കേരളത്തിലെ പോലീസ് സംവിധാനത്തിന്റെ തോളിൽ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്: കെകെ രമ
കോഴിക്കോട്: കേരളത്തിലെ പോലിസ് സംവിധാനത്തിൻ്റെ തോളിൽ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പെന്ന് ആർ എം പി നേതാവും വടകര എംഎല്‍എയുമായ കെകെ രമ. ക്രിമിനലുകൾക്ക് താവളമൊരുക്കുന്ന ആഭ്യന്തര വകുപ്പും പോലിസുമുള്ളൊരു നാട്ടിൽ ആവർത്തിക്കപ്പെടുന്ന ഇത്തരം കൊലപാതകങ്ങൾ ഒരു വാർത്തയല്ലാതായി മാറിയിരിക്കുകയാണെന്നും അവർ വിമർശിക്കുന്നു. ഇന്ന് പുലർച്ചയോടെ കോട്ടയത്ത് 19 കാരനെ ഗുണ്ട വീട്ടില്‍ നിന്നും വിളിച്ചിറക്ക് കൊണ്ട് പോയതിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു അവർ. അടിമുടി ക്രിമിനൽവൽക്കരിക്കപ്പെട്ട ഒരു സംവിധാനത്തിനു കീഴിൽ ജനങ്ങൾക്ക് സുരക്ഷയും, നീതിയും എന്നും അകലെതന്നെയാണെന്നം കെകെ രമ എം എല്‍ എ പ്രസ്താവനയില്‍ കൂട്ടിച്ചേർക്കുന്നു. എം എല്‍ എയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ ...
ഇന്നും നേരം പുലർന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന മറ്റൊരു കൊലപാതക വാർത്തയുമായാണ്. കോട്ടയത്ത് ഒരു 19 കാരനെ ഗുണ്ടാസംഘം ക്രൂരമായി വധിച്ച്, മൃതദേഹം തോളിലേറ്റി പോലിസ് സ്റ്റേഷനുമുന്നിൽ കൊണ്ടുപോയി ഇട്ടത്തിനു ശേഷം, താനൊരാളെ കൊന്നിരിക്കുന്നു എന്ന് പോലീസിനെ നേരിട്ട് അറിയിച്ചിരിക്കുന്നു. എവിടെ നിന്നാണ് ഗുണ്ടകൾക്ക് ഇത്രയും ധൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നത്. ഇന്നലെ മകനെ കോട്ടയത്തെ ഒരു ഗുണ്ട തട്ടിക്കൊണ്ടുപോയെന്ന് കൊല്ലപ്പെട്ട ഷാൻ ബാബുവിൻ്റെ മാതാവ് പോലീസിൽ വ്യക്തമായ പരാതി നൽകിയിട്ടും അന്വേഷിക്കാമെന്ന സ്ഥിരം പല്ലവിയോടെ പോലീസ് ആ അമ്മയെ മടക്കുകയായിരുന്നു.

കേരളത്തിലെ പോലിസ് സംവിധാനത്തിൻ്റെ തോളിൽ കയ്യിട്ടാണ് ഗുണ്ടകളുടെ നടപ്പ്. ക്രിമിനലുകൾക്ക് താവളമൊരുക്കുന്ന ആഭ്യന്തര വകുപ്പും പോലിസുമുള്ളൊരു നാട്ടിൽ ആവർത്തിക്കപ്പെടുന്ന ഇത്തരം കൊലപാതകങ്ങൾ ഒരു വാർത്തയല്ലാതായിമാറിയിരിക്കുകയാണ്.
ഗുണ്ടകളെ പിടിക്കാനെന്ന പേരിൽ ആരംഭിച്ച 'ഓപ്പറേഷൻ കാവൽ ' പദ്ധതി വഴി ഗുണ്ടകൾക്ക് പകരം മാധ്യമപ്രവർത്തകരെയും, പൊതു പ്രവർത്തകരെയും നിരീക്ഷണ വലയത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു കേരള പോലീസ്.
കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കൊടും ക്രിമിനൽ കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുൻപാണ് കോട്ടയം ജില്ലയിലേക്ക് പ്രവേശിച്ചത് എന്ന് പോലീസ് തന്നെ പറയുന്നു. ഇങ്ങനെയുള്ള ഒരാളെ ഒരാഴ്ച പോലും പോലീസ് നിരീക്ഷണ വലയത്തിൽ വെക്കാതെ സ്വതന്ത്രനാക്കി വിട്ടതിന്റെ പരിണിത ഫലമാണ് ഈ കൊലപാതകം. ഇവിടെ മറ്റാരെക്കാളും ക്രിമിനലുകൾക്കാണ് സ്വാധീനശക്തി. അടിമുടി ക്രിമിനൽവൽക്കരിക്കപ്പെട്ട ഒരു സംവിധാനത്തിനു കീഴിൽ ജനങ്ങൾക്ക് സുരക്ഷയും, നീതിയും എന്നും അകലെ തന്നെയാണ്.












Click it and Unblock the Notifications