ഗുജറാത്ത് മോഡൽ ഡാഷ് ബോർഡ് സംവിധാനം മികച്ചത്; ചീഫ് സെക്രട്ടറി വിപി ജോയ്
അഹമ്മദാബാദ്; ഗുജറാത്തിലെ ഡാഷ്‌ബോര്‍ഡ് മോണിറ്ററിങ് സംവിധാനം മികച്ചതെന്ന് ചീഫ് സെക്രട്ടറി വി.പി ജോയ്. സംവിധാനം ഏറെ കാര്യക്ഷമമാണെന്നും പദ്ധതി പുരോഗതി വിലയിരുത്താൻ സംവിധാനത്തിലൂടെ കൃത്യമായി സാധിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിയില്‍ നടന്ന ഡാഷ്‌ബോര്‍ഡ് പഠനത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
ഏകദേശം ഒന്നൊര മണിക്കൂറോളമായിരുന്നു ഡാഷ് ബോർഡ് സംവിധാനത്തെ കുറുച്ചുള്ള പഠനവും പരിപാടിയും നടന്നത്. ഉദ്യോഗസ്ഥരെ കുറിച്ച് വിവരം ലഭിക്കുന്നതിനും ജനങ്ങളുടെ വിവരങ്ങൾക്കും അവരുടെ പ്രതികരണങ്ങൾക്കുമെല്ലാം സംവിധാനം പ്രയോജനപ്പെടുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

വൻകിട പദ്ധതികളുടെ ഏകോപനത്തിനായാണ് ഗുജറാത്ത് ഡാഷ് ബോർഡ് സിസ്റ്റം നടപ്പാക്കിയത്. സംസ്ഥാനത്തെ സുപ്രധാന പദ്ധതികൾ മുഖ്യമന്ത്രിയുടെ ഓഫീസില് സജ്ജീകരിച്ച സ്ക്രനിലൂടെ കാണാൻ സാധിക്കും. വിവിധ വകുപ്പിന് കീഴിലെ പദ്ധതികൾ ഒറ്റ ഡാഷ് ബോർഡിന് കീഴിൽ കൊണ്ടവരും. തുടർന്ന് അവയ്ക്ക് റേറ്റിംഗ് നൽകും. പിന്നീട് അവയുടെ പുരോഗതിയും നടത്തിപ്പും ഉൾപ്പെടെയുള്ള കാര്യങ്ങളാണ് സംവിധാനത്തിന്റെ സഹായത്തോടെ നടപ്പാക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുളള കൂടിക്കാഴ്ചയിലാണ് ഡാഷ് ബോർഡ് ഉപയോഗിക്കുന്നതിനുളള നിർദേശമുയർന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ
കഴിഞ്ഞ ദിവസമായിരുന്നു ചീഫ് സെക്രട്ടറി വിപി ജോയിയും സംഘവും ഡാഷ് ബോർഡ് സംവിധാനത്തെ കുറിച്ച് പഠിക്കാൻ ഗുജറാത്തിലേക്ക് പുറപ്പെട്ടത്. സംസ്ഥാനത്ത് പരിഗണിക്കാവുന്ന സംവിധാനമാണെന്ന വിലയിരുത്തലിലാണ് കേരള സംഘം. വെള്ളിയാഴ്ചയോടെയാണ് കേരള സംഘം മടങ്ങുക. തുടർന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും പരിശോധിച്ച് തിരുമാനം കൈക്കൊള്ളുക.
അതേസമയം ചീഫ് സെക്രട്ടറിയുടേയും സംഘത്തിന്റേയും ഗുജറാത്ത് സന്ദർശനം സംസ്ഥാനത്ത് വലിയ വിവാദത്തിന് കാരണമായിരുന്നു. ഗുജറാത്തില്‍ സദ്ഭരണമാണ് നടക്കുന്നതെന്നാണ് ഇതിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ടെത്തല്‍ എന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനം. മോദിയുടെ സദ്ഭരണം പഠിക്കാന്‍ പിണറായി ഇനി എന്നാണ് ഡല്‍ഹിയിലേക്ക് പോകുന്നതെന്നു കൂടി അറിഞ്ഞാല്‍ മതി. പകല്‍ ബി.ജെ.പി വിരോധം പറയുകയും രാത്രിയാകുമ്പോള്‍ സംഘപരിവാറുമായി സന്ധി ചേരുകയും ചെയ്യുന്ന നിലപാടാണ് സി.പി.എമ്മിന്റേതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയുടെ ഡാഷ് ബോർഡ് സിസ്റ്റം പഠിക്കാൻ ഗുജറാത്തിലെത്തുന്നത് നല്ല കാര്യമാണെന്നായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ പ്രതികരണം. അന്ധമായ രാഷ്ട്രീയ വിരോധം മാറ്റിവെച്ച് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന പദ്ധതികൾ കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാവുന്ന രീതിയിൽ ഇവിടെ എങ്ങനെ നടപ്പാക്കാമെന്ന് പിണറായി വിജയൻ പഠിക്കണമെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.












Click it and Unblock the Notifications