പിസി ജോര്‍ജ്ജിനെന്താ പ്രതിപക്ഷത്തിന്റെ അടുത്ത് കാര്യം?
തിരുവനന്തപുരം: ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാരിനുള്ളില്‍ തന്നെ ചിലര്‍ പ്രതിപക്ഷത്തെപ്പോലെയാണ് പെരുമാറുന്നതെന്നാണ് ആക്ഷേപം. കുറേ കാലം അത് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനായിരുന്നു. പിന്നീട് പലപ്പോഴും സര്‍ക്കാരിന്റെ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് തന്നെ ആയി അത്.
ബാര്‍ കോഴ ആരോപണം നേരിടുന്ന കെഎം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് പറഞ്ഞ് സമരം ചെയ്യുന്ന ഇടതുപക്ഷ എംഎല്‍എ മാരുടെ അടുത്ത് പിസി ജോര്‍ജ്ജ് പോയി എന്നതാണ് പുതിയ വാര്‍ത്ത. എന്തിനായിരിക്കും പിസി ജോര്‍ജ്ജ് അങ്ങനെ ചെയ്തത്.
കോഴ ആരോപണം നേരിടുന്ന കെഎം മാണി പിസി ജോര്‍ജ്ജിന്റെ പാര്‍ട്ടിക്കാരനാണ്. വെറും പാര്‍ട്ടിക്കാരനല്ല, പാര്‍ട്ടി ചെയര്‍മാന്‍ ആണ്. പക്ഷേ ജോര്‍ജ്ജിനിപ്പോള്‍ പ്രിയം ഇടതിനോടാണെന്ന് ഭരണപക്ഷത്തെ ചില അംഗങ്ങള്‍ക്കും ജോര്‍ജ്ജിന്റെ പാര്‍ട്ടിക്കാര്‍ക്കും തന്നെ അഭിപ്രായമുണ്ട്.

ബാര്‍ കോഴ വിഷയത്തിലായാലും നിസാം കേസില്‍ ആയാലും സമീപകാലത്ത് ജോര്‍ജ്ജ് നടത്തിയ ഇടപെടലുകള്‍ സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിട്ടുള്ളത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചീഫ് വിപ്പിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഭാഗമായി നിന്നുകൊണ്ടുള്ള വിമര്‍ശനങ്ങള്‍ അംഗീകരിക്കാനില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
എന്തായാലും കുത്തിയിരിപ്പ് സമരം ചെയ്യുന്ന പ്രതിപക്ഷ എംഎല്‍എമാരെ സര്‍ക്കാര്‍ ചീഫ് വിപ്പ് സന്ദര്‍ശിച്ചത് ചിലരിലെങ്കിലും സംശയം ജനിപ്പിച്ചിട്ടുണ്ട്. ഇതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.












Click it and Unblock the Notifications