സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം, ശമ്പളത്തിന് അര്‍ഹതയില്ലെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരെ ഹൈക്കോടതി. ജീവനക്കാരുടെ പണിമുട്ട് നിയമവിരുദ്ധമാണെന്ന് ഒരിക്കല്‍ കൂടി ഹൈക്കോടതി ആവര്‍ത്തിച്ചു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ നടപടിയെടുക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
അതേസമയം പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.

പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സംയുക്ത ട്രേഡ് യൂണിയന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.
സര്‍വീസ് ചട്ടത്തിലെ റൂള്‍ 86 പ്രകാരം പണിമുടക്ക് നിയവിരുദ്ധമാണ്. പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം അനുവദിച്ചതും കോടതി ചൂണ്ടിക്കാണിച്ചു. ഇത് നല്‍കരുതെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
പണിമുടക്കിന്റെ കാര്യത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. തിരുവനന്തപുരം സ്വദേശിയായ ചന്ദ്രചൂഡനായിരുന്നു 48 മണിക്കൂര്‍ പണിമുടക്കിനെതിരെ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications