Get Updates
Get notified of breaking news, exclusive insights, and must-see stories!

'കിഫ്ബിയെ താറടിച്ച് വിശ്വാസ്യത തകർക്കാൻ സർക്കാരിന് അവകാശമില്ല'; തോമസ് ഐസക്

കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരിച്ച് തോമസ് ഐസക്. കിഫ്ബി പോലുള്ള ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്നിരിക്കെ സ്വന്തം സർക്കാർ ഇത്രയും അധിക്ഷേപിക്കുന്ന സ്ഥാപനത്തിന് ആരെങ്കിലും വായ്പ നൽകാൻ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇങ്ങനെ തകർക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ

isaac2-1

'കിഫ്ബിയാണ് ബജറ്റ് ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്ഥാപനം. ഈ ചർച്ചകൾകേട്ട qamarudheen kskrkd അയച്ചുതന്ന ചോദ്യങ്ങൾക്ക് മറുപടി പറയാം.

1. എന്തുകൊണ്ടാണ് ബജറ്റിനു പുറത്ത് നിന്ന് കടമെടുക്കേണ്ടി വരുന്നത്?
ബജറ്റിനുള്ളിൽ എടുക്കാവുന്ന വായ്പയ്ക്ക് പരിധിയുണ്ട്. കേന്ദ്ര സർക്കാർ നമ്മുടെ സംസ്ഥാന ജിഡിപിയുടെ 3 ശതമാനമേ വായ്പയെടുക്കാൻ അനുവദിക്കൂ. കഴിഞ്ഞ 50 വർഷമായി ഇത് നല്ലപങ്ക് സർക്കാരിന്റെ റവന്യു ചെലവുകൾക്കാണ് ഉപയോഗിക്കേണ്ടി വരുന്നത്. ഇതുമൂലം നമുക്ക് പശ്ചാത്തലസൗകര്യങ്ങളിൽ വലിയ പിന്നാക്കാവസ്ഥയാണ്. ഇത് അടിയന്തരമായി മറികടന്നില്ലെങ്കിൽ സ്വകാര്യനിക്ഷേപങ്ങളെ കേരളത്തിലേക്ക് ആകർഷിക്കുന്നതിനും വ്യവസായകുതിപ്പ് നേടുന്നതിനും കഴിയില്ല. ഇതിന് ഒറ്റവഴിയേയുള്ളൂ ബജറ്റിനു പുറത്തു നിന്നും വായ്പയെടുത്ത് നിർമ്മാണം നടത്തുക.

2. ബജറ്റിനുള്ളിൽ നിന്ന് കടമെടുത്താൽ പോരേ?
ഇതാണ് ഇപ്പോൾ ബജറ്റിൽ പറയുന്നത്. കിഫ്ബിയേക്കാൾ താഴ്ന്ന പലിശയ്ക്ക് സംസ്ഥാന സർക്കാരിനു വായ്പ കിട്ടും. അതുകൊണ്ട് കിഫ്ബി വായ്പയെടുക്കണ്ട. സംസ്ഥാന ബജറ്റിൽ നിന്നു കോൺട്രാക്ടർമാരുടെ ബില്ലിന് കിഫ്ബിക്കു പണം നൽകാം.
മാസാമാസം ഗ്രാന്റിനു പകരം ബില്ല് വരുമ്പോൾ അതിന്റെ പണം നൽകാമെന്ന് പറയുന്നത് അസംബന്ധമാണ്. ഈ വർഷം 15000 കോടി രൂപയിൽ താഴെ ബില്ല് വന്നേയ്ക്കാം. എങ്ങനെയാണ് ബജറ്റിൽ നിന്നും ഇത്രയും തുക നൽകാൻ കഴിയുക? പണം കിട്ടാനുള്ള അനിശ്ചിതാവസ്ഥ ഇതിനകം തന്നെ പ്രവർത്തികളുടെ പുരോഗതിയെ ബാധിച്ചു കഴിഞ്ഞു. കിഫ്ബി പദ്ധതികളുടെ നടത്തിപ്പ് ഇതിനകം സ്തംഭനാവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞു.

3. കിഫ്ബിയുടെ ബില്ല് സംസ്ഥാനത്തിന് അടക്കാൻ കഴിയുമോയെന്ന് താങ്കൾ ചോദിക്കുന്നത് കേട്ടു. അത് കിഫ്ബിക്ക് തനിയെ എങ്ങനെ അടക്കാൻ കഴിയും?
കേരളം ഈ വർഷം ഏതാണ്ട് 3000-4000 കോടി രൂപയാണ് ഗ്രാന്റായി കിഫ്ബിക്ക് നൽകേണ്ടത്. ഇങ്ങനെയുള്ള ഭാവി വരുമാനം ഈടുവച്ച് കിഫ്ബി വായ്പ എടുത്താണ് പദ്ധതികൾ നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന് കേന്ദ്രം അനുവദിച്ചതിനപ്പുറം വായ്പയെടുക്കാനാവില്ല.

