തലസ്ഥാനത്ത് വീണ്ടും ഗുണ്ടകൾ സജീവമാകുന്നു;നഗരത്തിൽ ഗുണ്ട നേതാവിന്റെ പാർട്ടി!!
തിരുവനന്തപുരം: ഒരു കാലത്ത് പോലീസ് ഇടപെട്ട് ഇല്ലാതാക്കിയ ഗുണ്ട സംഘങ്ങൾ തലസ്ഥാനത്ത് വീണ്ടും സജീവമാകുന്നുവെന്ന് റിപ്പോർട്ട്. തിരുവനന്തപുരത്ത് ഗുണ്ട സംഘങ്ങൾ ഒത്തുചേർന്നെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഹോട്ടിലിൽ പാർട്ടി നടത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ചോദിച്ച സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണറെ സ്ഥലം മാറ്റിയെന്നും റിപ്പോർട്ടുണ്ട്. തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ പ്രമോദിനെയാണ് സ്ഥലം മാറ്റിയത്.
പാലാരിവട്ടം അഴിമതി കേസ്; പുതിയ വഴിത്തിരിവ്, കൂടുതൽതെളിവുകൾ... അന്വേഷണം മുഹമ്മദ് ഹനീഷിലേക്ക്!!
കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ഒരു ഗുണ്ട നേതാവിന്റെ നേതൃത്വത്തിലാണ് ഹോട്ടലിൽ പാർട്ടി നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഒരു കാലത്ത് നഗരത്തെ വിറപ്പിച്ചിരുന്ന ഗുണ്ട നേതാക്കൾ എല്ലാവരും ഇവിടെ സംഘടിപ്പിച്ച ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ആവശ്യപ്പെട്ടത്. ആവശ്യം ഉന്നയിച്ച് ഹോട്ടലിന് കത്ത് നൽകുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ തിരുവനന്തപുരം റൂറൽ ക്രൈം ഡിറ്റാച്ച്മെന്റിലേക്ക് സ്ഥലം മാറ്റുകായയിരുന്നു.

ഗുണ്ട സംഘം വീണ്ടും സജീവം
തലസ്ഥാനതത് ഗുണ്ട മാഫിയ സംഘം വീണ്ടും സജീവമാകുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവർ മണ്ണ് മാഫിയയുമായി കൂടിചേർന്നാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളാണ് ഇവർ. പോലീസ് നിയമനങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പോലും ഇവർ പിടിമുറുക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന സൂചനകൾ.

ചുവപ്പ് നാടയിൽ കുരുങ്ങി കിടക്കുന്നു
പോലീസ് രേഖകൾ അനുസരിച്ച് സംസ്ഥാനത്ത് ആകെയുള്ളത് 2201 ഗുണ്ടകളാണ്. കസ്റ്റഡി കൊലക്കേസുകളിൽ പോലീസിനെതിരെ വിമർശനം ഉയർന്നതോടെ ഗുണ്ടാവേട്ട കുറച്ച് വച്ചിരിക്കുകയാണെന്ന് പോലീസ് തന്നെ സമ്മതിക്കുന്നുമുണ്ട്. പൊതുസമൂഹത്തിന് ഭീഷണിയായ 500 ലധികം സ്ഥിരം ക്രിമിനലുകൾക്കെതിരെ തിരുവനന്തപുരത്ത് മാത്രം കാപ്പാ നിയമപ്രകാരം നടപടികൾക്ക് ശുപാർശ ചെയ്തെങ്കിലും ഫയലുകൾ ചുവപ്പ് നാടയിൽ കുടുങ്ങിയെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

നടി ആക്രമിക്കപ്പെട്ട സംഭവം
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ ഗുണ്ടാവേട്ട ശക്തമാക്കാൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരുന്നു. ഒരു പരിധിവരെ ഗുണ്ടാവേട്ട ഫലപ്രദമാവുകയും ചെയ്തു. എന്നാൽ അടിക്കടി ഉണ്ടായ കസ്റ്റഡി കൊലപാതകങ്ങൾ പോലീസിന്റെ മനോവീര്യം തകർത്തു. ഗുണ്ട വേട്ടയിൽ മെല്ലെ പോക്ക് ഉണ്ടായി. അത് മാത്രമല്ല ഗുണ്ടകൾക്ക് രാഷ്ട്രീയ സ്വാധീനമുള്ളതും പോലീസിന് പൊല്ലാപ്പാകുകയായിരുന്നു.

നോക്കുകുത്തിയായി പോലീസ് സ്ക്വാഡ്
സംസ്ഥാനത്ത് 2010 ക്രിമിനലുകൾ ഉണ്ടെന്നും ഇവർക്കെതിരെ ഒരുമാസത്തിനകം നടപടി സ്വീകരിക്കണമെന്നും സർക്കാർ നിർദ്ദേശിച്ചിരുന്നു. ഗുണ്ടകൾക്കെതിരായ നടപടികൾക്കായി പ്രത്യേക സ്ക്വാഡും രൂപീകരിച്ചു.19 പോലീസ് ജില്ലകളിൽ ഗുണ്ടകളെ അമർച്ച ചെയ്യാൻ പത്ത് എസ്ഐമാരുൾപ്പെടെ പ്രത്യേക സംഘത്തെ തെരഞ്ഞെടുത്ത് പരിശീലിപ്പിച്ചിരുന്നു. എന്നാൽ കാര്യമായൊന്നും ചെയ്യാൻ പോലീസിന് ആയില്ലെന്ന് പോലീസ് കേസുകളുടെ എണ്ണം കുത്തനെ കൂടിയതിൽ നിന്ന് വ്യക്തം.

തിരുവന്തപുരത്ത് 263 ഗുണ്ടകൾ?
ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് തിരുവനന്തപുരത്ത് പോലീസിന്റെ ഗുണ്ടാപ്പട്ടികയിൽ ഇടം നേടിയത് 263 ഗുണ്ടകളാണ്. കൊല്ലത്ത് 167, പത്തനംതിട്ടയിൽ 54 എന്നിങ്ങനെയാണ് ഗുണ്ടകളുടെ എണ്ണം. ഗുണ്ടകളെ കൊണ്ട് സമൃദ്ധമായ ജില്ലയെന്ന പേര് കണ്ണൂരിന് അർഹമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 365 ഗുണ്ടകളാണ് കണ്ണൂരിന് സ്വന്തമായുള്ളതെന്ന് ന്യൂസ് 18 നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

മുന്നിൽ ആലപ്പുഴ
കൊലപാതകം, പിടിച്ചുപറി, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും വിപണനവും, പോക്സോ കേസ് പ്രതികൾ തുടങ്ങിയ സ്ഥിരം ക്രിമിനലുകളെയാണ് പോലീസ് ഗുണ്ടാപ്പട്ടിക തയ്യാറാക്കിയത്. സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയിൽ നിന്നുള്ള കണക്കുപ്രകാരം സംസ്ഥാനത്തെ ഏറ്റവും ചെറിയ ജില്ലയായ ആലപ്പുഴയാണ് കുറ്റകൃത്യങ്ങളിലും ക്വട്ടേഷൻ ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടത്തിലും മുന്നിൽ. തൊട്ടു പിന്നിൽ കണ്ണൂർ ഉണ്ട്.