പ്രവാസികള്‍, അതും ഗള്‍ഫ് പ്രവാസികള്‍ തന്നെ മുന്നില്‍: കേരളത്തിലേക്ക് എത്തിയത് 2 ലക്ഷം കോടി; റെക്കോർഡ്
കേരളത്തിന്റെ സാമ്പത്തിക രംഗത്ത് പ്രവാസികളുടെ പങ്ക് നിർണ്ണായകമാണ്. മലബാർ അടക്കമുള്ള മേഖലകളുടെ സാമ്പത്തിക-സാമൂഹ്യ പുരോഗതിയില്‍ പ്രവാസികള്‍, പ്രത്യേകിച്ച് ഗള്‍ഫ് പ്രവാസികള്‍ നാട്ടിലേക്ക് അയച്ച പണം (റെമിമന്റന്‍സ്) ചെലുത്തിയ സ്വാധീനം ഏറെ പ്രധാനമാണ്. ഏറ്റവും പുതിയ റിപ്പോർട്ടുകള്‍ പ്രകാരം പ്രവാസികള്‍ ഒരു വർഷം നാട്ടിലേക്ക് അയക്കുന്ന പണം ആദ്യമായി 2 ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് കടന്നിരിക്കുകയാണ്.
കേരളത്തിലെ ബാങ്കുകളിലെ എൻ ആർ ഐ നിക്ഷേപം 3 ലക്ഷം കോടി രൂപയിലെത്തുകയും ചെയ്തിട്ടുണ്ട്. പ്രവാസികളുടെ പണത്തിലുണ്ടായ വർധനവ് കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ശക്തിപ്പെടുത്തുകയും ഗാർഹിക ഉപഭോഗവും ജനങ്ങളുടെ ചിലവഴിക്കല്‍ ശേഷി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ കേരളത്തിലേക്കുള്ള പ്രവാസികളുടെ പണം അയക്കലില്‍ മികച്ച രീതിയിലുള്ള വർധനവും ഉണ്ടായിട്ടുണ്ട്.

ഇന്ത്യയിലേക്ക് ആകെ പ്രവാസികള്‍ അയച്ച പണത്തിന്റെ 19.7 ശതമാനവും കേരളത്തിലേക്കാണ് എത്തിയത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക് പ്രകാരം, ഇന്ത്യയിലേക്കുള്ള മൊത്തം വിദേശ റെമിറ്റൻസ് 118.7 ബില്യൺ ഡോളറാണ്. അതായത് ഏകദേശം 10.14 ലക്ഷം കോടി രൂപ. ഇതിൽ കേരളത്തിന്റെ വിഹിതം 23.99 ബില്യൺ ഡോളറാണ് (ഏകദേശം 2 ലക്ഷം കോടി രൂപ). ശരാശരി പ്രതിമാസം 16665 കോടി രൂപവെച്ച് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നു.
2024-ലെ ലോക ബാങ്കിന്റെ റിപ്പോർട്ട് പ്രകാരം, ഇന്ത്യ 129 ബില്യൺ ഡോളർ റെമിറ്റൻസ് സ്വീകരിച്ച് ആഗോള റാങ്കിംഗിൽ ഒന്നാമതുമെത്തി എന്നതും ശ്രദ്ധേയമാണ്. പരമ്പരാഗതമായി തന്നെ കേരളം ഇന്ത്യയിലേക്കുള്ള വിദേശ പണം വരലിന്റെ പ്രധാന മേഖലയാണ്. കോവിഡ് കാലത്ത് മാത്രമാണ് ഇതില്‍ (10 ശതമാനം) വലിയ ഇടിവ് നേരിട്ടത്. അന്ന് 35 ശതമാനം വിഹിതവും നേടിയത് മഹാരാഷ്ട്രയായിരുന്നു. എന്നാല്‍ കോവിഡ് കാലത്തിന് ശേഷം കേരളത്തിന്റെ വിഹിതം കൂടുകയും മഹാരാഷ്ട്രയുടെ വിഹിതം കുറയുകയും ചെയ്തു. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ വിഹിതം ആകെ തുകയുടെ 10.4 ശതമാനമാണെന്നും കണക്കുകള്‍ പറയുന്നു.
