വി.സി.യുടെ പുനർ നിയമനം; സർക്കാരിനോട് ഇടഞ്ഞ് ഗവർണർ; പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: സർക്കാരിൻ്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് കണ്ണൂർ വി.സിയുടെ പുനർ നിയമനത്തിൽ തീരുമാനമെടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി. സംസ്ഥാനത്തിൻ്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഗവർണർ മുഖ്യമന്ത്രിക്ക് ഒരു കത്ത് എഴുതുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കണ്ണൂർ വൈസ് ചാൻസലറുടെ പുനർനിയമനത്തിൽ സർക്കാരിൻ്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് തീരുമാനമെടുത്തതെന്ന ഗവർണറുടെ വെളിപ്പെടുത്തലിനോടാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണം. സംസ്ഥാനത്തിന് ഭരണത്തലവൻ മുഖ്യമന്ത്രിക്ക് ഇതാദ്യമായാണ് ഒരു കത്ത് എഴുതുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇതിൽ നിലപാട് വ്യക്തമാക്കണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നൽകാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നൽകിയത് ഏന് സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. കണ്ണൂരിന് പുറമേ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

അതേസമയം, ഗവർണറുടെ കത്ത് പിണറായി വിജയൻ സർക്കാറിനുള്ള ചരമക്കുറിപ്പാണെന്ന് യുഡിഎഫ് കൺവീർ എംഎം ഹസൻ ആഞ്ഞടിച്ചു. സർവകലാശാലകളിലെ വി.സി.മാരുടെ നിയമനത്തിൽ സർക്കാർ നടത്തിയ നിയമവിരുദ്ധമായ കാര്യങ്ങളാണ് ഗവർണർ തുറന്നുകാട്ടിയത്. ഗവർണറുടെ പ്രസ്താവനയെ യുഡിഎഫ് അംഗീകരിക്കുന്നു. ഗവർണറെ റബ്ബർ സ്റ്റാമ്പാക്കി മാറ്റാനുള്ള നടപടിയാണ് സർക്കാർ നടത്തുന്നത്.
ഒരു ഓർഡിനൻസ് സർക്കാർ കൊണ്ടുവന്നാൽ വൈസ് ചാൻസലറുടെ സ്ഥാനം മുഖ്യമന്ത്രിക്ക് നൽകാമെന്നാണ് പറയുന്നത്. യൂണിവേഴ്സിറ്റികളെ രാഷ്ട്രീയവൽക്കരിക്കുന്ന പിണറായി സർക്കാർ പബ്ലിക് സർവീസ് കമ്മീഷൻ പൊലീസ് സേനയെയും രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും എംഎം ഹസൻ ചൂണ്ടിക്കാട്ടി.
അതിനിടെ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ കത്ത് അതീവ ഗൗരവമുള്ളതാണെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂർ വി.സിയുടെ നിയമനത്തിൽ ഗവർണർ സൂചിപ്പിക്കുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചു. വിഷയത്തിൽ ലോകായുക്തയെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications