'എസ്എഫ്‌ഐ ക്രിമിനല്‍ക്കൂട്ടം, പൊലീസിനെ മുഖ്യമന്ത്രി സ്വതന്ത്രമായി വിടുന്നില്ല'; ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും എസ് എഫ് ഐയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നില്ലെന്ന് ഗവര്‍ണര്‍ ആരോപിച്ചു. നിരുത്തരവാദിത്തപരമായ നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് എന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച സേനയാണ് കേരളത്തിലേത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം കേരള സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ ആയിരുന്നു എസ് എഫ് ഐയ്‌ക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനം. അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയ പ്രതിനിധികള്‍ക്ക് മുന്നില്‍ കേരളത്തെ അപമാനിക്കാനായിരുന്നു എസ് എഫ് ഐ പ്രവര്‍ത്തകരുടെ ശ്രമം എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു. ക്രിമിനലുകളുടെ കൂട്ടമാണ് എസ് എഫ് ഐ എന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു.

'ഞാന്‍ അവരെ ഭയപ്പെടുന്നില്ലെന്ന് അവര്‍ക്ക് അറിയാം. അതുകൊണ്ടാണ് പരിപാടി കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ പ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിച്ച് കടന്ന് കളഞ്ഞത്. സര്‍ക്കാരിന്റെ പിന്തുണ ഇല്ലാതെ എങ്ങനെയാണ് ഇത് നടക്കുന്നത്?', അദ്ദേഹം ചോദിച്ചു. കേരള സര്‍വകലാശാല കാമ്പസില്‍ സംസ്‌കൃത വിഭാഗം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിച്ചിരുന്നു.
സെമിനാര്‍ നടക്കുന്ന ഹാളിന്റെ വാതിലിന് മുന്നില്‍ കുത്തിയിരുന്ന് ഗവര്‍ണറെ പുറത്തു പോകാന്‍ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു പ്രതിഷേധം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം എസ് എഫ് ഐക്കാരെ പൊലീസും സഹായിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ് എഫ് ഐ. നേതാക്കളെ ആരാണ് നിയന്ത്രിക്കുന്നത് എന്ന് നിങ്ങള്‍ക്കറിയാമല്ലോ എന്നും ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചു.
എസ് എഫ് ഐ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചാന്‍സലര്‍ എന്ന നിലയില്‍ കടുത്ത നടപടി ഉണ്ടാവുമെന്നാണ് ഗവര്‍ണറുടെ മുന്നറിയിപ്പ്. സര്‍വകലാശാല വി സി നിയമനങ്ങളില്‍ ഗവര്‍ണര്‍ ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐയുടെ പ്രതിഷേധം.
കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവര്‍ത്തകരെ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും വി സി സമ്മതിച്ചിട്ടില്ലെന്നും എസ് എഫ് ഐ ആരോപിച്ചിരുന്നു.












Click it and Unblock the Notifications