കേരളത്തിലേക്കുള്ള പ്രവാസി പണം അയക്കലിന്റെ വർധനയ്ക്ക് പ്രധാന കാരണം വിദേശത്തേക്കുള്ള മലയാളികളുടെ കുടിയേറ്റം വർധിച്ചതും, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളായ അമേരിക്ക, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള നൈപുണ്യമുള്ള തൊഴിലാളികളുടെ കുടിയേറ്റവുമാണ്. ഈ രാജ്യങ്ങളിൽ നിന്നുള്ള ഉയർന്ന വരുമാനം റെമിറ്റൻസിന്റെ മൂല്യം വർധിപ്പിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ തിരിച്ചടിയും പ്രധാന കാരണമാണ്. അതേസമയം ഗള്‍ഫ് തന്നെയാണ് വിദേശ പണത്തില്‍ ഒന്നാം സ്ഥാനത്ത് നിലനില്‍ക്കുന്നത്.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി (SLBC) റിപ്പോർട്ട് അനുസരിച്ച്, 2025 മാർച്ച് വരെ കേരളത്തിലെ ബാങ്കുകളിലെ എൻ ആർ ഐ നിക്ഷേപം 2,93,622 കോടി രൂപയായിരുന്നു. ഇപ്പോൾ അത് 3 ലക്ഷം കോടി രൂപയായി കവിഞ്ഞു. ബാങ്കിംഗ് വിശകലന വിദഗ്ധനായ എസ്. അടികേശവൻ റെമിറ്റൻസും നിക്ഷേപവും വരും വർഷങ്ങളിൽ വർധിച്ചേക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
എൻ ആർ ഐകൾക്കിടയിൽ നിക്ഷേപ ശൈലിയിൽ വലിയ രീതിയിലുള്ള മാറ്റങ്ങളും ദൃശ്യമാണ്. പരമ്പരാഗതമായി, കേരളത്തിൽ വീടോ ഭൂമിയോ വാങ്ങുക എന്നതായിരുന്നു പ്രവാസികളുടെ പ്രധാന ലക്ഷ്യം. എന്നാൽ പുതിയ തലമുറ റിയൽ എസ്റ്റേറ്റിനേക്കാൾ ലിക്വിഡ് ആസ്തികളിലേക്ക്, ഉദാഹരണത്തിന്, ഓഹരികളിലും മറ്റ് സാമ്പത്തിക രംഗങ്ങളിലും നിക്ഷേപിക്കാനാണ് താത്പര്യപ്പെടുന്നത്.
വിദേശത്ത് നിന്നുള്ള പണം വരവ് ഇന്ത്യ പോലുള്ള ഒരു രാജ്യത്തെ സംബന്ധിച്ച് ഏറെ നിർണ്ണായകമാണെങ്കിലും അമേരിക്കയിൽ 2026 മുതൽ റെമിറ്റൻസിന് 5% നികുതി ഏർപ്പെടുത്തുന്നത് ഇന്ത്യക്കാരായ പ്രവാസികളെയടക്കം വലിയ തോതില്‍ ബാധിച്ചേക്കും. യുഎസ് പൗരത്വമില്ലാത്തവർ രാജ്യത്തിനു പുറത്തേക്ക് പണമയയ്ക്കുമ്പോൾ 5% നികുതി ഈടാക്കാണമെന്നാണ് ട്രംപ് നിർദേശിച്ചത്. ബിൽ നിയമമായാൽ വിദേശ പണംവരവിൽ കോടികളുടെ നഷ്ടം ഇന്ത്യ നേരിടേണ്ടി വരുമെന്ന് ഗ്ലോബൽ ട്രേഡ് റിസർച് ഇനിഷ്യേറ്റീവ് ചൂണ്ടിക്കാട്ടികഴിഞ്ഞു.












Click it and Unblock the Notifications