ആരിഫ് മുഹമ്മദ് ഖാന്റെ വാഹനവ്യൂഹത്തിലേക്ക് കാര്‍ ഇടിച്ച് കയറ്റാന്‍ ശ്രമം; 2 പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച്ച. ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് രണ്ട് തവണ വാഹനം ഇടിച്ച് കയറ്റാന്‍ ശ്രമം നടന്നു. ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വെച്ചാണ് സംഭവം. വെള്ളിയാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് വാഹനം ഇടിച്ച് കയറ്റാന്‍ ശ്രമം നടത്തിയത്. കറുത്ത സ്‌കോപ്പിയോ വാഹനമാണ് ഇത്. യുപി രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.
നോയിഡയില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയിലായിരുന്നു ഗവര്‍ണര്‍. ഗൗതം സോളങ്കി, മോനു കുമാര്‍ എന്നീ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി നോയിഡ പോലീസ് പറഞ്ഞു. ഇവരാണ് കാറോടിച്ചിരുന്നതെന്നും പോലീസ് വ്യക്തമാക്കി. അതേസമയം അറസ്റ്റിലായ യുവാക്കള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സൂചന. കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു. ഗവര്‍ണര്‍ക്കോ, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ സംഭവത്തില്‍ പരിക്കില്ല.

യുപി-ഡല്‍ഹി പോലീസ് സംഘം, ആംബുലന്‍സ് എന്നിവയുടെ അകമ്പടിയോടെയായിരുന്നു ഗവര്‍ണര്‍ യാത്ര ചെയ്തിരുന്നത്. എതിര്‍ ദിശയില്‍ നിന്ന് മറ്റ് വാഹനങ്ങളെ മറികടന്നാണ് ഈ സ്‌കോര്‍പ്പിയോ എത്തിയത്. തുടര്‍ന്ന് ഗവര്‍ണര്‍ ഇരിക്കുന്ന വാഹനത്തിന്റെ ഇടതുവശത്തെ പിന്‍സീറ്റിലേക്ക് സ്‌കോര്‍പ്പിയോ ഇടിച്ചുകയറ്റാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്. ഗവര്‍ണര്‍ പിന്നീട് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ സുരക്ഷിതനായി എത്തി.












Click it and Unblock the Notifications