തൻ അടയ്ക്കയുടെ വില നാനൂറ് കടന്നിരിക്കുകയാണ്. ഗുണനിലവാരമുള്ള മേൽത്തരം പുത്തൻ അടയ്ക്കയുടെ വില 450 രൂപ വരെ ഉയർന്നിട്ടുണ്ട്.
പുതിയ അടയ്ക്കയ്ക്കൊപ്പം തന്നെ പഴയ അടയ്ക്കയുടെ വിലയിലും ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ അടയ്ക്ക് കിലോയ്ക്ക് 545 രൂപ വരെ ലഭിക്കുന്നുണ്ട്. അതേസമയം, വിപണിയിൽ വില കൂടുമ്പോഴും അടയ്ക്കയുടെ വരവ് ഗണ്യമായി കുറഞ്ഞതായി അധികൃതർ പറയുന്നു. കൂടാതെ, വിളനഷ്ടവും കവുങ്ങിൻതോപ്പുകളിലെ രോഗബാധയും അടയ്ക്ക കർഷകർക്ക് തിരിച്ചടിയാവുന്നുണ്ട്.

ഇറക്കുമതി കുറഞ്ഞതും പ്രാദേശിക ഡിമാൻഡ് വർദ്ധിച്ചതുമെല്ലാം അടയ്ക്ക വിലയ്ക്ക് നേട്ടമുണ്ടാക്കി. വിദേശത്തുനിന്നുള്ള ഇറക്കുമതി നിയന്ത്രണങ്ങളും മഹാളി രോഗം കാരണം വിളവ് കുറഞ്ഞതും വില വർദ്ധിക്കാൻ കാരണമായി. പാന്മസാല നിർമ്മാണ യൂണിറ്റുകളിൽ നിന്നും ഉത്തരേന്ത്യൻ വിപണികളിൽ നിന്നും അടയ്ക്കയ്ക്ക് വൻ ഡിമാൻഡ് ആണ് ഇപ്പോൾ അനുഭവപ്പെടുന്നത്.
പുതിയ അടയ്ക്കയും പഴയതും തമ്മിലുള്ള വിപണിവിലയിലെ അന്തരം കുറഞ്ഞ് വരുന്നതായും കർഷകർ ചൂണ്ടിക്കാട്ടുന്നു. വിളവെടുത്ത് തന്‍വര്‍ഷം തന്നെ ഉണക്കി കൊട്ടടയ്ക്കയായി വില്‍ക്കുന്ന ഇനമാണ് പുതിയ അടയ്ക്ക. കൊട്ടടയ്ക്ക കേടുകൂടാതെ ഒരുവര്‍ഷത്തിലേറെ സൂക്ഷിച്ചശേഷം വില്‍പ്പന നടത്തുന്നതാണ് പഴയ അടക്കയായി കണക്കാക്കുന്നത്.
ഈർപ്പമേൽക്കാതെ, സുരക്ഷിതമായി ഒരു വർഷത്തിലേറെ സൂക്ഷിക്കുന്നത് ചെലവേറുന്ന പ്രവൃത്തിയാണെങ്കിലും ഇവയ്ക്ക് ഉയർന്ന വിലയാണ് കിട്ടുന്നത്. അതിനാൽ മിക്ക കർഷകരും ഈ രീതിയാണ് പിന്തുടരുന്നത്. എന്നാൽ വില അന്തരം മാറുന്നത് കർഷകർക്ക് നല്ലതാണ്. കൊട്ടടയ്ക്ക, കരിങ്കോട്ട, ഉള്ളി, ഫട്ടോറ് എന്നിങ്ങനെ പല ഇനങ്ങൾക്ക് വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്.












Click it and Unblock the Notifications