മാറ്റി വെച്ച ശമ്പളത്തിന്റെ ആദ്യഗഡു മെയ് മാസത്തിൽ തന്നെ, ആശങ്ക വേണ്ടെന്ന് തോമസ് ഐസക്
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളത്തിന്റെ ആദ്യ ഗഡു മെയ് മാസത്തിൽ തന്നെ ലഭിക്കും എന്നുളള ഉറപ്പ് നൽകി ധനമന്ത്രി ടിഎം തോമസ് ഐസക്. ശമ്പളം ലഭിക്കില്ല എന്നുളള വാർത്തകൾ ധനമന്ത്രി തള്ളി.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ്: '' കോവിഡ് പ്രതിസന്ധിയോടനുബന്ധിച്ച് ജീവനക്കാരുടെ മാറ്റിവെച്ച ശമ്പളം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം (മെയ് മാസം കൈയിൽ ലഭിക്കുന്ന ശമ്പളം) ലഭിക്കില്ലായെന്ന് മലയാള മനോരമയിൽ വാർത്ത കണ്ടു. കേരള കൗമുദിയാവട്ടെ ലഭിക്കുമോയെന്ന ആശങ്കയാണ് പ്രകടിപ്പിക്കുന്നത്. ഒരാശങ്കയ്ക്കും വകയില്ല. മാറ്റിവച്ച ശമ്പളം അഞ്ചു ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിൽ മാറ്റമില്ല. ആദ്യ ഗഡു ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകുകയും ചെയ്യും. അതു താത്പര്യമുള്ളവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കു സംഭാവന നൽകാനും അവസരമുണ്ടാകും.

കഴിഞ്ഞ രണ്ടു മാസങ്ങളായി ട്രഷറി സംവിധാനങ്ങൾ പുതിയ സർവ്വറിലേയ്ക്കു മാറ്റുന്നതിനുള്ള വളരെയേറെ തിരക്കുകൾ ഉണ്ടായിരുന്നു. പുതുക്കിയ ശമ്പളം ഡിഎ അരിയർ എന്നിവയുമായി ബന്ധപ്പെട്ട സോഫ്ട്‍വെയർ പരിഷ്കരിക്കുന്ന നടപടികൾ കാരണം ശമ്പളം തിരിച്ചു നൽകേണ്ട സോഫ്ട്‍വെയർ പരിഷ്കരണം അൽപ്പം വൈകിയെന്നതും ശരി. എന്നാൽ തിങ്കളാഴ്ച മുതൽ ഇതിനായുള്ള സംവിധാനം നിലവിൽ വരും. മെയ് മാസത്തെ ശമ്പള ബില്ലുകൾ മാറിയതിനു ശേഷം ശേഷം ആദ്യ ഗഡു വിതരണം ചെയ്യും.
മാറ്റിവച്ച ശമ്പളത്തിന്റെ ഗഡുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവനയായി നൽകുന്നതിനുള്ള ഓപ്ഷൻ അനുവദിക്കണമെന്ന് എൻജിഒ യൂണിയൻ അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥന സർക്കാർ അനുകൂലമായി പരിഗണിക്കുകയുണ്ടായി. കാബിനറ്റ് തീരുമാനമനുസരിച്ച് ടി തുക ദുരിതാശ്വാസ നിധിയിലേക്ക് അടക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ജീവക്കാർക്ക് തിരികെ നൽകുന്ന അഞ്ച് ഗഡുക്കളിൽ നിന്ന് താത്പര്യമുള്ള അത്രയും ഗഡുക്കൾ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകാനുള്ള സമ്മതപത്രം എഴുതി നൽകിയാൽ സമ്മതപത്രം ഡിഡിഒ പരിശോധിച്ച് സമ്മതം തന്ന ഗഡുക്കൾ പിടിച്ച് ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം. ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടിട്ടും സർക്കാർ സ്വീകരിച്ച തീരുമാനം സമയബന്ധിതമായി നടപ്പാക്കിയ ട്രഷറിയിലെയും സ്പാർക്കിലെയും ജീവനക്കാരെ അഭിനന്ദിക്കുന്നു''.
ബോൾഡ് ലുക്കിൽ നടി എവ്ലിൻ ശർമ്മയുടെ ചിത്രങ്ങൾ












Click it and Unblock the Notifications