ഗുരുവായൂരില്‍ ആന ഇടഞ്ഞു; രണ്ടെണ്ണം പരിഭ്രമിച്ച് ഓടി, കുത്തേറ്റ പാപ്പാന്‍ മരിച്ചു
തൃശൂര്‍: ഗുരുവായൂര്‍ അമ്പലത്തില്‍ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. ശ്രീകൃഷ്ണന്‍ എന്ന ആനയുടെ കുത്തേറ്റ പാപ്പാന്‍ പെരിങ്ങോട് കോതച്ചിറ സുഭാഷ് (37) ആണ് മരിച്ചത്. ശീവേലി എഴുന്നള്ളിപ്പിന്റെ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പന്റെ അമ്പലത്തിന് സമീപമെത്തിയപ്പോള്‍ ആന പാപ്പാനെ കുത്തുകയായിരുന്നു. സുഭാഷിനെ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എന്താണ് ആന ഇടയാന്‍ കാരണമെന്ന് വ്യക്തമല്ല. പിന്നിലുണ്ടായിരുന്ന അയ്യപ്പന്‍മാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനയിടഞ്ഞതെന്ന് സൂചനയുണ്ട്. ശ്രീകൃഷ്ണന്‍ ഇടഞ്ഞതോടെ ഒപ്പമുണ്ടായിരുന്ന രണ്ട് ആനകള്‍ പരിഭ്രമിച്ച് ഓടി. രവി കൃഷ്ണ, ഗോപീകണ്ണന്‍ എന്നീ കൊമ്പന്‍മാരാണ് ഓടിയത്.

സംഭവം അല്‍പ്പനേരം ഭക്തരെ പരിഭ്രാന്തരാക്കി. ആളുകള്‍ പേടിച്ചോടാന്‍ തുടങ്ങി. ഇതിനിടെ വീണ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. വിരണ്ടോടിയ ആനകളെ പിന്നീട് തളച്ചു.
പ്രശ്‌നങ്ങളെ തുടര്‍ന്ന് ക്ഷേത്രത്തില്‍ ഓതിക്കന്‍ പൊട്ടക്കുഴ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ തിടമ്പിനു പുണ്യാഹം കഴിച്ച് ശീവേലിയുടെ ബാക്കി മൂന്ന് എഴുന്നള്ളിപ്പുകള്‍ പൂര്‍ത്തിയാക്കി. ശേഷം ശുദ്ധി ചടങ്ങുകളും നടന്നു.












Click it and Unblock the Notifications