ചക്കിട്ടപാറ അന്വേഷണത്തിന് പ്രത്യേക വിജിലന്‍സ് സംഘം
തിരുവനന്തപുരം: ചക്കിട്ടപാറയിലും മാവൂരിലും കാക്കൂരിലും ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച് പ്രത്യേക വിജിലന്‍സ് സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഖനനാനുമതി വിവാദയമായ സാഹചര്യത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണം എന്ന് വ്യവസായ വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുമായും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി വിജുലന്സ് അന്വേഷണം പ്രഖ്യാപിച്ചത്.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ചക്കിട്ടപാറയില്‍ ഇരുമ്പയിര് ഖനനം നടത്താന്‍ ബെല്ലാരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എംഎസ്പിഎല്‍ കമ്പനിക്ക് അനുമതി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരം ആയിരുന്നു ഇത്. ബെല്ലാരി കമ്പനിക്ക് ഖനനാനുമതി നല്‍കിയതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് മാത്രമായിരിക്കും വിജിലന്‍സ് സംഘം അന്വേഷിക്കുക.
എംഎസ്പിഎല്‍ കമ്പനിക്ക് ഖനനത്തിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് അന്നത്തെ വ്യവസായ മന്ത്രി എളമരം കരീമിനെതിരെ ഉയര്‍ന്നുവന്ന കോഴ ആരോപണങ്ങള്‍ ഈ അന്വേഷണത്തിന്റെ ഭാഗമാകില്ലെന്നാണ് സൂചന. കരീമിന്റെ ബന്ധുവായ നൗഷാദിന്റെ ഡ്രൈവറാണ് കരീം അഞ്ച് കോടി രൂപ കോഴ വാങ്ങിച്ചുവെന്ന് വെളിപ്പെടുത്തിയത്.
ചക്കിട്ടപാറ ഖനന വിവാദത്തില്‍ അന്വേഷണ പ്രഖ്യാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നു.