ജിത്തുവിനെ ചുട്ടുകൊന്ന കേസ്: ജയമോള്‍ പറയുന്നത് കള്ളം, വിവാഹത്തിന് ഒരുമിച്ചെത്തി!!
മൃതദേഹത്തില്‍ വെട്ടിയതായി കണ്ടില്ലെന്നാണ് പറയപ്പെടുന്നത്. കത്തിച്ച ശേഷം അടര്‍ത്തുകയായിരുന്നുവെന്നാണ് പരിശോധനയില്‍ ലഭ്യമായ സൂചന.
Recommended Video

കൊല്ലം: പതിനാലുകാരന്‍ ജിത്തു ജോബിനെ കൊലപ്പെടുത്താന്‍ കാരണം സ്വത്തുമായി ബന്ധപ്പെട്ട കാര്യമാണെന്നായിരുന്നു അമ്മ ജയമോള്‍ പോലീസിന് നല്‍കിയ മൊഴി. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അത്ര ഗൗരവത്തോടെ സംസാരിക്കാന്‍ ജിത്തു ആയിട്ടില്ല എന്നത് കേസ് നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഇക്കാര്യത്തില്‍ പോലീസിനും സംശയമുണ്ട്. ഇനി വസ്തു ഓഹരി തര്‍ക്കം തന്നെയാണ് ജയമോളെ പ്രകോപിപ്പിച്ചത് എന്നിരിക്കട്ടെ. ചുട്ടു കൊല്ലാനും ശേഷം മൃതദേഹം പിളര്‍ത്താനുമുള്ള പകയ്ക്ക് അതു കാരണമാകുമോ? ഒട്ടനവധി ചോദ്യങ്ങള്‍ കേസില്‍ ഉയരുന്നതിനിടെയാണ് ജയമോള്‍ പറഞ്ഞത് കള്ളമാണെന്ന വാദം ഉയരുന്നത്. ജിത്തു ജോബിന്റെ മുത്തച്ഛനും ഭാര്യയുമാണ് ഇക്കാര്യം പറയുന്നത്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് ജിത്തു മുത്തച്ഛന്റെ വീട്ടില്‍ പോയിരുന്നു...

ജിത്തു വന്നിരുന്നു
ജിത്തു ജോബിന്റെ കൊലപാതകത്തിന് കാരണം സ്വത്ത് ഓഹരി തര്‍ക്കമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു. സ്വത്തുമായി ബന്ധപ്പെട്ട ഒരു കാര്യവും ജിത്തുവുമായി സംസാരിച്ചിട്ടില്ലെന്നും കാണാതാകുന്നതിന് തൊട്ടുമുമ്പ് പതിവ് പോലെ തങ്ങളെ കാണാന്‍ ജിത്തു വന്നിരുന്നുവെന്നും മുത്തച്ഛനും ഭാര്യ അമ്മിണി ജോണും പറയുന്നു.

തിരിച്ചുപോയത് ആറ് മണിക്ക്
മുത്തശ്ശിയുടെ കൈയ്യില്‍ നിന്ന് ചായ കുടിച്ച ശേഷം ആറു മണിയോടെയാണ് ജിത്തു തിരിച്ചുപോയത്. പത്ത് മണിയോടെയാണ് ജിത്തുവിനെ കാണാനില്ലെന്ന് വിവരം ലഭിച്ചത്. തുടര്‍ന്ന് നടന്ന തിരിച്ചിലില്‍ മുത്തച്ഛനും ഭാഗമായിരുന്നു. പക്ഷേ, കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.

വിവാഹത്തിനെത്തി
ജിത്തുവിനെ കാണാതായ തിങ്കളാഴ്ച രാവിലെ കുരീപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ ജിത്തുവും അമ്മ ജയമോളും വന്നിരുന്നു. വളരെ സന്തോഷത്തോടെയാണ് ജയമോളെ അവിടെ കണ്ടത്. എല്ലാവരുമായും സംസാരിച്ച ശേഷം ജിത്തുവിനെയും കൂട്ടിയാണ് ജയമോള്‍ മടങ്ങിയത്.

തര്‍ക്കമില്ല
വസ്തു ഓഹരി തര്‍ക്കത്തിന്റെ കാര്യം കൊലപാതകവുമായി ബന്ധപ്പെട്ട് ഉദിക്കുന്നില്ലെന്നാണ് മുത്തച്ഛന്‍ പറയുന്നത്. കാരണം ആകെയുള്ള ഒരേക്കര്‍ മുപ്പത് സെന്റ് ഭൂമി തന്റെ രണ്ടു മക്കള്‍ക്കുമായി വീതിച്ചു വില്‍പ്പത്രം എഴുതിയതാണ്. അക്കാര്യത്തില്‍ ഒരു തര്‍ക്കവും നിലനില്‍ക്കുന്നില്ല.

