കേന്ദ്രം ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നൽകണം; രാജ്യസഭയില്‍ എളമരം കരീം എംപി
ദില്ലി: സംസ്ഥാനങ്ങൾക്ക് ജി എസ് ടി നഷ്ടപരിഹാരം നൽകുന്നത് അഞ്ച് വർഷം കൂടി തുടരണമെന്ന് സി ഐ ടിയു സംസ്ഥാന സെക്രട്ടറിയും സി പി ഐ എം രാജ്യസഭകക്ഷി നേതാവുമായ സ. എളമരം കരീം എംപി ആവശ്യപ്പെട്ടു. ജി എസ് ടി നടപ്പാക്കിയപ്പോൾ സംസ്ഥാനങ്ങൾക്ക് നേരിട്ട വരുമാനനഷ്ടം ഇല്ലാതാക്കാൻ കേന്ദ്രനിയമപ്രകാരം വ്യവസ്ഥ ചെയ്‌ത നഷ്ടപരിഹാരവിതരണത്തിന്റെ കാലാവധി ഇക്കൊല്ലം ജൂണിൽ അവസാനിച്ചു. നിലവിൽ സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാടെന്ന് രാജ്യസഭയുടെ ശൂന്യവേളയിൽ വിഷയം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
വാറ്റ് നിർത്തലാക്കി ജി എസ് ടി കൊണ്ടുവന്നപ്പോൾ സംസ്ഥാനങ്ങളുടെ നികുതിവരുമാനം വൻതോതിലാണ് ഇടിഞ്ഞത്. വാറ്റ് പ്രകാരം ശരാശരി നികുതിനിരക്ക് 14.5 ശതമാനമായിരുന്നത് ഇപ്പോൾ ഒൻപത് ശതമാനമായി കുറഞ്ഞു. കോവിഡ് മഹാമാരി സൃഷ്ടിച്ച മാന്ദ്യം സംസ്ഥാനങ്ങളുടെ വരുമാനത്തിൽ കൂടുതൽ ഇടിവുണ്ടാക്കി. തുടർച്ചയായ രണ്ട് വർഷം വൻപ്രകൃതിക്ഷോഭവും നേരിടേണ്ടിവന്നത് കേരളത്തിന്റെ സാമ്പത്തികബാധ്യതകൾ വർധിപ്പിച്ചു.

സംസ്ഥാനങ്ങൾ പൊതുവിപണിയിൽനിന്ന് കടമെടുക്കുന്നതിനും കടുത്ത നിബന്ധനകളാണ്. സംസ്ഥാനങ്ങളുടെ നികുതിവരുമാനത്തിൽ കുറവുണ്ടായെന്നും അതേസമയം സംസ്ഥാനങ്ങൾ ഏറ്റെടുക്കേണ്ടിവരുന്ന ചെലവുകൾ വർധിച്ചിട്ടുണ്ടെന്നും 15--ാം ധനകാര്യ കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പ്രധാനമന്ത്രിക്ക് കേരള മുഖ്യമന്ത്രി കത്തയച്ചിരുന്നു. കേന്ദ്രനികുതിവരുമാനത്തിൽനിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന വിഹിതത്തിൽ കുറവുണ്ടായെന്നും ധനകാര്യ കമീഷൻ വ്യക്തമാക്കിയ കാര്യം മുഖ്യമന്ത്രിയുടെ കത്തുകൂടി ഉദ്ദരിച്ച് പരാമർശിച്ചപ്പോൾ കത്ത് സഭയുടെ മേശപ്പുറത്തുവെക്കാൻ സഭാധ്യക്ഷൻ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് കാരണം തകർന്ന സംസ്ഥാനങ്ങളുടെ ധന സ്ഥിതിയിൽ പുരോഗതി ഉണ്ടാകുന്നതുവരെ ജിഎസ്ടി നഷ്ടപരിഹാരം തുടരണമെന്നും എളമരം കരീം എംപി ആവശ്യപ്പെട്ടു.
അതേസമയം, മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കീഴിലുള്ള ലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതെ കിടക്കുകാണെന്നും സി പി എം വിമർശിച്ചു. വിവിധ വകുപ്പുകളിൽ അപ്രഖ്യാപിത നിയമനനിരോധനം നിലനിൽക്കുന്നതായി ലോക്സഭയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ച കണക്കുകളിൽ തന്നെ വ്യക്തമാണെന്നും പാർട്ടി പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തുന്നു.
മോദി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പുള്ള സമയമായ 2014 ജനുവരി വരെ നികത്തപ്പെട്ട തസ്തികകളുടെ എണ്ണം 33.02 ലക്ഷം ആയിരുന്നുവെങ്കിൽ 2021 മാർച്ചിൽ ഇത് 30.56 ലക്ഷം ആയി കുത്തനെ കുറഞ്ഞു. ഒഴിവുകളുടെ എണ്ണം 2014ലെ 7.47 ലക്ഷത്തിൽ നിന്ന് 31.06% വർധിച്ച് 2021ൽ 9.79 ലക്ഷം ആയി നിൽക്കുകയാണ്. സർക്കാർ വകുപ്പുകളിലെ മൊത്തം തസ്തികകളുടെ എണ്ണം മോദി സർക്കാർ വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയാണെന്നും കണക്കുകളിൽ കാണാം. 40.49 ലക്ഷം തസ്തികകൾ 2014ൽ ഉണ്ടായിരുന്നയിടത്ത് 2021ൽ 40.35 തസ്തികകൾ മാത്രമേയുള്ളൂ. ഇതിൽ 24.26% തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു.
നവലിബറൽ സാമ്പത്തിക അജണ്ടകൾ കോൺഗ്രസും ബിജെപിയും സ്വീകരിച്ച ശേഷം കേന്ദ്രസർക്കാരിന് കീഴിലുള്ള ജോലികൾ കുത്തനെ കുറച്ചു കൊണ്ട് പോകുന്ന നയമാണ് സർക്കാരുകൾ സ്വീകരിച്ച് പോരുന്നത്. ഏഴാം ശമ്പളക്കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച് കേന്ദ്രസർക്കാരിലെ മൊത്തം തസ്തികകളുടെ എണ്ണം 1994ലേതിൽ നിന്ന് പിന്നീടൊരിക്കലും വർധിച്ചിട്ടില്ല. കര-നാവിക-വ്യോമ സേനകളിലെ തസ്തികകളുടെ കണക്ക് മേല്പറഞ്ഞതിൽ ഉൾപെടുത്തിയിട്ടില്ല. അതും കൂടെ ചേർത്തുവച്ചാൽ കേന്ദ്രസർക്കാരിന് കീഴിലുള്ള തസ്തികകളിൽ വന്ന കുറവ് ഇനിയും ഭീമമായി വർധിക്കും.
അസ്ഥിരവും ഇരുളടഞ്ഞതുമായ ലോകത്ത് പ്രതിരോധശേഷിയുടെ ഒരു ദ്വീപായി ഇന്ത്യ വേറിട്ടുനിൽക്കുന്നു എന്നാണ് ഇന്നലെ ലോക സഭയിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. തൊഴിലില്ലായ്മ വർദ്ധിക്കുകയും വ്യാവസായിക ഉൽപ്പാദനം ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലും അതിന് പരിഹാരം കണ്ടെത്തുന്നതിന് പകരം നുണകൾ അഴിച്ചു വിടുകയും വർഗീയ ധ്രുവീകരണം വഴി ശ്രദ്ധ തിരിച്ചു വിടുകയും ചെയ്യുകയാണ് ബിജെപിയെന്നും സി പി എം ആരോപിക്കുന്നു.












Click it and Unblock the Notifications