പ്രവാസികള്‍ തുണച്ചു: ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്ത്, കണ്ണൂരിന് ഞെട്ടിക്കുന്ന നഷ്ടം
കോഴിക്കോട്: വലിയ വിമാനങ്ങളുടെ സർവ്വീസ് സംബന്ധിച്ച അനിശ്ചിതത്വം തുടരുമ്പോഴും കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം ലാഭത്തില്‍. രാജ്യത്ത് എയർപോർട്ട് അതോറിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന 125 വിമാനത്താവളങ്ങളിൽ ലാഭത്തിൽ കോഴിക്കോട് വിമാനത്താവളം മൂന്നാംസ്ഥാനത്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മറ്റ് പല പ്രമുഖ വിമാനത്താവളങ്ങളും നഷ്ടത്തില്‍ തുടരുമ്പോഴാണ് പ്രതിസന്ധികളില്‍ നിന്നുകൊണ്ടുള്ള കോഴിക്കോടിന്റെ മികച്ച പ്രവർത്തനം.
95.38 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തികവർഷം കരിപ്പൂർ വിമാനത്താവളത്തിന്റെ ലാഭം. ഗള്‍ഫ് പ്രവാസികളുടെ സാന്നിധ്യമാണ് കോഴിക്കോട് വിമാനത്താവളത്തിന് അനുഗ്രഹമായിരിക്കുന്നത്. കോവിഡ് കാലത്തെ രണ്ട് വർഷം ഒഴികെ കഴിഞ്ഞ അഞ്ച് വർഷത്തിലും കോഴിക്കോട് വിമാനത്താവളത്തിന്റെ പ്രവർത്തനം ലാഭത്തില്‍ തന്നെയാണ്. 2020-21-ൽ 59.57 കോടിയും 21-22-ൽ 22.63 കോടിയും നഷ്ടമുണ്ടായി. എന്നാല്‍ 2018-19 വർഷം 73.11 കോടി, 19-20-ൽ 69.14 കോടിയും ലാഭം നേടാന്‍ സാധിച്ചു.

482.30 കോടി ലാഭത്തോടെ കൊല്‍ക്കത്തയാണ് ഒന്നാം സ്ഥാനത്തുള്ളത്. 169.56 കോടി ലാഭത്തോടെ ചെന്നൈ രണ്ടാം സ്ഥാനത്തുമെത്തി. കഴിഞ്ഞ സാമ്പത്തികവർഷം 17 വിമാനത്താവളങ്ങൾ മാത്രമാണ് ലാഭം രേഖപ്പെടുത്തിയതെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. ലോക്‌സഭയിൽ എസ് ആർ പാർത്ഥിപൻ എംപിയുടെ ചോദ്യത്തിന് വ്യോമയാന സഹമന്ത്രി വി കെ സിങ് നൽകിയ മറുപടിയിലാണ് വിമാനത്താവളങ്ങളുടെ ലാഭം സംബന്ധിച്ച കണക്കുകളുള്ളത്.
പൂനെ- 74.94 കോടി, ഗോവ- 48.39 കോടി, തിരുച്ചിറപ്പള്ളി- 31.51 കോടി, ശ്രീനഗർ 20.16 കോടി തുടങ്ങിയവയാണ് കഴിഞ്ഞ തവണ ലാഭത്തില്‍ പ്രവർത്തിച്ച മറ്റ് പ്രധാന വിമാനത്താവളങ്ങള്‍. നഷ്ടക്കണക്കില്‍ മുന്നിലുള്ളത് അഗർത്തല വിമാനത്താവളമാണ്. കഴിഞ്ഞ വർഷം അഗർത്തലയിലുണ്ടാക്കിയ നഷ്ടം 115.61 കോടി രൂപയാണ്. തൊട്ടുപിന്നില്‍ 110.15 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരം വിമാനത്താവളവുമുണ്ട്.
അതേസമയം, പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവർത്തിക്കുന്ന കൊച്ചി വിമാനത്താവളം കഴിഞ്ഞ വർഷം 267.17 കോടി രൂപ ലാഭം നേടിയിട്ടുണ്ട്. എന്നാല്‍ ഞെട്ടിക്കുന്ന നഷ്ടത്തിന്റെ കണക്കാണ് കണ്ണൂർ വിമാനത്താവളത്തിന് പറയാനുള്ളത്. കഴിഞ്ഞ വർഷം കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തന നഷ്ടം 131.98 കോടി രൂപയാണ്.
ലാഭകരമായ വിമാനത്താവളങ്ങൾ സ്വകാര്യവത്കരിച്ചതോടെയാണ് എയർപോർട്ട് അതോറിറ്റിക്ക് കീഴിലുള്ളവയുടെ നഷ്ടക്കണക്ക് കൂടിയതെന്നതാണ് ശ്രദ്ധേയം. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻ.എം.പി.) പ്രകാരം കോഴിക്കോട് അടക്കം 25 വിമാനത്താവളങ്ങൾ 2025 വരെ പാട്ടത്തിനു വെച്ചിരിക്കുകയാണെന്നും വ്യോമയാന വകുപ്പ് സഹമന്ത്രി പാർലമെന്റില്‍ വ്യക്തമാക്കി.












Click it and Unblock the Notifications