മമ്മൂട്ടിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കരുതെന്ന് സ്വാമി ഗുരുരത്‌നം ജ്ഞാനതപസി
കൊച്ചി: കൊച്ചിയിലെ അയ്യപ്പന്‍കാവ് സ്‌കൂളില്‍ നടന്ന മരംനടല്‍ പരിപാടിയുമായി ബന്ധപ്പെട്ട് നടന്‍ മമ്മൂട്ടിയെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് അത്യന്തം അപകടകരമായ ചിന്താഗതിയാണെന്ന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസി.
സമൂഹത്തില്‍ ഇത്തരത്തില്‍ അനാവശ്യമായ വര്‍ഗീയ ചിന്ത കടന്നുവരുന്നത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയെ നേരിട്ട് അറിയാവുന്ന ഒരാളെന്ന നിലയില്‍ അദ്ദേഹത്തെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. സമൂഹത്തിനും എല്ലാ മതവിശ്വാസകള്‍ക്കും വേണ്ടി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്ന് ജ്ഞാനതപസി വ്യക്തമാക്കി.

അശോകവും ആല്‍മരവും നടാന്‍ മമ്മൂട്ടി വിസമ്മതിച്ചാണ് വിവാദത്തിന് കാരണമായത്. എന്നാല്‍, മമ്മൂട്ടി ചെയ്തതിനെ വിമര്‍ശിക്കുന്നത് ശരിയല്ല. നമ്മുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള മരങ്ങള്‍ നടന്നതുതന്നെയാണ് ഉത്തമം. വിഷമയമായ ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ ലഭിക്കുന്ന അവസരത്തില്‍ ഫല വൃക്ഷങ്ങള്‍ നട്ടുവളര്‍ത്തുന്നതാണ് എന്തുകൊണ്ടും ഗുണകരം.
ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും വര്‍ഗീയത കണ്ടെത്തുന്നത് ചെറുക്കപ്പെടണം. മമ്മൂട്ടി അറിവുള്ള വ്യക്തിയാണ്. ഏറെ ഉപദേശങ്ങള്‍ തനിക്ക് പകര്‍ന്നുതരുന്ന ആള്‍കൂടിയാണ് മമ്മൂട്ടി. ഹൃദ്രോഗികള്‍ക്കടക്കം അദ്ദേഹം ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് ഇപ്പോള്‍ നടത്തുന്ന വര്‍ഗീയ പ്രചരണമെന്ന് സ്വാമി കുറ്റപ്പെടുത്തി.












Click it and Unblock the Notifications