ഡിസംബറിലെ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് പിൻവലിച്ചു; നാളെ അവധി
തിരുവനന്തപുരം: ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം ജനുവരി 5 വരെ നീട്ടിയത് സംസ്ഥാന സർക്കാർ പിൻവലിച്ചു. ഡിസംബർ മാസത്തെ റേഷൻ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കും എന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
കേന്ദ്ര സർക്കാർ റേഷൻ വിതരണത്തിൽ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണ് ഡിസംബർ മാസത്തെ സാധാരണ റേഷൻ വിതരണം നീട്ടിയത് പിൻവലിക്കേണ്ടി വന്നതെന്നു മന്ത്രി വിശദീകരിച്ചു. ചൊവ്വാഴ്ച റേഷൻ കടകൾക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബർ മാസം വാങ്ങാൻ കഴിയാത്തവർക്ക് ജനുവരി 10 വരെ വാങ്ങാൻ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങൾ പൂർത്തീകരിക്കാനാണ് നാളെ കടകൾക്ക് അവധി പ്രഖ്യാപിച്ചത്.
രാജ്യത്തെ റേഷൻ വിതരണത്തിൽ 2023 ജനുവരി ഒന്നു മുതൽ നയപരമായ മാറ്റം കേന്ദ്ര സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. 2023 ജനുവരി ഒന്നു മുതൽ അന്ത്യോദയ-അന്നയോജന കാർഡുകൾക്ക് പുറമെ പി.എച്ച്.എച്ച്. കാർഡുടമകൾക്കു കൂടി റേഷൻ വിഹിതം തികച്ചും സൗജന്യമാക്കിയിരുന്നു.
പ്രസ്തുത തീരുമാന പ്രകാരം 2022 ഡിസംബർ 31-ലെ നീക്കിയിരിപ്പ് 2023 ജനുവരി 1 മുതൽ ആരംഭിക്കുന്ന സൗജന്യ റേഷൻ വിഹിതത്തിലേക്ക് കേന്ദ്ര സർക്കാർ മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലും പ്രസ്തുത തീരുമാനം നടപ്പിലാക്കേണ്ടതുണ്ടെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജിആർ അനിൽ അറിയിച്ചു. 2023 ജനുവരി 4 മുതൽ ജനുവരി മാസത്തെ നോർമൽ റേഷനും ഡിസംബർ മാസത്തെ പി.എം.ജി.കെ.എ.വൈ. യും വിതരണം ആരംഭിക്കുന്നതുമാണെന്നാണ് വിവരം,.












Click it and Unblock the Notifications