സ്വത്ത് കണ്ടുകെട്ടൽ; പിഎഫ്‌ഐ പ്രവർത്തകർ അല്ലാത്തവരുടെ സ്വത്തുക്കൾ വിട്ടുനൽകി, സർക്കാർ ഹൈക്കോടതിയിൽ
സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് പിഴവ് സംഭവിച്ചെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.

കൊച്ചി: സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തി പൊതുമുതല്‍ നശിപ്പിച്ച് നാശനഷ്ടമുണ്ടാക്കിയതുമായി ബന്ധപ്പെട്ട ജപ്തി നടപടിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അല്ലാത്തവരുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ വിട്ടുനല്‍കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ത്താലില് പൊതുമുതല്‍ നശിപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവരുടെ സ്വത്തുക്കള്‍ കോടതി നിര്‍ദ്ദേശ പ്രകാരം കണ്ടുകെട്ടിയത്. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്ന പരാതി ഉയര്‍ന്നിരുന്നു.
ഈ സ്വത്തുക്കള്‍ വിട്ടുനല്‍കിയതായാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് പിഴവ് പറ്റി ഉള്‍പ്പെടുത്തിയവരുടെ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ഹര്‍ജിക്കാരനായ കാടാമ്പുഴ സ്വദേശി ടി പി യൂസുഫിന്റേതുള്‍പെടെ 18 പേര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിറക്കി . അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്റെ നടപടി. സംസ്ഥാന പൊലീസ് മേധാവിയുടെയും ലാന്‍ഡ് റവന്യു കമ്മിഷണറുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. ക്ലെയിംസ് കമ്മിഷണറെയാണ് ഹര്‍ത്താലിന്റെ പൊതുമുതല്‍ നഷ്ടം കണക്കാക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത് .
ഇതിന് വേണ്ടി ക്ലെയിംസ് കമ്മിഷണര്‍ക്ക് ഓഫീസ് തുറക്കുന്നതിന് ആറ് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. അടുത്ത ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അതേസമയം, സ്വത്ത് കണ്ടുകെട്ടുന്നതുമായി ബന്ധപ്പെട്ട് പിഴവ് സംഭവിച്ചെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. തിരക്കിട്ട് നടപടി പൂര്‍ത്തിയാക്കിയപ്പോള്‍ പി എഫ് ഐയുമായി ബന്ധമില്ലാത്തവരുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. പേരിലെ സാമ്യം ആണ് പിഴവ് പറ്റാന്‍ കാരണമെന്നാണ് വിശദീകരണം. തെറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ തിരുത്തല്‍ നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു .
ഹര്‍ത്താലില്‍ 5.2 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. ഇത് പി എഫ് ഐ നേതാക്കളില്‍ നിന്ന് ഈടാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് നേതാക്കളുടെ ആസ്തികള്‍ ജപ്തി ചെയ്ത് തുക കണ്ടെത്താന്‍ കോടതി ഉത്തരവിട്ടത് . സര്‍ക്കാര്‍ വിമുഖത കാണിച്ചെങ്കിലും കോടതി കര്‍ശനമായി തന്നെ ഇതില്‍ ഇടപെട്ടു. സ്വത്ത് വകകള്‍ ജപ്തി ചെയ്ത ആളുകളുടെ പി എഫ് ഐ ബന്ധം തെളിയിക്കുന്ന രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശം നല്‍കിയിരുന്നു. 2022 സെപ്റ്റംബര്‍ 23 നാണ് സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താല്‍ നടത്തിയത് .












Click it and Unblock the Notifications