ഭൂമി പോകുന്നവര്‍ക്ക് വിപണിവിലയല്ല,അതുക്കും മേലേ;മാധ്യമങ്ങള്‍ പറയുന്നത് ജനം കേള്‍ക്കില്ലെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലിക്കറ്റ് പ്രസ് ക്ലബിന്റെ സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ സര്‍ക്കാര്‍ കമ്പോള വിലയേക്കാള്‍ അധിക വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞ പോലെയാണ് വില നല്‍കുന്നത് എന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ചെറിയ ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കും ഉണ്ടാകും എന്നും എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പുനരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്ന മാധ്യമങ്ങളേയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. നാടിന്റെ ഭാവിയെ കുറിച്ചാണ് മാധ്യമങ്ങള്‍ ചിന്തിക്കേണ്ടത് എന്നും അല്ലാതെ കുത്തി തിരിപ്പുകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് ഇടം നല്‍കുന്ന തരത്തില്‍ മാധ്യമങ്ങള്‍ പെരുമാറാന്‍ പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ചെറിയ ചെറിയ സംഭവങ്ങള്‍ ഊതി പെരുപ്പിക്കുന്ന പ്രവണത കൂടി വരികയാണെന്നും ഇത് ശരിയാണോ എന്ന് മാധ്യമങ്ങള്‍ സ്വയം ചിന്തിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ഒരു കുഞ്ഞിനേയും കൊണ്ട് ഒരു സ്ത്രീ സമരത്തിന് വന്നെന്നും പൊലീസ് നടപടിയുണ്ടായപ്പോള്‍ അതിനെ മാധ്യമങ്ങള്‍ മഹത്വവല്‍ക്കരിച്ചു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കുഞ്ഞിനെയും കൊണ്ട് സമരത്തിന് വരികയാണോ വേണ്ടതെന്ന് പിണറായി വിജയന്‍ ചോദിച്ചു. മുത്തങ്ങയില്‍ അടക്കം മുമ്പും ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ടെന്നും അന്നൊന്നും അടിച്ചമര്‍ത്തലായി മാധ്യമങ്ങള്‍ക്ക് ഇത് തോന്നിയില്ലെന്നും ഇതൊക്കെ മാധ്യമങ്ങള്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Recommended Video


മാധ്യമങ്ങള്‍ പറയുന്നത് ജനം പൂര്‍ണമായും വിശ്വസിച്ചിരുന്ന കാലമൊക്കെ കഴിഞ്ഞുവെന്നും പിണറായി പ്രസംഗത്തില്‍ പറഞ്ഞു. അങ്ങനെ വിശ്വസിച്ചിരുന്നെങ്കില്‍ താന്‍ ഇപ്പോള്‍ ഇങ്ങനെ ഇവിടെ ഇരുന്ന് സംസാരിക്കില്ലല്ലോ എന്നും മുഖ്യമന്ത്രി പറഞ്ഞു. അതിവേഗ റെയില്‍വേ വേണമെന്ന് പറഞ്ഞവരാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം സംസ്ഥാനത്ത് പലയിടത്തും സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ഇന്നും തുടരുകയാണ്. തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ ഇന്ന് സംഘര്‍ഷമുണ്ടായി. കെ റെയിലിനെതിരായ പ്രതിഷേധങ്ങളെ നഷ്ട പരിഹാര കണക്ക് പറഞ്ഞ് തണുപ്പിക്കാം എന്നാണ് സര്‍ക്കാരിന്റേയും സി പി ഐ എമ്മിന്റേയും പ്രതീക്ഷ.

ജനങ്ങളിലേക്കിറങ്ങി അവരെ ഒപ്പം നിര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനിടെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹ്യ ആഘാത പഠനത്തിനുള്ള സര്‍വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇത് സംസ്ഥാന സര്‍ക്കാരിന് വലിയ ആശ്വാസമായി. സില്‍വര്‍ ലൈന്‍ സര്‍വേ നടത്താന്‍ അനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ ആലുവ സ്വദേശിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമിയേറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കാതെയാണ് സര്‍വേ നടക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വേ നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് സുപ്രീംകോടതി തിരിച്ച് ചോദിക്കുകയായിരുന്നു. ഇതിനിടെ സര്‍വെ നിര്‍ത്തണം എന്നാവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതിയും തള്ളിയിട്ടുണ്ട്. സര്‍വേ തടയാനാകില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കോടതിയില്‍ നിന്ന് പ്രതികൂല നിലപാടാണെങ്കിലും പ്രതിഷേധത്തില്‍ നിന്ന് മാറില്ലെന്നാണ് യു ഡി എഫും ബി ജെ പിയും പറയുന്നത്. ഇന്ന് ബി ജെ പിയ്ക്കായി കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഗൃഹസന്ദര്‍ശനവും നടത്തുന്നുണ്ട്.












Click it and Unblock the Notifications