'കെ സുധാകരന്‍ വേണ്ട': കെപിസിസി അധ്യക്ഷനെതിരെ പടയൊരുക്കവുമായി ഗ്രൂപ്പുകള്‍
തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പുകളുടെ പടയൊരുക്കം. അധ്യക്ഷ സ്ഥാനത്ത് നിന്നും സുധാകരനെ മാറ്റണമെന്ന അഭിപ്രായത്തില്‍ ഗ്രൂപ്പുകളും പ്രതിപക്ഷ നേതാവിനൊപ്പം നില്‍ക്കുന്നവരും ഒറ്റക്കെട്ടാണ്. തിരഞ്ഞെടുപ്പ് സമയത്ത് ആക്ടിങ് പ്രസിഡന്റായിരുന്ന എംഎം ഹസനെ നിയമിച്ച് സുധാകരനെ ഒരു പരിധിവരെ മാറ്റി നിർത്താന്‍ മറ്റ് ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞിരുന്നു.
സുധാകരന് തിരികെ പദവി കൊടുക്കാതെ ഹസനെ തന്നെ പരമാവധി കസേരയില്‍ ഇരുത്താനായിരുന്നു നീക്കം. എന്നാല്‍ ഹൈക്കമാന്‍ഡില്‍ ശക്തമായ സമ്മർദം ചെലുത്തി കെ സുധാകരന്‍ കസേര തിരികെ പിടിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരന്‍ തിരികെ വന്നെങ്കിലും അദ്ദേഹത്തെ മാറ്റണമെന്ന അഭിപ്രായത്തില്‍ മറ്റുള്ളവർ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്.

രാഷ്ട്രീയ നിലപാട് പറയേണ്ട വേളയില്‍ അത് ചെയ്യാതെ വിവാദമുണ്ടാക്കി, സംഘട തലത്തില്‍ പാർട്ടിയെ ശക്തിപ്പെടുത്താന്‍ സുധാകരന് കഴിഞ്ഞിട്ടില്ല, പ്രവർത്തകരെ പാർട്ടിയില്‍ നിന്നും അകറ്റി തുടങ്ങിയ ആരോപണങ്ങളും എതിരാളികള്‍ ഉന്നയിക്കുന്നു.
മറുവശത്ത് സുധാകര പക്ഷവും കരുതിക്കൂട്ടി തന്നെയാണ്. ഇരുപതില്‍ ഇരുപതും നേടുമെന്ന് പറയുന്നുണ്ടെങ്കിലും പാർട്ടിക്കുള്ളില്‍ തന്നെ അത്രയും പ്രതീക്ഷയില്ല. മാത്രവുമല്ല നിലവിലെ 19 സീറ്റില്‍ നിന്നും താഴേക്ക് പോകാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയുള്ള ഫലമാണ് വരുന്നതെങ്കില്‍ ഭരണ വിരുദ്ധ വികാരത്തെ അനുകൂലമാക്കി മാറ്റാന്‍ കഴിയാതിരുന്നത് പ്രതിപക്ഷ നേതാവിന്റെ പരാജയമാണെന്ന ആരോപണമായിരിക്കും സുധാകര പക്ഷം ഉന്നയിക്കുക.
കെ പി സി സി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി എം എം ഹസന്റെ നടപടി സുധാകരന്‍ റദ്ദാക്കിയത് അടക്കമുള്ള കാര്യങ്ങളാണ് എ ഗ്രൂപ്പിനെ ചൊടിപ്പിച്ചതില്‍ പ്രധാനം. ലത്തീഫിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി റദ്ദാക്കിയത് ഹസനെ അപമാനിക്കാനാണെന്ന് എ ഗ്രൂപ്പ് ആരോപിക്കുന്നു. ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അദ്ദേഹത്തെ പാർട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്.
ലോക്സഭാ തെരഞ്ഞെടുപ്പു ഫലം വന്നതിനു ശേഷം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും. കെ പി സി സി, ഡി സി സി തലത്തിൽ വലിയ രീതിയില്‍ തന്നെ പൊളിച്ചെഴുത്തുണ്ടാകും. പുനഃസംഘടനയില്‍ പുതുമുഖങ്ങൾക്കും യുവാക്കൾക്കും സ്ത്രീകൾക്കും പരിഗണന നൽകിയേക്കും. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്തെ പ്രവർത്തനമാകും പുനഃസംഘടനയിൽ പരിഗണിക്കുക. പ്രവർത്തനം മോശമായ ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷന്മാരെ മാറ്റുകയും ചെയ്തേക്കും.












Click it and Unblock the Notifications