അന്വേഷണം പ്രമോഷന് തടസ്സമല്ല; എംആർ അജിത് കുമാറും സുരേഷ് രാജും ഡിജിപിമാരാകും: ശുപാർശ അംഗീകരിച്ചു
തിരുവനന്തപുരം: നിരവധി ആരോപണങ്ങളില്‍ അന്വേഷണം നേരിടുന്ന എംആർ അജിത് കുമാറിന് എ ഡി ജി പി പദവിയില്‍ നിന്നും ഡി ജി പിയായി സ്ഥാനക്കയറ്റം. സ്ഥാനക്കയറ്റത്തിനുള്ള പരിശോധനാ സമിതിയുടെ ശുപാർശ ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള കമ്മിറ്റിയാണ് അജിത് കുമാർ അടക്കമുളളവരുടെ സ്ഥാനക്കയറ്റം ശുപാർശ ചെയ്തത്. അന്വേഷണം നേരിടുന്നത് സ്ഥാനകയറ്റത്തിന് തടസ്സമല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സർക്കാറിലേക്ക് ശുപാർശ പോയത്.
എം ആർ അജിത് കുമാറിന് പുറമെ സുരേഷ് രാജ് പുരോഹിതിനേയും ഡി ജി പിയാക്കാനുള്ള ശുപാർശ മന്ത്രിസഭ യോഗം അംഗീകരിച്ച്. ഇതിന് പുറമെ തരുൺ കുമാറിനെ എ ഡി ജി പിയായും ദേബേഷ് കുമാർ ബഹ്റ, ഉമ, രാജ്പാൽമീണ, ജയനാഥ് ജെ എന്നിവരെ ഐ ജി പദവിയിലേക്കും പ്രമോഷന്‍ നല്‍കിയിട്ടുണ്ട്. യതീഷ് ചന്ദ്ര, ഹരി ശങ്കർ, കാർത്തിക് കെ, പ്രതീഷ് കുമാർ, ടി നാരായൺ എന്നിവർ പുതുതായി ഡി ഐ ജി പദവിയിലേക്കുമെത്തും. നിലവിൽ 1994 ബാച്ചിലെ മനോജ് എബ്രഹാമിന് ശേഷമാണ് ഡി ജി പി റാങ്കിലേക്കുള്ള അര്‍ഹതാ പട്ടികയെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, 2025 ഫെബ്രുവരി 21, 22 തീയതികളിൽ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. കൊച്ചിയിൽ ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി.
സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇൻവെസ്റ്റ്‌മെന്റ് പ്രപ്പോസലുകൾ ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ അവതരിപ്പിക്കുന്നതിനും വൻകിട (50 കോടിയിൽ കൂടുതൽ നിക്ഷേപമുള്ള) സംരംഭങ്ങൾക്കുള്ള അനുമതികൾ സമയബന്ധിതമായി നൽകുന്നതിന് നടപടികൾ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയർമാനായ ഹൈപ്പവർ കമ്മിറ്റിയെ ചുമതലപ്പെടുത്തും. 2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം.
മറ്റ് പ്രധാനപ്പെട്ട മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഇങ്ങനെ..
ചെങ്കൽ ഖനന മേഖല അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങൾ പരിഹരിക്കുന്നതിന് കേരള മൈനർ മിനറൽ കൺസഷൻ ചട്ടത്തിൽ ഭേദഗതി വരുത്തും. ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) റോയൽറ്റി നിരക്ക് നിലവിലെ 48 രൂപയിൽ നിന്നും 32 രൂപയാക്കും. 2023 ലെ കെ.എം.എം.സി. ചട്ടം 13 ഭേദഗതി ചെയ്ത് ചെങ്കൽ ഖനനത്തിന് (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) മാത്രം ഫിനാൻഷ്യൽ ഗ്യാരണ്ടി നിലവിലുള്ള 2 ലക്ഷം രൂപയിൽ നിന്നും 50,000 യായി കുറവു ചെയ്യും.
ചെങ്കല്ലിന്റെ (ലാറ്ററൈറ്റ് (ബിൽഡിംഗ് സ്റ്റോൺ)) റോയൽറ്റി തുക ഒടുക്കുന്നതിന് രണ്ടു തവണകൾ അനുവദിച്ച് ചട്ട ഭേദഗതി വരുത്തും. 31.03.2023 ലെ കെ.എം.എം.സി ചട്ടഭേദഗതി വന്നതിനുശേഷം സംസ്ഥാനത്തെ ചെങ്കൽ മേഖലയിലെ വിഷയങ്ങൾ പരിശോധിക്കാൻ ഖനനമേഖലയിലേയും മൈനിംഗ് ആന്റ് ജിയോളജി ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി രൂപീകരിച്ച കമ്മിറ്റി ശിപാർശകൾ സമർപ്പിച്ചിരുന്നു.
പത്തുകോടി രൂപയുടെ ഭരണാനുമതി
മണാലി നദിക്ക് കുറുകെയുള്ള കൈനൂർ റെഗുലേറ്റർ കം ബ്രിഡ്ജ് എന്ന പ്രവർത്തിക്കു 10 കോടി രൂപക്ക് ഭരണാനുമതി നൽകുന്നതിന് അംഗീകാരം നൽകി.
മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു
വ്യവസായ വകുപ്പിനുകീഴിലുള്ള വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിംഗ് ഡയറക്ടർമാരെ നിയമിച്ചു. യുണൈറ്റഡ് ഇലക്ട്രിക്കൽസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് - പണ്ടംപുനത്തിൽ അനീഷ് ബാബു, കേരള സ്റ്റേറ്റ് ബാംബൂ കോർപ്പറേഷൻ ലിമിറ്റഡ് - നജീബ് എം.കെ, കേരള സ്‌മോൾ ഇൻഡസ്ട്രീസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - ആർ ജയശങ്കർ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് - ബി. ശ്രീകുമാർ, കേരള ആർട്ടിസാൻസ് ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് - മാത്യു സി. വി.
ശമ്പള പരിഷ്‌കരണം
കിൻഫ്രയിലെ സർക്കാർ അംഗീകൃത തസ്തികകളിലെ സ്ഥിരം ജീവനക്കാരുടെ 10-ാം ശമ്പള പരിഷ്‌കരണ ശിപാർശ പബ്ലിക്ക് എന്റർപ്രൈസസ് ബോർഡ് അംഗീകരിച്ചതു പ്രകാരം ശമ്പള പരിഷ്‌കരണ കുടിശിക പിന്നീട് നൽകാമെന്ന വ്യവസ്ഥ ഒഴിവാക്കി 20.06.2017 മുതൽ നടപ്പാക്കാൻ തീരുമാനിച്ചു.












Click it and Unblock the Notifications