'പ്രാണവായു തരൂ സർ'... ജനങ്ങളുടെ മുറവിളി... കേന്ദ്രസർക്കാർ കണ്ണ് തുറക്കണം;എംവി ജയരാജൻ
തിരുവനന്തപുരം; സംസ്ഥാനങ്ങളിൽ ആവശ്യമായ ഓക്‌സിജൻ എത്തിക്കാനും 1978 മുതൽ നടപ്പാക്കിവരുന്ന സൗജന്യ വാക്‌സിനേഷൻ പദ്ധതി തുടരുകയും വേണമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.
പ്രാണവായുവിന് വേണ്ടി ഊർദ്ധ്വശ്വാസം വലിക്കുന്ന രോഗികളും നിലവിളിക്കുന്ന ബന്ധുക്കളും- ഇതാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ. സ്ഥിതിയുടെ ഗൗരവാവസ്ഥ സുപ്രീംകോടതി പോലും തിരിച്ചറിയുകയും ആശങ്കപ്രകടിപ്പിക്കുകയും ചെയ്തു. പ്രാണവായുവിന് വേണ്ടിയുള്ള ജനങ്ങളുടെ മുറവിളി കേന്ദ്രസർക്കാറിന്റെ കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ഫേസ്ബുക്കിൽ ജയരാജൻ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം.

പ്രാണവായു തരൂ സർ എന്നാണ് പ്രധാനമന്ത്രിയോട് ഡൽഹിമുഖ്യമന്ത്രിയുടെ കൈകൂപ്പിയുള്ള കേണപേക്ഷ. ആരുടെയും മനസ്സിനെ ആർദ്രമാക്കുന്നതാണ് ദൃശ്യമാധ്യമങ്ങളിൽ വന്ന ചിത്രവും റിപ്പോർട്ടും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്താൻ ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇത്തരമൊരു രംഗമുണ്ടായത്. ഓക്‌സിജൻ-വാക്‌സിൻ ക്ഷാമം പരിഹരിക്കാനാവശ്യമായ അടിയന്തിര നടപടികൾ കേന്ദ്രം സ്വീകരിക്കണമെന്നാണ് മുഖ്യമന്ത്രിമാരുടെ ആവശ്യം.
വാക്‌സിൻ സൗജന്യമായി സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ ആവശ്യപ്പെട്ടു. ഡൽഹി ഗംഗാറാം ആശുപത്രിയിൽ 25 പേരും മധ്യപ്രദേശിലെ ജബൽപൂരിൽ ഗ്യാലക്‌സി ആശുപത്രിയിൽ 5 പേരും ഓക്‌സിജൻ കിട്ടാതെയാണ് മരണപ്പെട്ടത്. മധ്യപ്രദേശിൽ തന്നെ നിരവധി സർക്കാർ ആശുപത്രികളിൽ ഓക്‌സിജൻ കിട്ടാതെ മരണങ്ങൾ നടന്നുവെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്.
അമ്മയ്ക്ക് ഓക്‌സിജൻലഭിക്കാൻ സഹായിക്കണമെന്ന് അപേക്ഷിച്ച മകനോട് 'രണ്ട് തല്ലാണ് നിങ്ങൾക്ക് കിട്ടേണ്ടത്' എന്ന് കേന്ദ്രമന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേൽ ആക്രോശിച്ചത് കഴിഞ്ഞദിവസമാണ്. കുറച്ചുമുമ്പാണ് ഗുജറാത്തിൽ ഓക്‌സിജൻ കിട്ടാതെ പിഞ്ചുകുഞ്ഞുങ്ങൾ പിടഞ്ഞുമരിച്ചത്. നാസിക്കിലാണെങ്കിൽ ഓക്‌സിജൻ ചോർച്ചയിലൂടെ നിരവധി രോഗികളാണ് മരണപ്പെട്ടത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഓക്‌സിജൻ ക്ഷാമം മൂലം നിരവധി രോഗികൾ ഗുരുതരാവസ്ഥയിലാണ്.
പ്രാണവായുവിന് വേണ്ടി ഊർദ്ധ്വശ്വാസം വലിക്കുന്ന രോഗികളും നിലവിളിക്കുന്ന ബന്ധുക്കളും- ഇതാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ദൃശ്യങ്ങൾ. സംസ്ഥാനങ്ങളിൽ ആവശ്യമായ ഓക്‌സിജൻ എത്തിക്കാനും 1978 മുതൽ നടപ്പാക്കിവരുന്ന സൗജന്യ വാക്‌സിനേഷൻ പദ്ധതി തുടരുകയും വേണം. സ്ഥിതിയുടെ ഗൗരവാവസ്ഥ സുപ്രീംകോടതി പോലും തിരിച്ചറിയുകയും ആശങ്കപ്രകടിപ്പിക്കുകയും ചെയ്തു. പ്രാണവായുവിന് വേണ്ടിയുള്ള ജനങ്ങളുടെ മുറവിളി കേന്ദ്രസർക്കാറിന്റെ കണ്ണ് തുറപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.












Click it and Unblock the Notifications