രണ്ട് സമുദായങ്ങള്‍ കൂടി ഇനി ഒബിസി: 249 കായിക താരങ്ങള്‍ക്ക് നിയമനം നല്‍കാനും തീരുമാനിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ ഒ ബി സി പട്ടിക പുതുക്കി സർക്കാർ. കല്ലാർ, കല്ലൻ സമുദായങ്ങളെ കൂടി ഒ ബി സി പട്ടികയിൽ ഉൾപ്പെടുത്താന്‍ സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. 2015-2019 വര്‍ഷങ്ങളിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനായുള്ള സെലക്ട് ലിസ്റ്റില്‍ നിന്നും 249 കായിക താരങ്ങളെ വിവിധ വകുപ്പുകളില്‍ വിവിധ തസ്തികകളില്‍ നിയമിക്കുന്നതിന് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്.
2018 ലെ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ 5 പേര്‍ക്ക് പൊതു വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്‍റ് സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമനം നല്‍കിയിട്ടുള്ളതിനാല്‍ 2020 മുതല്‍ 2024 വരെയുള്ള 250 ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ 5 ഒഴിവുകള്‍ കുറയ്ക്കുകയും ചെയ്തു.

2018ലെ പ്രളയക്കെടുതിയില്‍ കണ്ണൂര്‍ ഇരിട്ടി താലൂക്ക് വിളമന വില്ലേജിലെ പായം ഗ്രാമപഞ്ചായത്തില്‍ വീട് പൂര്‍ണ്ണമായും നഷ്ടപ്പെട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസത്തിന് 0.4047 ഹെക്ടര്‍ ഭൂമി നിരപ്പാക്കി വീട് നിര്‍മ്മാണത്തിന് ഒരുക്കിയ ഇനത്തില്‍ 8,76,600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കോഴിക്കോട് ഇരിങ്ങാടന്‍ പള്ളി കാളാണ്ടി താഴം മനത്താനത്ത് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ 31.5.2024 ന് വിഷവാതകം ശ്വസിച്ച് മരണപ്പെട്ട അശോകന്‍റെ ഭാര്യ റീനക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ അനുവദിക്കും. ഇതേ സംഭവത്തില്‍ മരണപ്പെട്ട റിനീഷിന്‍റെ ഭാര്യ പി.പി ശരണ്യക്കും അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. കൊല്ലം തഴുത്തല വില്ലേജില്‍ അനീസ് മുഹമ്മദിന്‍റെ രണ്ട് മക്കളും മാടച്ചിറ പഞ്ചായത്ത് കുളത്തില്‍ വീണ് മരണപ്പെട്ടതിനാല്‍ കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനത കണക്കിലെടുത്ത് അനീസ് മുഹമ്മദിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കും.
ടെണ്ടര്‍ അംഗീകരിച്ചു
കൊല്ലം കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ ഇത്തിക്കര നദിക്ക് കുറുകെ നെടുമങ്കാവ് പാലം പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ അംഗീകരിച്ചു. എറണാകുളം രാമമംഗലം, മാറാടി, പാമ്പാക്കുട പഞ്ചായത്തുകളിലെ വീടുകള്‍ക്ക് എഫ്.എച്ച്.ടി.സി, ഉല്‍പാദന ഘടകങ്ങള്‍, മേത്തിപ്പാറയിലെ ജലശുദ്ധീകരണ ശാല എന്നിവ ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിനുള്ള പ്രവൃത്തിക്കുള്ള ടെണ്ടര്‍ അംഗീകരിക്കും.
രാമനാട്ടുകരയില്‍ കളിസ്ഥലം നിര്‍മ്മാണം
കോഴിക്കാട് രാമനാട്ടുകര വില്ലേജില്‍ രണ്ടേക്കര്‍ നാല്‍പത് സെന്‍റ് സ്ഥലം കളിസ്ഥലം നിര്‍മ്മിക്കാന്‍ പരിവര്‍ത്തനപ്പെടുത്താൻ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുമതി നല്‍കി.
പ്രമേയം അവതരിപ്പിക്കും
1944 ലെ Public Debt Act റദ്ദ് ചെയ്യുന്നതിന്‍റെ ഭാഗമായി 2006ലെ Government Securities Act ല്‍ ആവശ്യമായ ഭേദഗതി വരുത്തുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുന്നതിന് ഭരണഘടനയിലെ 252-ാം അനുച്ഛേദ പ്രകാരം കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നതിന് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കും.












Click it and Unblock the Notifications