Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോവിന്ദച്ചാമിയുടെ ഒന്നര മാസത്തെ പ്ലാനിംഗ്, ചോറ് ഒഴിവാക്കി തടി കുറച്ചു, ഉപ്പിട്ട് സെൽ കമ്പി തുരുമ്പിപ്പിച്ചു!

ഗോവിന്ദച്ചാമിയെ കുറിച്ച് സൗമ്യയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് വിദഗ്ധയായ ഷെര്‍ലി വാസു പറഞ്ഞിട്ടുളളത്, അമേരിക്കയിലെ നരഭോജിയായ ക്രിമിനല്‍ കുറ്റവാളിയുടെ മുഖപ്രകൃതമാണ് പലപ്പോഴും അയാളില്‍ കണ്ടിരുന്നത് എന്നാണ്. സൗമ്യയെന്ന പെണ്‍കുട്ടിയെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്താണ് ഒറ്റക്കയ്യനായ ഗോവിന്ദച്ചാമി കൊലപ്പെടുത്തിയത്. മുന്‍പും നിരവധി കുറ്റകൃത്യങ്ങള്‍ ചെയ്ത ഇയാള്‍ കൃത്യമായ ആസൂത്രണത്തോടെയാണ് സൗമ്യയെ ആക്രമിച്ചതെന്നും ഷേര്‍ളി വാസു പറയുന്നു.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്ത് കടക്കാന്‍ ഗോവിന്ദച്ചാമിയെ സഹായിച്ചതും ഇതേ ആസൂത്രണ ബുദ്ധിയാണ്. ജയിലില്‍ നിന്നും രക്ഷപ്പെടാനുളള പദ്ധതി ഇയാള്‍ ആരംഭിച്ചത് ഇന്നോ ഇന്നലെയോ അല്ലെന്നാണ് വിവരം. ഒന്നര മാസമായി രക്ഷപ്പെടാനുളള തന്ത്രം മെനയുകയായിരുന്നു എന്നാണ് ഗോവിന്ദച്ചാമി പോലീസിന് നല്‍കിയ മൊഴി. വളരെ നാളുകളായി ഇയാള്‍ ജയിലില്‍ നിന്ന് ചോറ് കഴിച്ചിരുന്നില്ല. ചപ്പാത്തി മാത്രമാണ് ഭക്ഷണം. തടി കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ഇത്. അതും ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കാനുളള പ്രത്യേക അനുമതി ഡോക്ടറിൽ നിന്ന് നേടിയ ശേഷം.

അലർജിയാണെന്ന കാരണം പറഞ്ഞ് നാളുകളായി ഇയാൾ താടിയോ മുടിയോ വെട്ടിയിരുന്നില്ല. പ്രത്യേക അനുമതി വാങ്ങി താടിയും മുടിയും വളർത്തി. പുറത്തിറങ്ങിയാൽ തിരിച്ചറിയാതിരിക്കാനുളള നീക്കമായിരുന്നു ഇത്. തടി കുറച്ചതും താടിയും മുടിയും വളർത്തിയതുമൊന്നും പോലീസിൽ ഒരു സംശയവും ഉണ്ടാക്കിയില്ല എന്നതാണ് അമ്പരപ്പിക്കുന്ന കാര്യം.

മാത്രമല്ല, ജയിലില്‍ വളപ്പില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്ന സ്ഥലത്ത് നിന്ന് രണ്ട് ഹാക്‌സോ ബ്ലേഡിന്റെ കഷണങ്ങള്‍ ഇയാള്‍ നേരത്തെ സ്വന്തമാക്കി ഒളിപ്പിച്ചു വെച്ചു. ഇത് ഉപയോഗിച്ചാണ് ഇയാള്‍ സെല്ലിന്റെ കമ്പി മുറിച്ചത്. വളരെ നാളുകള്‍ എടുത്താണ് സെല്ലിന്റെ കമ്പി മുറിച്ച് വെച്ചത്. ഇത് പോലീസുകാര്‍ കണ്ടെത്താതിരിക്കാന്‍ നൂല് വെച്ച് മറച്ചു. സെല്ലിന്റെ കമ്പിയില്‍ ഉപ്പിട്ട് തുരുമ്പിപ്പിച്ച ശേഷമായിരുന്നു ഈ നീക്കങ്ങളെല്ലാം. സെല്‍ കമ്പിയുടെ താഴെ ഭാഗത്ത് പകുതിയോളം ആയിരുന്നു മുറിച്ച് വെച്ചിരുന്നത്. ഈ കമ്പി വളച്ചാണ് ഗോവിന്ദച്ചാമി സെല്ലില്‍ നിന്ന് പുറത്ത് കടന്നത്.

