റിമ കല്ലിങ്കലും ആഷിഖ് അബുവും: ഗായികയുടെ ആരോപണം ആയുധമാക്കി സുരേന്ദ്രനും ബല്‍റാമും
സംവിധായകന്‍ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിനുമെതിരെ ഗായിക സുചിത്ര നടത്തിയ വെളിപ്പെടുത്തലിനെ പിന്തുണച്ച് കെ സുരേന്ദ്രന്‍. ആരോപണം കേരളത്തില്‍ വലിയ ചര്‍ച്ചയാവാതെ പോയത് എന്തുകൊണ്ടെന്ന് ചോദിക്കുന്ന കെ സുരേന്ദ്രന്‍ വിഷയത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും ഇതേ ആവശ്യവുമായി രംഗത്ത് വന്നിട്ടുണ്ട്.
റിമ കല്ലിങ്കലിനേയും ആഷിഖ് അബുവിനേയും പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണം സംബന്ധിച്ച വാർത്ത ചില മാധ്യമങ്ങള്‍ പിന്‍വലിച്ചത് അടക്കം ചൂണ്ടിക്കാട്ടിയാണ് നേതാക്കള്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 'സത്യവിരുദ്ധമായ ഈ വാർത്ത പ്രമുഖ മാധ്യമങ്ങൾ പിൻവലിച്ചത് നന്നായി' എന്നായിരുന്നു സ്മൈലി ഇമോജി പങ്കുവെച്ചുകൊണ്ട് ബല്‍റാം കുറിച്ചത്. എന്നാലും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന സിനിമാ മേഖലയിലെ നിരോധിത മയക്കുമരുന്ന് ഉപയോഗത്തേക്കുറിച്ചും വിൽപ്പനയേക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം. ശരിയായ വിവരങ്ങൾ വച്ചുകൊണ്ടുള്ള മാധ്യമ ചർച്ചയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത് എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നത്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
ആഷിക് അബുവും റീമാ കല്ലിങ്കലും ചേർന്ന് കൊച്ചിയിൽ മയക്കുമരുന്നു പാർട്ടി നടത്താറുണ്ടെന്നും ഈ പാർട്ടിക്കിടയിൽ നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും ഒരു യുവഗായിക ഉന്നയിച്ച ആരോപണം എന്തുകൊണ്ടാണ് കേരളത്തിൽ വലിയ വാർത്തയും കോലാഹലവുമാവാതെ പോയതെന്നുള്ളത് ഏവരേയും ഇരുത്തി ചിന്തിപ്പിക്കുന്ന കാര്യമാണ്.
ഒരു തുമ്പും വാലുമില്ലാതെ പറഞ്ഞ പല ആരോപണങ്ങളും ആഴ്ചകളോളം ചർച്ച ചെയ്ത മാധ്യമങ്ങളും എന്തേ ഇത് വിട്ടുകളഞ്ഞത്? മട്ടാഞ്ചേരി മാഫിയാസംഘത്തെക്കുറിച്ച് നേരത്തെ ഉയർന്ന ആരോപണങ്ങളും ഇതുപോലെ ലാഘവത്തോടെയാണ് പലരും കണ്ടത്. പ്രതിപക്ഷത്തുള്ള കോൺഗ്രസ്സും ലീഗും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നതെന്തുകൊണ്ട്?
എല്ലാ കാര്യത്തിലും കാടടച്ചുവെടിവെക്കുന്ന പ്രതിപക്ഷനേതാവിന്റെ സ്വന്തം നാട്ടിൽ ഉയർന്ന ഈ ആരോപണം എന്തുകൊണ്ടായിരിക്കും അദ്ദേഹവും തമസ്കരിച്ചതെന്നറിയാൻ കേരളം ആഗ്രഹിക്കുന്നു. എൻ സി ബി യും കേരളത്തിലെ പൊലീസ് ഏജൻസികളും ഇക്കാര്യം സമഗ്രമായി അന്വേഷിക്കണം. അമാന്തം തുടർന്നാൽ നിയമനടപടികൾ തുടങ്ങുമെന്ന് അധികൃതരെ ഓർമ്മിപ്പിക്കുന്നു.












Click it and Unblock the Notifications