'സമരം ചെയ്യാൻ ഇതുവരെ ഇങ്ങോട്ട് വിളച്ചവർ ഇപ്പോൾ ഫോണെടുക്കുന്നില്ല';സർക്കാരിനെതിരെ തുറന്നടിച്ച് അലോഷ്യസ് സേവ്യർ
സർക്കാരിനെതിരെ തുറന്നടിച്ച് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ലെന്നും കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെ എസ് യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
'വെള്ളം കോരിയവരെയും വിറക് വെട്ടിയവരെയും നോക്കുകുത്തിയാക്കി മാറ്റുന്ന നയം അംഗീകരിക്കാനാവില്ല. ഇക്കാലമത്രയും വാദിച്ചതും ശബ്ദമുയർത്തിയതും കെ എസ് യു ആയി തെരുവിൽ ചോരയൊഴുക്കിയവർക്കും കേസുകളിൽ പ്രതിയായവർക്കും വേണ്ടിയാണ്. വ്യക്തിപരമായ ഒരു സർക്കാർ ആനുകൂല്യത്തിന് വേണ്ടിയും വാദിക്കാൻ ഉദ്ദേശമില്ല. എന്നാൽ കെ എസ് യുക്കാരായ സഹപ്രവർത്തകരെ കണ്ടില്ല എന്ന് നടിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ല.

കഴിഞ്ഞ പത്ത് വർഷക്കാലം പിണറായി സർക്കാരിനെതിരെ സമരം ചെയ്യാനും പ്രതിഷേധം ഉയർത്താനും നിരന്തരം വിളിച്ചുകൊണ്ടിരുന്ന നേതാക്കന്മാരുടെ ഫോണുകൾ ഇപ്പോൾ കെ എസ് യു സഹപ്രവർത്തകർക്ക് വേണ്ടി വിളിക്കുമ്പോൾ ഇൻകമിങ് സ്വീകരിക്കാത്തത് തെറ്റായ പ്രവണതയാണ്.
വഴിയിൽ കൂടി പോകുന്ന എസ് എഫ് ഐക്കാരെയൊക്കെ ചുമക്കേണ്ട ബാധ്യത യു ഡി എഫ് സർക്കാരിനില്ല. തിരുവനന്തപുരം നിയമ കലാലയത്തിൽ കെ എസ് യു ക്കാരെ നിരന്തരം മർദിക്കുന്നതിന് നേതൃത്വം കൊടുത്ത സംഘത്തിലുള്ളവരെ ഗവൺമെന്റ് പ്ലീഡറാക്കിയ നടപടി തിരുത്തപ്പെടേണ്ടതാണ്. എന്തുകൊണ്ട് പരസ്യമായി പ്രതികരിക്കുന്നു എന്ന ചോദ്യം പാർട്ടിയേ സ്നേഹിക്കുന്ന സഹപ്രവർത്തകർക്ക് ഉണ്ടാകുമെന്നതിനാൽ അതിനുള്ള മറുപടി കൂടി കുറിക്കാതിരിക്കാൻ വയ്യ. കരയുന്ന പിള്ളയ്ക്കേ ചോറുള്ളൂ എന്ന് വച്ചാൽ എന്ത് ചെയ്യും', എന്നാണ് പോസ്റ്റിൽ പറയുന്നത്.
അതേസമയം എസ് എഫ് ഐ നേതാവിരുന്ന ജയോണ ജെയിംസിനെ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതിനെതിരെ കെ എസ് യു നേതൃത്വം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 2015-19 കാലയളവിൽ ലോ കോളേജിലെ സജീവ എസ് എഫ് ഐ നേതാവായിരുന്ന ജയോണയെ ഇത്തരമൊരു സുപ്രധാന തസ്തികയിൽ നിയമിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് യുവജന സംഘടനയുടെ നിലപാട്. നിയമനം റദ്ദാക്കുകയോ പുനഃപരിശോധിക്കുകയോ വേണമെന്നും നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.












Click it and Unblock the Notifications