ഗ്രൂപ്പിസമാണ് കോണ്‍ഗ്രസിന്റെ വിജയം: സുധാകരന്‍
കണ്ണൂര്‍: കോണ്‍ഗ്രസിനകത്ത് ഇനി ഗ്രൂപ്പിസമില്ലെന്ന സോണിയ ഗാന്ധിയുടെ നിലപാടിനെ പരോക്ഷമായി തള്ളി കെ സുധാകരന്‍ എംപി രംഗത്ത്. കോണ്‍ഗ്രസിന്റെ വിജയ രഹസ്യം ഗ്രൂപ്പുകളാണെന്നും ഗ്രൂപ്പുകള്‍ ഇല്ലാതാകാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കള്‍ക്ക് ചുറ്റുമുള്ള ആരാധകവൃന്ദമാണ് ഗ്രൂപ്പുകള്‍. ഗ്രൂപ്പുള്ളപ്പോള്‍ തന്നെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോകും. പാര്‍ട്ടിയുടെ വിജയത്തിന് കാരണം ഗ്രൂപ്പ് പ്രവര്‍ത്തനാണ്. വരുന്ന തിരഞ്ഞെടുപ്പുകളില്‍ വിഎം സുധീരന്റെ കീഴില്‍ ഗ്രൂപ്പ് മറന്ന് പ്രവര്‍ത്തിക്കുമെന്ന് സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ്സില്‍ മാത്രമല്ല, മുസ്ലീംലീഗിലും ഗ്രൂപ്പുണ്ടെന്നും സുധാകരന്‍ തുറന്നടിച്ചു. കുഞ്ഞാലിക്കുട്ടിക്കും മുനീറിനും ആരാധകവൃന്ദമില്ലേ. ഗ്രൂപ്പ് നല്ലതാണ്. നേതാക്കള്‍ പറഞ്ഞാല്‍ ഗ്രൂപ്പ് കേള്‍ക്കും. കോണ്‍ഗ്രസ് വിട്ട് ആരും മറ്റൊരു പാര്‍ട്ടിയിലേക്ക് പോകാത്തതിന് കാരണവും ഈ ഗ്രൂപ്പാണ്- സുധാകരന്‍ പറയുന്നു.
കോണ്‍ഗ്രസിന് ഇനി ഗ്രൂപ്പുകളില്ലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന ഒറ്റപാര്‍ട്ടിയാണെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് പാര്‍ട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധി കൊച്ചിയില്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ എതിര്‍പ്പിനെ മറികടന്ന് വിഎം സുധീരനെ കെപിസിസി പ്രസഡന്റാക്കിയതിനെ സാധൂകരിച്ച് സംസാരിക്കവെയായിരുന്നു സോണിയയുടെ പരമാര്‍ശം. ഗ്രൂപ്പിസമില്ലാതെ ഒറ്റക്കെട്ടായി നിന്നാലെ തിരഞ്ഞെടുപ്പുകളില്‍ വിജയം സുനിശ്ചിതമാകുകയുള്ളൂ എന്ന് സോണിയ പറഞ്ഞിരുന്നു.












Click it and Unblock the Notifications