വിശ്വസിക്കില്ല
ജിത്തുവിന്റെ അച്ഛന്‍ ജോബിന് 70 സെന്റാണ് നല്‍കിയിരിക്കുന്നത്. മക്കളുമായോ കൊച്ചുമക്കളുമായോ വസ്തു വീതംവയ്ക്കുന്ന കാര്യങ്ങള്‍ സംസാരിച്ചിട്ടുപോലുമില്ലെന്ന് മുത്തച്ഛന്‍ വ്യക്തമാക്കുന്നു. വസ്തു നല്‍കില്ലെന്ന് ജിത്തു പറഞ്ഞതാണ് ജയമോളെ പ്രകോപിപ്പിച്ചതെന്ന മൊഴി വിശ്വസിക്കില്ലെന്നും മുത്തച്ഛന്‍ ജോണിക്കുട്ടി പറയുന്നു.

ഒറ്റയ്ക്ക് ചെയ്യുമോ?
കൊലപാതകത്തിന് കാരണം മറ്റെന്തോ ആണെന്നാണ് മുത്തച്ഛന്റെയും ഭാര്യയുടെയും വാക്കുകളില്‍ സംശയം ഉയരുന്നത്. താന്‍ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് ജയമോള്‍ കോടതിയിലും പറയുന്നത്. ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

വിശദമായ അന്വേഷണം
മറ്റെന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയില്‍ പോലീസ് കൂടുതല്‍ പേരെ ചോദ്യം ചെയ്യുന്നുണ്ട്. പതിനാലുകാരന്റെ മൃതദേഹം എങ്ങനെ ജയമോള്‍ ഒറ്റയ്ക്ക് വീടിന് പുറത്ത് മതിലിന്റെ അപ്പുറത്ത് എത്തിച്ചുവെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കൃത്യം നടന്നതും കുട്ടിയെ കാണാതായി എന്ന് എല്ലാവരും അറിയുന്നതും തമ്മില്‍ ഏതാനും മണിക്കൂറുകളുടെ മാത്രം ഇടവേളയാണുള്ളത്.

ബാക്കിയാകുന്നത്
ഇത്രയും സമയത്തിനകം എങ്ങനെ കൊലപാതകം നടത്തി മൃതദേഹം കത്തിച്ച് ദൂരെ എത്തിച്ചുവെന്ന ചോദ്യം ന്യായമാണ്. മൃതദേഹം കിടന്ന വാഴത്തോട്ടം അര കിലോ മീറ്ററോളം അകലെയാണ്. ജയമോള്‍ ഒറ്റയ്ക്ക് ഇത്രയും ദൂരം മൃതദേഹമെത്തിച്ചുവെന്ന കാര്യത്തിലും പോലീസിന് സംശയം ബാക്കിയാണ്.

വെട്ടുകത്തിയിലും സംശയം
തിങ്കളാഴ്ച രാത്രിയാണ് കൊലപാതകം നടന്നതായി കണക്കാക്കുന്നത്. ബുധനാഴ്ച വൈകീട്ട് മൃതദേഹം വാഴത്തോട്ടത്തില്‍ കണ്ടെത്തി. എന്നാല്‍ നായ്ക്കളോ മറ്റു ജീവികളോ മൃതദേഹം കടിച്ചുവലിച്ചതായി കാണുന്നുമില്ല. കൂടാതെ മൃതദേഹത്തിന് അരികില്‍ കണ്ട വെട്ടുകത്തിയുടെ കാര്യത്തിലും സംശയമുണ്ട്.

പിന്നെയുമുണ്ട്
കാരണം, മൃതദേഹത്തില്‍ വെട്ടിയതായി കണ്ടില്ലെന്നാണ് പറയപ്പെടുന്നത്. കത്തിച്ച ശേഷം അടര്‍ത്തുകയായിരുന്നുവെന്നാണ് പരിശോധനയില്‍ ലഭ്യമായ സൂചന. മാത്രമല്ല, മൃതദേഹം കത്തിച്ചാലുണ്ടാകുന്ന ഗന്ധം വളരെ ദൂരത്തില്‍ എത്തും. പക്ഷേ, നാട്ടുകാര്‍ക്ക് തുടക്കത്തില്‍ ഇങ്ങനെ സംശയം ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications