ഗുരുവായൂരപ്പന് ഇനി കാണിക്ക ഗൂഗിള്‍ പേ വഴിയും ഫോണ്‍ പേ വഴിയും..ഇ- ഭണ്ഡാരം തയ്യാര്‍
ഗുരുവായൂർ: ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ ആപ്പുകൾ ഓൺലൈൻ പണമിടപാടിനെ കൂടിതൽ ജനകീയമാക്കിയിരിക്കുകയാണ്. സാധാരണക്കാർക്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും എന്നതുതന്നെയാണ് ഈ സ്വീകാര്യതയ്ക്കുള്ള കാരണവും. ഇപ്പോൾ ഗുരുവായൂർ ക്ഷേത്രത്തിലും ഗൂഗിൾ പേയും ഫോൺപേയും എത്തിയിരിക്കുകയാണ്. ഇനി ഗുരുവായൂർ എത്തുന്ന ഭക്തർക്ക് കാണിക്ക എളുപ്പത്തിൽ അർപ്പിക്കാം.
ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾക്ക് കാണിക്കയർപ്പിക്കാനായി സ്ഥാപിച്ച ഇ- ഭണ്ഡാരങ്ങൾ ഗുരുവായൂരപ്പന് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, എസ്.ബി.ഐ നെറ്റ്' വർക്ക് 2 ൻറെ ചുമതല വഹിക്കുന്ന ജനറൽ മാനേജർ റ്റി.ശിവദാസ് എന്നിവർ ചേർന്ന് ആണ് ഇ-ഭ ണ്ഡാര സമർപ്പണം നടത്തിയത്.

ഡിജിറ്റൽ യുഗത്തിൽ കടലാസ് രഹിത പണമിടപാട് പ്രോൽസാഹിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഗുരുവായൂർ ദേവസ്വവും പങ്കു ചേരുകയാണെന്ന് ചെയർമാൻ ഡോ: വി.കെ. വിജയൻ പറഞ്ഞു. എസ്.ബി.ഐ ജനറൽ മാനേജർ ടി.ശിവദാസ് ഇ- ഭണ്ഡാരത്തിൽ ആദ്യ കാണിക്കയായി 1001 രൂപ സമർപ്പിച്ചു.
കിഴക്കേ ഗോപുര കവാടത്തിൽ ദീപ സ്തംഭത്തിന് മുന്നിൽ ഇരു വശങ്ങളിലും ആയാണ് എസ്.ബി.ഐയുടെ സഹകരണത്തോടെ രണ്ട് ഇ- ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. സ്മാർട്ട് ഫോൺ കൈവശമുള്ള ഭക്തർക്ക് ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് കാണിക്ക സമർപ്പിക്കാം. യു പി ഐ പേമെൻറ് സംവിധാനം ഉപയോഗിച്ച് ഗൂഗിൾ പേ, പേ ടൈം, ഭീം പേ ഉൾപ്പെടെ ഏത് മാർഗം വഴിയും ക്യൂആർ കോഡ് സ്കാൻ ചെയ്ത് കാണിക്കയർപ്പിക്കാം.
ഇ-ഭണ്ഡാരം വഴി ലഭിക്കുന്ന തുക ഓരോ മാസത്തെയും ഭണ്ഡാരം എണ്ണലിൽ ഉൾപ്പെടുത്തി രേഖപ്പെടുത്തും. കഴിഞ്ഞ ജൂൺ 24ന് ചേർന്ന ദേവസ്വം ഭരണ സമിതി യോഗമാണ് ഇ - ഭണ്ഡാരം സ്ഥാപിക്കാൻ തീരുമാനിച്ചത്. തീരുമാനമെടുത്ത് മൂന്നു മാസത്തിനകം തന്നെ ഇ- ഭണ്ഡാരം സമർപ്പിക്കാൻ കഴിഞ്ഞിരിക്കുകയാണ്.
സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, മനോജ് ബി നായർ , അഡ്മിനിസ്ട്രേറ്റർ കെ.പി. വിനയൻ , ഡി.എ മാരായ പി.മനോജ് കുമാർ, എ.കെ.രാധാകൃഷ്ണൻ ,എസ്.ബി.ഐ ഡപ്യൂട്ടി ജനറൽ മാനേജർ രമേശ്.വി, റീജിയണൽ മാനേജർ മനോജ് കുമാർ എം.എന്നിവർ സന്നിഹിതരായി.












Click it and Unblock the Notifications