ഓഖി: സഹായധന വിതരണം വേഗത്തിലാക്കും... മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രിയുടെ വക 2 ലക്ഷം
പരിക്കേറ്റു കഴിയുന്നവര്‍ക്കു 20,000 രൂപ വരെ സഹായധനമായി നല്‍കും
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ ഇരയായവര്‍ക്കുള്ള സഹായധന വിതരണം വേഗത്തിലാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മന്ത്രിസഭാ തീരുമാനം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മരിച്ചവരുടെ കുടുംബത്തിന് പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം രൂപ ഒരുമിച്ചു തന്നെ നല്‍കും. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗുരുതരമായി പരിക്കു പറ്റിയവര്‍ക്കു മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞാല്‍ ധനസഹായം ലഭ്യമാക്കും. പരിക്കേറ്റു കഴിയുന്നവര്‍ക്കു 20,000 രൂപ വരെ സഹായധനമായി നല്‍കും. ക്ഷേമനിധി അംഗത്വം ഇല്ലാത്തവര്‍ക്കും സഹായം നല്‍കും. മാതാപിതാക്കളുടെയും മക്കളുടെയും സംരക്ഷണത്തിന് പ്രത്യേക പദ്ധതിയും തയ്യാറാക്കിയിട്ടുണ്ട്. ബദല്‍ ജീവനോപാധിയായി അഞ്ചു ലക്ഷം രൂപ വരെ നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചു.
ക്യാബിനറ്റിലെ എല്ലാ അംഗങ്ങളും ഒരു മാസത്തെ ശമ്പളം ദുരന്തത്തില്‍ പെട്ടവര്‍ക്കായി സംഭാവന ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്റെ തീവ്രത കേന്ദ്രത്തിനു മനസ്സിലായിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നു 1,843 കോടി രൂപ സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നു പിണറായി അറിയിച്ചു. കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications