മട്ടൻ ബിരിയാണിയൊക്കെ കൊടുത്ത് സുഖവാസത്തിന് വിട്ടതല്ലേ, യുപിയിൽ ആയിരുന്നെങ്കിലോ?: സന്തോഷ് പണ്ഡിറ്റ്
സൗമ്യ വധക്കേസ് പ്രതിയും കൊടുംകുറ്റവാളിയുമായ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. എന്നാല്‍ രാവിലെയോടെ മാത്രമാണ് പോലീസ് ഇക്കാര്യം അറിയുന്നത്.
വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടിയാണ് ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി ജയില്‍ ചാടിയത് എന്നാണ് പോലീസ് പറയുന്നത്. നല്ല ഉയരമുളള മതിലും ഇലക്ട്രിക് ഫെന്‍സിംഗും ഉളള ജയിലില്‍ നിന്ന് ഒറ്റക്കയ്യനായ കുറ്റവാളി എങ്ങനെ രക്ഷപ്പെട്ടു എന്ന ചോദ്യമാണ് ഉയരുന്നത്. ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
ഗോവിന്ദച്ചാമിയെ പോലൊരു കൊടുംകുറ്റവാളി രക്ഷപ്പെട്ടത് കനത്ത സുരക്ഷാ വീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പോലീസിനും ആഭ്യന്തര വകുപ്പിനും എതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ഒറ്റക്കയ്യന് പുഷ്പം പോലെ ഇറങ്ങിപ്പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകളെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ചോദിക്കുന്നു.

സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' ഗോവിന്ദ ചാമി ജയിൽ ചാടി രക്ഷപ്പെട്ട വാർത്ത അറിഞ്ഞു ഞെട്ടിപ്പോയി. (ലോക ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യൻ ജെയിൽ ചാടുന്നത്). ട്രെയിനിൽ നിന്ന് സൗമ്യ എന്നാ ഒരു പാവം പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും ആണ് ഗോവിന്ദ ചാമി ജയിൽ ചാടിയത്. ഒറ്റക്കയ്യൻ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ട് എന്ന് ജനം എങ്ങനെ വിശ്വസിക്കും?
ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാൻ പറ്റുന്നതാണോ നമ്പർ 1 കേരളത്തിലെ ജയിലുകൾ? ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടൻ ബിരിയാണി, ചിക്കൻ , മീൻ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാൽ ഇതൊക്കെ സംഭവിക്കാം.. ഇനിയെങ്കിലും ജയിലിൽ നോൺ വെജ് കൊടുക്കരുത്..പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താൽ മതി.
(വാൽ കഷ്ണം...ഇവൻ ഈ ചെയ്ത കൊലപാതകം ഉത്തർ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കിൽ, അന്നേ, യു പി മോഡൽ ശിക്ഷ നൽകി പടമായേനേ... )''.
ഗോവിന്ദച്ചാമി രക്ഷപ്പെട്ടതിൽ ജയിൽ വകുപ്പ് മന്ത്രി രാജി വെച്ച് ആ ജോലിക്ക് പറ്റാവുന്ന ആരെയെങ്കിലും ഏൽപ്പിക്കണമെന്ന് അഡ്വ ഹരീഷ് വാസുദേവൻ തുറന്നടിച്ചു. '' ഗോവിന്ദസ്വാമി എന്ന കുറ്റവാളി ജയിൽ ചാടി. (ഗോവിന്ദച്ചാമി അല്ല സ്വാമി ആണ്). സ്ത്രീകളുടെ സ്വൈര്യജീവിതവും ഉറക്കവും കെടുത്തുന്ന വാർത്തയാണ്. പതിവ് പോലെ വല്ല ജയിൽ വാർഡനെയും സസ്പെൻഡ് ചെയ്തു സർക്കാർ കൈകഴുകുമായിരിക്കും. കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ജയിൽ അധികൃതരുടെ സഹായവും ഇല്ലാതെ ഒരു പ്രതിക്കും ജയിൽ ചാടാൻ പറ്റില്ല. ജയിലിന്റെ സുരക്ഷ, ഭരണപരമായ കുഴപ്പങ്ങൾ എല്ലാം ചേർന്നാണ് ഒരാൾക്ക് ചാടാൻ വഴി ഒരുക്കുന്നത്. അതൊരു ഉദ്യോഗസ്ഥന്റെ മാത്രം പിഴവാവില്ല സിസ്റ്റത്തിന്റെ പിഴവാണ്. ജയിലിൽ കൈക്കൂലി ഉണ്ടെന്നത് അറിയാത്ത ഏക ആൾക്കാർ ചിലപ്പോൾ സർക്കാർ ആയിരിക്കും.
ഒരു കൊടും കുറ്റവാളിയെ ജയിലിൽ സൂക്ഷിക്കാൻ പോലും പറ്റുന്നില്ലെങ്കിൽ സർക്കാർ ഈ പണി അവസാനിപ്പിച്ച് പോകണം. ജയിൽ വകുപ്പ് മന്ത്രി രാജി വെച്ച് ആ ജോലിക്ക് പറ്റാവുന്ന ആരെയെങ്കിലും ഏൽപ്പിക്കണം. വധശിക്ഷ വേണമെന്ന പൊതുബോധം ഊട്ടിയുറപ്പിക്കാൻ മാത്രമല്ല, പൗരന്റെ സുരക്ഷയ്ക്ക് സ്റ്റേറ്റ് പരാജയമാണ് തോക്ക് ലൈസൻസിന് അപേക്ഷിക്കുന്നതാണ് നല്ലത് എന്ന് തോന്നിപ്പിക്കുന്ന പൊതുബോധം ഉണ്ടാക്കാനേ ഇത്തരം വീഴ്ചകൾ ഉതകൂ'' .












Click it and Unblock the Notifications