4. ഇപ്പോൾ കിഫ്ബി കടങ്ങൾ നമ്മുടെ കട പരിധിയിൽ നിന്ന് വെട്ടിക്കുറയ്ക്കുന്നു. അപ്പോൾ എന്താണ് കിഫ്ബിയുടെ ഇപ്പോഴത്തെ പ്രസക്തി?
യുഡിഎഫ് കേന്ദ്ര സർക്കാരിന്റെ അന്യായമായ നിലപാടിനെ തുടക്കം മുതൽ പിന്തുണ നൽകി. ഇപ്പോൾ പൂർണ്ണമായി അംഗീകരിച്ചു. കേരളം ഇപ്പോഴും കേന്ദ്രത്തിനെതിരെ കേസ് നടത്തിക്കൊണ്ടിരിക്കുകയാണെന്നത് അവർ മറന്നു. സുപ്രിം കോടതി കേസിൽ വിജയിക്കുന്നതിനാവശ്യമായ മാറ്റങ്ങൾ കിഫ്ബിയിൽ വരുത്താൻ എൽഡിഎഫ് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിയമസഭയിലും പറഞ്ഞിട്ടുണ്ട്. ഇനി അതുകൊണ്ട് കാര്യമൊന്നുമില്ല. യുഡിഎഫ് കേന്ദ്ര സർക്കാർ പൂർണ്ണമായും ഈ ബജറ്റിലൂടെ കീഴടങ്ങി.

5. യുഡിഎഫ് സർക്കാർ കിഫ്ബിയെ വേണ്ടെന്നുവച്ചിട്ടില്ലല്ലോ. കിഫ്ബിയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നല്ലേ പറഞ്ഞത്?
പഠിക്കട്ടെ. പക്ഷേ, ധവളപത്രത്തിലും ബജറ്റ് പ്രസംഗത്തിലും കൈകാര്യം ചെയ്ത രീതിയിലല്ല സ്വന്തം ധനകാര്യ സ്ഥാപനത്തെ പരിഷ്കരിക്കാൻ തുടങ്ങേണ്ടത്. കിഫ്ബി പൊളിച്ചെഴുതുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മാറ്റങ്ങൾ വേണമെങ്കിൽ നിയമഭേദഗതി വരുത്തുക. അല്ലാതെ ധവളപത്രത്തിലും ബജറ്റ് പ്രസംഗത്തിലും ചെയ്യുന്നതുപോലെ വായിട്ടലയ്ക്കരുത്.
കിഫ്ബി പോലുള്ള ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് ഏറ്റവും പ്രധാനം. സ്വന്തം സർക്കാർ ഇത്രയും അധിക്ഷേപിക്കുന്ന സ്ഥാപനത്തിന് ആരെങ്കിലും വായ്പ നൽകാൻ തയ്യാറാകുമോ? ഇനി കിഫ്ബി മാർക്കറ്റിൽ വായ്പയെടുക്കാൻ ചെല്ലട്ടേ. ഒരു ശതമാനമെങ്കിലും പലിശ കൂടുതൽ കൊടുക്കേണ്ടിവരും. സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇങ്ങനെ തകർക്കരുത്'

6. നിലവിലുള്ള പ്രൊജക്ടുകൾ തുടരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടല്ലോ?
കിഫ്ബി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 42000 കോടി രൂപയുടെ പ്രൊജക്ടുകളുടെ ഭാവിയെക്കുറിച്ച് വലിയ ആശങ്ക ബജറ്റ് പ്രസംഗം ഉയർത്തുകയാണ്. യുഡിഎഫിന്റെ മാറിമാറിയുള്ള പ്രഖ്യാപനങ്ങൾ കോൺട്രാക്ടർമാരിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ബജറ്റിൽ നിന്നാണ് പണം നൽകുന്നതെങ്കിലും കാലതാമസം അനിവാര്യം. ഇതിനൊക്കെ ഒരു തീർച്ച വന്നിട്ടുമതി ഇനി നിർമ്മാണം എന്നാണ് അവരിൽ പലരും ചിന്തിക്കുന്നത്. ഭൂരിപക്ഷം പ്രൊജക്ടുകളും സ്തംഭനത്തിൽ എത്തിക്കഴിഞ്ഞു.
കിഫ്ബി വേണ്ടെങ്കിൽ വേണ്ട. പക്ഷേ, കിഫ്ബി വഴി തുടങ്ങിക്കഴിഞ്ഞ ഒരു പദ്ധതിപോലും വേണ്ടെന്നുവയ്ക്കാൻ ചിന്തിക്കുകയേ വേണ്ട. അതിനു സമ്മതിക്കില്ല. ഇത്തരം പദ്ധതികൾ ഇനിയും കൂടുതൽ വേണം. വഴി കണ്ടുപിടിക്കേണ്ട ചുമതല യുഡിഎഫിന്റേതാണ്. എങ്ങനെയാണ് നിങ്ങളുടെ വമ്പൻ പദ്ധതികൾക്ക് പണം കണ്ടുപിടിക്കുകയെന്ന് വ്യക്തമാക്കണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+