പിണറായി ദീര്‍ഘവീക്ഷണമുള്ള മുഖ്യമന്ത്രി, മലയാളികള്‍ സിംഹങ്ങള്‍; പ്രശംസിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: കേരളത്തേയും മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തി ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍. മുഖ്യമന്ത്രിക്ക് കേരളത്തെപ്പറ്റി കൃത്യമായ ദീര്‍ഘവീക്ഷണമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ റിപ്പബ്ലിക് ദിന പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഈ വേദിയിലുണ്ടായിരുന്നു.
കേരളത്തെ കുറിച്ചോര്‍ത്ത് അഭിമാനമാണ് ഉള്ളതെന്ന് ഗവര്‍ണര്‍ പറഞ്ഞു. വികസിത കേരളത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് കൃത്യമായ ദീര്‍ഘവീക്ഷണമുണ്ട്. ഭിന്നതകള്‍ക്കിടയിലും കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരതം വികസിത കേരളമില്ലാതെ സാക്ഷാത്കരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'കേരളം ഒന്നിനും പിറകിലല്ല. മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം വികസിത കേരളം സംബന്ധിച്ച് സംസാരിച്ചു. കേരളത്തെപ്പറ്റി അദ്ദേഹത്തിന് കൃത്യമായ ദീര്‍ഘവീക്ഷണമുണ്ട്. വികസിത കേരളം എന്ന കാഴ്ചപ്പാടാണ് അദ്ദേഹത്തിനുള്ളത്. അഭിപ്രായ വ്യത്യാസങ്ങളും വിയോജിപ്പുകളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. കാരണം നമ്മളെല്ലാവരും മനുഷ്യരാണ്, കൃത്രിമ യന്ത്രങ്ങളല്ല. ഒരുമിച്ച് സഞ്ചരിക്കേണ്ടവരാണ് നമ്മള്‍,' അദ്ദേഹം പറഞ്ഞു.
കേരളം വിവിധ മേഖലകളില്‍ വികസിച്ചു കഴിഞ്ഞു എന്നും ഭരണപക്ഷവും പ്രതിപക്ഷവും ഒന്നിച്ച് നിന്ന് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'എന്റെ സംസ്ഥാനം ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സാക്ഷരത നിരക്കുള്ള സംസ്ഥാനമാണ്. കേരളത്തെ കുറിച്ചോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. ഒട്ടനവധി സൂചികകളില്‍ കേരളം രാജ്യത്തേക്കാളും മുന്നിലാണ്,' ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ നേട്ടത്തില്‍ തനിക്ക് പങ്കില്ല എന്നും അത് ഈ സംസ്ഥാനത്തെ ജനങ്ങളുടെയും ഭരണകര്‍ത്താക്കളുടെയും പ്രതിപക്ഷത്തിന്റെയും പരിശ്രമത്തിന്റെ ഫലമാണ് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ മികച്ചവരാണ് എന്ന് പറഞ്ഞ അദ്ദേഹം മലയാളികളെ സിംഹങ്ങളോടാണ് ഉപമിച്ചത്. ' സിംഹത്തെ കാട്ടിലെ രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഓരോ ചുവട് മുന്നോട്ട് വെക്കുമ്പോഴും സിംഹം പിന്നിലേക്ക് നോക്കും.
എത്ര ദൂരം താണ്ടി എന്ന് മനസ്സിലാക്കാനാണ് അത്. കേരളത്തിലെ ജനങ്ങള്‍ സിംഹങ്ങളെ പോലെ ശ്രേഷ്ഠരാണ്. എത്ര ദൂരം പിന്നിട്ടുവെന്നും ഇനിയെത്ര മുന്നോട്ട് പോകണമെന്നും നാം സ്വയം വിലയിരുത്തണം.' ഗവര്‍ണര്‍ വ്യക്തമാക്കി. നരേന്ദ്ര മോദിയുടെ ഭരണത്തില്‍ വികസിതഭാരതമെന്ന സ്വപ്നത്തിലേക്ക് നാം കുതിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ആഴ്ചകള്‍ക്ക് മുമ്പാണ് ആര്‍ലേക്കര്‍ കേരള ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.












Click it and Unblock the Notifications