'സർക്കാരിൻ്റെ പുനഃരധിവാസം വൻ പരാജയം; ലീഗിൻ്റെ നടപടി അഭിനന്ദാർഹം';ടി സിദ്ധിഖ്
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർക്ക് വീട് കൈമാറിയ മുസ്ലീം ലീഗിനെ അഭിനന്ദിച്ചും സർക്കാരിനെ രൂക്ഷമായി വിമർശിച്ചും ടി സിദ്ധിഖ് എംഎൽഎ. ചുരുങ്ങിയ കാലയളവിനുള്ളിൽ വീടുകൾ പൂർത്തിയാക്കി കൈമാറിയതിലൂടെ രാഷ്ട്രീയത്തിന് അതീതമായ മനുഷ്യസ്നേഹമാണ് ലീഗ് പ്രകടമാക്കിയിരിക്കുന്നത്. എന്നാൽ, ഏകദേശം 800 കോടി രൂപയോളം പൊതുജനങ്ങളിൽ നിന്നും വിവിധ സ്രോതസ്സുകളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയിട്ടും സർക്കാരിന്റെ പുനരധിവാസ പദ്ധതികൾ ഇപ്പോഴും മെല്ലെപ്പോക്കിലാണെന്നത് പ്രതിഷേധാർഹമാണെന്ന് സിദ്ധിഖ് പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പുകളിൽ ഒരു കുടുംബത്തെപ്പോലും ഇതുവരെ താമസിപ്പിക്കാൻ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ പരാജയമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കുറിപ്പിൻ്റെ പൂർണരൂപം വായിക്കാം
'മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ സർവ്വസ്വവും തകർന്നുപോയ മനുഷ്യർക്ക് മുസ്ലിം ലീഗ് നിർമ്മിച്ചു നൽകിയ വീടുകൾ ഇന്ന് പ്രത്യാശയുടെ പുതുവെളിച്ചമാണ്. ദുരന്തബാധിതരെ നെഞ്ചോട് ചേർത്തുപിടിക്കാനും അവർക്ക് സുരക്ഷിതമായ ഒരു മേൽക്കൂര ഒരുക്കാനും കാണിച്ച ഈ വേഗതയും ആത്മാർത്ഥതയും ഏറെ അഭിനന്ദനാർഹമാണ്. ചുരുങ്ങിയ കാലയളവിനുള്ളിൽ വീടുകൾ പൂർത്തിയാക്കി കൈമാറിയതിലൂടെ രാഷ്ട്രീയത്തിന് അതീതമായ മനുഷ്യസ്നേഹമാണ് ലീഗ് പ്രകടമാക്കിയിരിക്കുന്നത്. നിരാലംബരായ ഒരു ജനതയുടെ കണ്ണീരൊപ്പാൻ കാണിച്ച ഈ വലിയ സന്നദ്ധത ആ പ്രസ്ഥാനത്തിന്റെ സേവന പാരമ്പര്യത്തിന്റെ മാഹാത്മ്യം വീണ്ടും തെളിയിക്കുന്നു.

എന്നാൽ, ഏകദേശം 800 കോടി രൂപയോളം പൊതുജനങ്ങളിൽ നിന്നും വിവിധ സ്രോതസ്സുകളിൽ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തിയിട്ടും സർക്കാരിന്റെ പുനരധിവാസ പദ്ധതികൾ ഇപ്പോഴും മെല്ലെപ്പോക്കിലാണെന്നത് പ്രതിഷേധാർഹമാണ്. സർക്കാർ പ്രഖ്യാപിച്ച ടൗൺഷിപ്പുകളിൽ ഒരു കുടുംബത്തെപ്പോലും ഇതുവരെ താമസിപ്പിക്കാൻ ഭരണസംവിധാനത്തിന് കഴിഞ്ഞിട്ടില്ല എന്നത് വലിയ പരാജയമാണ്. ഫണ്ടുകൾ ലഭ്യമായിട്ടും ഭരണപരമായ അനാസ്ഥ കാരണം ദുരന്തം നടന്ന് രണ്ട് വർഷമായിട്ടും ദുരിതാശ്വാസ ക്യാമ്പുകളിലും വാടകവീടുകളിലും അനിശ്ചിതാവസ്ഥയിൽ കഴിയുന്ന മനുഷ്യർ സർക്കാരിന്റെ വീഴ്ചയുടെ നേർചിത്രമാണ്. ഒരു രാഷ്ട്രീയ പാർട്ടി ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചെടുത്ത കാര്യം, സർവ്വ സന്നാഹങ്ങളുമുള്ള സർക്കാർ സംവിധാനങ്ങൾക്ക് ഇത്രയും കാലമായിട്ടും പൂർത്തിയാക്കാൻ കഴിയാത്തത് ജനങ്ങളോടുള്ള അവഗണനയായി മാത്രമേ കാണാൻ കഴിയൂ.
മുസ്ലിം ലീഗിന്റെ ഈ ചരിത്രപരമായ മുന്നേറ്റത്തിന് പിന്നിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള നേതൃത്വത്തിന്റെ ദീർഘവീക്ഷണമുള്ളതും കരുത്തുറ്റതുമായ നിലപാടുകളാണുള്ളത്. കേവലം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സേവനത്തിന്റെ രാഷ്ട്രീയത്തിന് അടിത്തറയിട്ട ആ നേതൃത്വത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഇന്ന് ദുരന്തബാധിതർക്ക് ആശ്വാസമായി മാറുന്നത്. പാവപ്പെട്ടവന്റെ സങ്കടങ്ങളിൽ ഓടിയെത്താനും അവർക്ക് തണലേകാനും സാധിക്കുന്ന ഈ സംഘടനാമികവും കർമ്മശേഷിയും കേരള രാഷ്ട്രീയത്തിൽ മുസ്ലിം ലീഗിനെ എന്നും വേറിട്ടുനിർത്തുന്നു. വാഗ്ദാനങ്ങൾ വെറും വാക്കുകളല്ലെന്നും അവ ജനങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാനുള്ളതാണെന്നും കൃത്യസമയത്ത് വീടുകൾ പൂർത്തിയാക്കി കൈമാറുന്നതിലൂടെ ലീഗ് നേതൃത്വം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്'












Click it and Unblock the Notifications