Govindachami

കൊടും കുറ്റവാളികളെ പാര്‍പ്പിക്കുന്ന പത്താം നമ്പര്‍ ബ്ലോക്കില്‍ ആണ് ഗോവിന്ദച്ചാമിയെ പാര്‍പ്പിച്ചിരുന്നത്. ഇവിടെ സിസിടിവി ഇല്ല. വരാന്തയില്‍ മാത്രമാണ് സിസിടിവി ഉളളത്. സെല്ലുകളില്‍ രാത്രികളില്‍ വാര്‍ഡന്‍ പരിശോധന നടത്തും. ഇത് പ്രകാരം പുലര്‍ച്ചെ ഒരു മണിക്ക് വാര്‍ഡന്‍ ഗോവിന്ദച്ചാമിയുടെ സെല്ലില്‍ എത്തുകയും ഇയാള്‍ അകത്തുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു. വാര്‍ഡന്‍ പോയതിന് തൊട്ട് പിന്നാലെ ഒന്നേ കാലോട് കൂടിയാണ് ഇയാള്‍ സെല്ലില്‍ നിന്ന് പുറത്ത് കടന്നത്. അതിന് ശേഷം മൂന്ന് മണിക്കൂറോളം ഇയാൾ മതിലിന് സമീപത്ത് ഒളിച്ചിരുന്നിട്ടും ആരുടേയും ശ്രദ്ധയിൽപ്പെട്ടില്ല.

രക്ഷപ്പെടാനുളള തുണി ഉപയോഗിച്ചുളള കയറും മതിലിലേക്ക് കയറാനുളള ഡ്രമ്മും എല്ലാം നേരത്തെ തന്നെ ഗോവിന്ദച്ചാമി തയ്യാറാക്കി വെച്ചിരുന്നു. ജയില്‍ മോചിതരായ പ്രതികളുടെ വസ്ത്രങ്ങളും മറ്റ് വേസ്റ്റ് തുണികളും പുതപ്പും ഒക്കെ ഉപയോഗിച്ചാണ് ഇയാള്‍ കയറുണ്ടാക്കിയത്. വെള്ളം സൂക്ഷിക്കുന്ന ഡ്രമ്മാണ് ഇയാള്‍ മതിലിന് സമീപത്തേക്ക് നേരത്തെ എത്തിച്ചത്. ഇതില്‍ ചവിട്ടി കയറി തുണി മുകളിലേക്ക് എറിഞ്ഞ് ഇലക്ട്രിക് ഫെന്‍സില്‍ കുരുക്കുകയായിരുന്നു. രണ്ട് വര്‍ഷത്തോളമായി ഈ ഫെന്‍സില്‍ വൈദ്യുതി ഇല്ല എന്നുളള വിവരവും രക്ഷപ്പെടാന്‍ ഗോവിന്ദച്ചാമിക്ക് സഹായകരമായി. ഇരുട്ടിൽ കാണാതിരിക്കാനായി കറുത്ത നിറത്തിലുളള വേഷങ്ങൾ നേരത്തെ സംഘടിപ്പിച്ച് അത് ധരിച്ചായിരുന്നു ജയിൽ ചാട്ടം. പുറത്ത് ഇറങ്ങിയ ശേഷം ഇയാൾ വേഷം മാറ്റി.

കേരളം വിടാനായിരുന്നു ഉദ്ദേശം എന്നാണ് ഗോവിന്ദച്ചാമി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. റെയിൽ സ്റ്റേഷനിലേക്ക് പോകാനായിരുന്നു പദ്ധതി. അവിടെ നിന്ന് ഗുരുവായൂർ പോലുളള ഏതെങ്കിലും സ്ഥലത്തേക്ക് പോയി മോഷണം നടത്തി പണം സംഘടിപ്പിച്ച ശേഷം സംസ്ഥാനം വിടാനായിരുന്നു നീക്കം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+