ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന സമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണം എന്നും ഗുരുവായൂരിലുള്ള ക്യൂ സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ വരുത്തണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിലവിലെ രീതി സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി ചൂണ്ടിക്കാട്ടി.
ക്ഷേത്രത്തില്‍ സുരക്ഷിതമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കി ആഴ്ചയില്‍ രണ്ട് ദിവസം ഓണ്‍ലൈന്‍ ബുക്കിങ് വഴി വരുന്നവര്‍ക്ക് മാത്രമായി മാറ്റി വെക്കണം എന്ന് കോടതി നിര്‍ദേശിച്ചു. സ്‌പോട്ട് ബുക്കിങ്ങിന് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കണം എന്നും പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ഗര്‍ഭിണികള്‍, ശിശുക്കളോടൊപ്പമുള്ള അമ്മമാര്‍ എന്നിവര്‍ക്ക് ക്ഷേത്ര ദര്‍ശനത്തില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും കോടതി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂര്‍. ഇവിടെ അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രണാതീതമാകാറുണ്ട്. മണിക്കൂറുകളോളം ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത് കുട്ടികളെയും വയോധികരെയും വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കാറുണ്ട്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ക്യൂ സംവിധാനത്തില്‍ ശാസ്ത്രീയമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ ക്ഷേത്രത്തില്‍ സാധാരണ ദിവസവും ഉത്സവ ദിനങ്ങളിലും സുരക്ഷിതമായി ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണം എന്ന് കോടതി പറഞ്ഞു. ആഴ്ചയില്‍ രണ്ട് ദിവസം ഓണ്‍ലൈന്‍ ബുക്കിങ് വഴി വരുന്നവര്‍ക്ക് മാത്രമായി മാറ്റിവെക്കുന്നത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് സൗകര്യപ്രദമാകും എന്ന് കോടതി നിരീക്ഷിച്ചു.
സ്‌പോട്ട് ബുക്കിംഗിന് ആധാര്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കുന്നത് വഴി ക്ഷേത്ര സുരക്ഷ വര്‍ധിപ്പിക്കാനും അനധികൃതമായി ക്യൂവില്‍ ഇടംപിടിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കാനും സഹായിക്കും. ക്ഷേത്രത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏകോപന സമിതി രൂപീകരിക്കണമെന്നും ദേവസ്വം ബെഞ്ചിന്റെ ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ തിരക്ക് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് ഈ ഉത്തരവ്.
മണ്ഡലകാലം ആരംഭിച്ചതിനാല്‍ തന്നെ ഗുരുവായൂരില്‍ ഇനി 41 ദിവസവും വലിയ തിരക്കാകും. ശബരിമലയിലേക്ക് പോകുകയും വരികയും ചെയ്യുന്ന ഭക്തര്‍ ഗുരുവായൂര്‍ അടക്കമുള്ള കേരളത്തിലെ എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും സന്ദര്‍ശിക്കാറുണ്ട്. അതേസമയം ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടും സുപ്രധാന ഇടപെടല്‍ ഇന്ന് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. ശബരിമല സ്‌പോട്ട് ബുക്കിങ് നിയന്ത്രണത്തില്‍ ഹൈക്കോടതി ഇളവ് വരുത്തി.
സ്‌പോട്ട് ബുക്കിങ് എത്ര വേണമെന്ന് സാഹചര്യം പരിഗണിച്ച് എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്കും പൊലീസ് ചീഫ് കോഡിനേറ്റര്‍ക്കും തീരുമാനിക്കാമെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറെ ഇക്കാര്യം അറിയിച്ചാല്‍ മാത്രം മതിയാകും എന്നും കോടതി പറഞ്ഞു.












Click it and Unblock the Notifications