കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തു; നിയന്ത്രണം സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റിക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പരിയാരം സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്തതിന്റെ പ്രഖ്യാപനം ഉല്‍സവഛായയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. വടക്കന്‍ കേരളത്തിലെ ജനങ്ങളുടെ സ്വപ്‌ന സാഫല്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതിലൂടെ നടന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. കേരളത്തിലെ മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ പൂര്‍ണമായും സര്‍ക്കാറിന് കീഴിലായിരിക്കില്ല പരിയാരം മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനമെന്ന് മന്ത്രി പറഞ്ഞു. പകരം സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തന സ്വയംഭരണാധികാരമുള്ള സൊസൈറ്റിക്കു കീഴിലാവും മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിക്കുക. സൊസൈറ്റിയുടെ ബൈലോ തയ്യാറായി വരികയാണ്.

prd

സൊസൈറ്റി രൂപീകൃതമാവുന്നതു വരെ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാവും ഭരണം നടത്തുക. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സി രവീന്ദ്രന്‍, ഐ.എം.എ മുന്‍ പ്രസിഡന്റ് ഡോ. വി.ജി പ്രദീപ് കുമാര്‍ എന്നിവരാണ് ഭരണസമിതി (ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍) യിലെ മറ്റ് അംഗങ്ങള്‍. മെഡിക്കല്‍ കോളേജിന്റെ രേഖകള്‍ മന്ത്രി ജില്ലാകലക്ടര്‍ക്ക് കൈമാറി. ഭരണകൈമാറ്റ നടപടികള്‍ പൂര്‍ത്തിയാവുന്നതോടെ എം.ഡിയുടെ നേതൃത്വത്തിലുള്ള സൊസൈറ്റിയാവും മെഡിക്കല്‍ കോളേജിന്റെ ഭരണച്ചുമതല നിര്‍വഹിക്കുകയെന്നും മന്ത്രി അറിയിച്ചു.

prd

വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍ തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണ മേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധ സ്ഥാപനങ്ങളും ഏറ്റെടുത്തതെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ ചികില്‍സാ രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും ഗവേഷണ രംഗത്ത് വളരെ പിറകിലാണെന്ന് മന്ത്രി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജില്‍ മികച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കും. ആരോഗ്യമേഖലയില്‍ ആഗോള തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന മികവിന്റെ കേന്ദ്രമായി പരിയാരം മെഡിക്കല്‍ കോളേജിനെ സര്‍ക്കാര്‍ മാറ്റുമെന്നും മന്ത്രി പറഞ്ഞു.

prd

അന്തരിച്ച എം.വി രാഘവന്റെ ഭാവനയും ചടുലതയുമാണ് പരിയാരം മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കിയതെന്നു പറഞ്ഞ ആരോഗ്യമന്ത്രി, അദ്ദേഹത്തോടുള്ള കടപ്പാട് ചടങ്ങില്‍ വച്ച് രേഖപ്പെടുത്തി. മെഡിക്കല്‍ കോളേജ് ഏറ്റെടുക്കുകയെന്നത് ജനങ്ങളുടെയും സംഘടനകളുടെയും ദീര്‍ഘകാലത്തെ ആവശ്യമായിരുന്നുവെന്നും വലിയ ബാധ്യതകള്‍ ഏറ്റെടുത്തുകൊണ്ടാണ് ഇത് സര്‍ക്കാരിന്റെ കീഴിലാക്കിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഹഡ്‌കോയ്ക്ക് നല്‍കാന്‍ ബാക്കിയുള്ള 279 കോടി രൂപ സര്‍ക്കാര്‍ ഏറ്റെടുത്ത് ആദ്യഘഡുവായി 116 കോടി നല്‍കിക്കഴിഞ്ഞു.

prd

എറണാകുളം ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകളും ഉടന്‍ കൊടുത്തുതീര്‍ക്കുമെന്നും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുന്നതായും മന്ത്രി പറഞ്ഞു. ചുരുങ്ങിയ ചെലവില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് പരിയാരത്ത് കാരുണ്യ ഫാര്‍മസി സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ലളിതകലാ അക്കാദമി നിര്‍മിച്ചു നല്‍കിയ ആര്‍ട്ട് ഗ്യാലറി മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. പി കരുണാകരന്‍ എം.പി, സി കൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

prd
English summary
Government took the control of Pariyaram Medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X