പൊതുജനാരോഗ്യരംഗത്തെ തകർക്കാൻ സർക്കാരിന്റെ കോർപ്പറേറ്റ് കൂട്ടുകച്ചവടം, വിമർശിച്ച് പിണറായി വിജയൻ

സംസ്ഥാനത്തിന്റെ ആരോഗ്യനയം തീരുമാനിക്കാൻ യുഡിഎഫ് സർക്കാർ നിയോഗിച്ച ടാസ്ക് ഫോഴ്സിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആതുരസേവന രംഗം പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനാണ് ഉത്തർ പ്രദേശ് മുൻ ചീഫ് സെക്രട്ടറിയായ ദീപക് സിംഗാളിനെ ടാസ്ക് ഫോഴ്സിന്റെ രൂപരേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയതെന്ന് പിണറായി വിജയൻ ആരോപിച്ചു.

'' കേരളത്തിന്റെ പൊതുജനാരോഗ്യ മേഖലയെ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഗൂഢനീക്കങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തിന്റെ ഭാവി ആരോഗ്യനയം രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട 16 അംഗ 'കേരള ഹോളിസ്റ്റിക് ഹെൽത്ത്, വെൽനെസ് ആൻഡ് ലോഞ്ചിവിറ്റി ടാസ്‌ക് ഫോഴ്‌സി'ന്റെ രൂപരേഖ തയ്യാറാക്കി അവതരിപ്പിച്ചിരിക്കുന്നത് യു.പി. മുൻ ചീഫ് സെക്രട്ടറിയായ ദീപക് സിംഗാളാണ്.

ആരോഗ്യമേഖലയിൽ യാതൊരു ഭരണപരിചയവുമില്ലാത്ത ഇദ്ദേഹം, നിലവിൽ കോർപ്പറേറ്റ് ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന ഗ്ലോബൽ ട്രേഡ് ആൻഡ് ടെക്നോളജി കൗൺസിൽ ഓഫ് ഇന്ത്യയുടെ (GTTCI) ഹെൽത്ത് കെയർ വെഞ്ചേഴ്സിന്റെ നേതൃത്വത്തിലുള്ളയാളാണ്. ജിടിടിസിഐ ഹെൽത്ത് കെയർ വെഞ്ചേഴ്സ്‌ പോലെയുള്ള സ്ഥാപനങ്ങളും കോർപ്പറേറ്റ് ആശുപത്രികളും ബഹുരാഷ്ട്ര മരുന്നു കമ്പനികളും ചേർന്നുള്ള മാഫിയയാണ് ഇന്ന് രാജ്യത്ത് ആരോഗ്യരംഗം നിയന്ത്രിക്കുന്നത്.

Pinarayi

വൻകിട കോർപ്പറേറ്റ് ആശുപത്രികളും ഇൻഷുറൻസ് കുത്തകകളും തമ്മിലുള്ള പാലമാണ് ഇതുപോലുള്ള കോർപ്പറേറ്റ് സംഘങ്ങൾ. സ്വകാര്യ മുതലാളിത്തത്തിന്റെ ഇടനിലക്കാരനായ വ്യക്തി കേരളത്തിന്റെ ജനകീയ ആരോഗ്യനയം തിരുത്തിയെഴുതുന്നത് ആതുരസേവന രംഗം പൂർണ്ണമായും കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനല്ലെങ്കിൽ മറ്റെന്തിനാണ്?

ദീപക് സിംഗാളിന്റെ ഉപദേശപ്രകാരം കൊണ്ടുവരുന്ന ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള പദ്ധതികളുടെ യഥാർത്ഥ ഉന്നം എന്താവുമെന്ന കാര്യത്തിൽ സംശയങ്ങളില്ല. നിയമസഭയിൽ ഈ ദുരൂഹത ചൂണ്ടിക്കാണിച്ചപ്പോൾ, എൽഡിഎഫ് സർക്കാർ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുടെ മുഖ്യ ഉപദേശകനായി രാജ്യാന്തര വൈറോളജി വിദഗ്ദ്ധനും ഗ്ലോബൽ വൈറസ് നെറ്റ്‍വർക്കിന്റെ സ്ഥാപകരിലൊരാളുമായ ഡോ. വില്യം ഹാളിനെ നിയോഗിച്ചതിനോടാണ് മുഖ്യമന്ത്രി ഇതിനെ താരതമ്യം ചെയ്തത്. ലോകമറിയുന്ന ഒരു വൈറോളജിസ്റ്റിനെയാണോ ഒരു കോർപ്പറേറ്റ് ദല്ലാളുമായി മുഖ്യമന്ത്രി ചേർത്തുകെട്ടുന്നത്?

ഡോ. ഹാളിന്റെ സേവനം വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് അമൂല്യമാണ്. സിംഗാളിന്റെ സേവനം കേരളത്തിലെ പൊതുജനാരോഗ്യ രംഗത്തിന് എന്തു ഗുണമാണുണ്ടാക്കുക?
ടാസ്‌ക് ഫോഴ്‌സ് വിഷയത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നിരത്തുന്ന ന്യായീകരണങ്ങൾ കേരളീയ സമൂഹത്തിന് മുഖവിലക്കെടുക്കാനാവില്ല. സാധാരണക്കാരന്റെ ഏക ആശ്രയമായ നമ്മുടെ പൊതുജനാരോഗ്യ മേഖലയുടെ കടയ്ക്കൽ കത്തിവെക്കുന്നതാണ് സർക്കാരിന്റെ ഈ കോർപ്പറേറ്റ് കൂട്ടുകച്ചവടം. കേരളം പടുത്തുയർത്തിയ ജനകീയ ആരോഗ്യമാതൃകയെ തകർക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഗൂഢനീക്കങ്ങളെ ജനങ്ങൾ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കുക തന്നെ ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma