ക്ഷേമപെന്‍ഷനുകള്‍ വീണ്ടും വര്‍ധിപ്പിച്ച് സര്‍ക്കാര്‍; സൗജന്യ കിറ്റ് വിതരണം 4 മാസം കൂടി
തിരുവനന്തപുരം: ക്ഷേപമെന്‍ഷനുകള്‍ വീണ്ടും വര്‍ധിപ്പിച്ച് സര്‍ക്കാര്‍. എല്ലാവിധ ക്ഷേമപെന്‍ഷനുകളും 100 രൂപ വീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ ജനുവരി 1 മുതല്‍ അര്‍ഹരായവര്‍ക്ക് 1500 രൂപ വീതം പെന്‍ഷന്‍ ലഭിക്കും. സര്‍ക്കാറിന്‍റെ രണ്ടാം ഘട്ട നൂറ് ദിന പരിപാടികളുടെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സൗജന്യ ഭക്ഷണ കിറ്റ് വിതരം നാല് മാസം കൂടി തുടരും. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് ലഭിക്കും. ലൈഫ് പദ്ധതിയിലൂടെ മാര്‍ച്ചിനുള്ളില്‍ 15000 പേര്‍ക്ക് കൂടി വീട് നല്‍കും. 35000 വീടുകളുടെ കൂടി പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 5 ഭവന സമുച്ഛയങ്ങള്‍ കൂടി മാര്‍ച്ച് 31 ന് മുന്‍പ് തീര്‍ക്കും.
കൊച്ചി - മംഗലാപുരം ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനം ജനുവരി അഞ്ചിന് നിര്‍വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിൻ്റെ അഭിമാന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. മാര്‍ച്ച് 31 ന് മുന്‍പായി ഒൻപത് വ്യവസായ പദ്ധതികളുടെ ഉത്ഘാടനം നടത്തും.

വെര്‍ച്വല്‍ കയര്‍ മേള ഫെബ്രുവരിയില്‍ നടത്തും. കൊറോണ വൈറസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഓണക്കാലത്ത് പ്രഖ്യാപിച്ച നൂറു ദിന കര്‍മ പദ്ധതി മികച്ച പ്രതികരണം ഉണ്ടാക്കി. ആദ്യഘട്ടത്തില്‍ 50,000 തൊഴിൽ അവസരങ്ങളാണെങ്കിൽ 1,16 ,440 തൊഴിൽ അവസരങ്ങളുണ്ടാക്കാൻ സര്‍ക്കാരിന് സാധിച്ചു. രണ്ടാം ഘട്ട നൂറു ദിനം പദ്ധതിയിലും അൻപതിനായിരം പേർക് തൊഴിൽ വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി അറിയിച്ചു. നൂറ് ദിന പരിപാടിയുടെ രണ്ടാം ഘട്ടം ഡിസംബര്‍ 9 നായിരുന്നു തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം പ്രഖ്യാപനം വൈകുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications