'കണ്ണൂരിനെ മാതൃകയാക്കണം'; ബ്ലഡി കണ്ണൂരെന്ന് പറഞ്ഞിട്ടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാന്‍
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കിരീടം നേടിയ കണ്ണൂരിനെ അഭിനന്ദിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നേരത്തെ ആരിഫ് മുഹമ്മദ് ഖാന്‍ കണ്ണൂരിനെ ബ്ലഡി കണ്ണൂര്‍ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. കലോത്സവത്തില്‍ കണ്ണൂര്‍ കിരീടം നേടിയതോടെ ഗവര്‍ണറുടെ അധിക്ഷേപത്തിനുള്ള കാവ്യനീതിയായി ഈ നേട്ടത്തെ സോഷ്യല്‍ മീഡിയ ഉയര്‍ത്തി കാട്ടുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്. തനിക്ക് കണ്ണൂരുമായി ഒരു പ്രശ്‌നവുമില്ല എന്നും കണ്ണൂരിനെ ഇക്കാര്യത്തില്‍ മാതൃകയാക്കി ബാക്കിയുള്ളവരും വളര്‍ന്ന് വരണം എന്നും ഗവര്‍ണര്‍ പറഞ്ഞു. കണ്ണൂരിനോട് വ്യക്തിപരമായി ഒരു എതിര്‍പ്പുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. പഴയ ചില സാഹചര്യങ്ങളില്‍ ഉള്ള സഹതാപം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

'ബ്ലഡി കണ്ണൂര്‍ എന്നല്ല ബ്ലഡി പൊളിറ്റിക്സ് എന്നാണ് ഞാന്‍ പറഞ്ഞത്. കണ്ണൂരിലെ ജനങ്ങള്‍ ഈ രാഷ്ട്രീയം കാരണം ഒരുപാട് അനുഭവിച്ചവരാണ്. അക്രമ രാഷ്ട്രീയം കാരണം ഒരുപാട് സഹിച്ചവരാണ് കണ്ണൂരുകാര്‍. കലോത്സവത്തില്‍ വിജയം നേടിയ കണ്ണൂരിനെ അഭിനന്ദിക്കുന്നു', ഗവര്‍ണര്‍ പറഞ്ഞു. നേരത്തെ കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ 'ബ്ലഡി കണ്ണൂര്‍' പരാമര്‍ശം.
കണ്ണൂരിന്റേത് 'ബ്ലഡി ഹിസ്റ്ററി'യാണെന്നായിരുന്നു ഗവര്‍ണര്‍ നടത്തിയ പരാമര്‍ശം. ഗവര്‍ണറുടെ പരാമര്‍ശത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ഉള്ളവര്‍ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാനോ പ്രതികരിക്കാനോ ഗവര്‍ണര്‍ തയ്യാറായിരുന്നില്ല. പ്രകടനവും പ്രതിഷേധ യോഗവും നടത്തി ഡി വൈ എഫ് ഐ- എസ് എഫ് ഐ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
പുതുവര്‍ഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിക്കുകയും ചെയ്തിരുന്നു. അതേസമയം തിങ്കളാഴ്ച സ്‌കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ കിരീടം നേടിയതിന് പിന്നാലെയാണ് വിശദീകരണവുമായി ഗവര്‍ണര്‍ രംഗത്തെത്തിയത്. അതിനിടെ ചൊവ്വാഴ്ച ഇടുക്കിയിലെ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അറിയിച്ചു. ഇതിന് പിന്നാലെ ജില്ലയില്‍ വിവിധയിടങ്ങളില്‍ എല്‍ ഡി എഫ് പ്രതിഷേധം സംഘടിപ്പിച്ചു.
തൊടുപുഴയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ കോലം കത്തിച്ചു. ഭൂപരിഷ്‌കരണ ബില്ലില്‍ ഒപ്പുവെക്കാത്ത ഗവര്‍ണര്‍ക്കെതിരെ ഇന്ന് രാജ്ഭവന്‍ മാര്‍ച്ചിനും ഹര്‍ത്താലിനും എല്‍ ഡി എഫ് ആഹ്വാനം ചെയ്തിട്ടുണ്ട്. എന്നാല്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനം എടുപ്പിക്കാമെന്ന് ആരും കരുതേണ്ട എന്ന് ഗവര്‍ണര്‍ അറിയിച്ചു.












Click it and Unblock the Notifications