'ഗ്യാനേഷ് കുമാർ ബിജെപിയിൽ ചേരാൻ നിർദേശിച്ചു', ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ
വോട്ടർപട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ശക്തമാകുന്നതിനിടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ. സർവ്വീസിലിരിക്കെ ഗ്യാനേഷ് കുമാർ തന്നോട് ബിജെപിയിൽ ചേരാൻ ഉപദേശിച്ചു എന്നാണ് ജിജി തോംസൺ വെളിപ്പെടുത്തിയിരിക്കുന്നത്.
താൻ റിട്ടയർ ആകാനിരിക്കുന്ന സമയത്താണ് ബിജെപിയിൽ ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗ്യാനേഷ് കുമാർ പറഞ്ഞത് എന്നാണ് ജിജി തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.
ജിജി തോംസണിന്റെ വാക്കുകൾ ഇങ്ങനെ: 'ഗ്യാനേഷ് കുമാറുമായി നല്ല സൗഹൃദത്തില്‍ ആയിരുന്നു. റിട്ടയര്‍മെന്റിന് ശേഷമുളള പ്ലാന്‍ എന്തൊക്കെയാണ് എന്ന് തന്നോട് ചോദിച്ചു. എനിക്ക് പ്രത്യേകിച്ച് പ്ലാനൊന്നും ഇല്ലെന്നും കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുളള ഒരു പരിപാടി ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം പറഞ്ഞത്, ഏറ്റവും നല്ലത് 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക, എന്നിട്ട് എംപിയാവുക, അതിന് ശേഷം മന്ത്രിയാവുക, അങ്ങനെ വേണം മുന്നോട്ട് പോകാന്‍ എന്ന് ഉപദേശിച്ചു'.

'2016ലായിരുന്നു ഇത് സംഭവിച്ചത്. തങ്ങള്‍ ഒരുമിച്ച് ഡല്‍ഹിയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ആ സമയത്ത് ഗ്യാനേഷ് കുമാര്‍ സര്‍വ്വീസിലുണ്ട്. തന്നേക്കാള്‍ സീനിയര്‍ ആയിരുന്നു. മത്സരിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തനിക്ക് പ്ലാന്‍ ഇല്ലെന്നാണ് മറുപടി നല്‍കിയത്. അദ്ദേഹം അല്ലല്ലോ അത് പറയേണ്ടത്, ഓഫര്‍ ചെയ്യേണ്ടവരല്ലേ അത് ചെയ്യേണ്ടത്' എന്നും ജിജി തോംസണ്‍ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും മന്ത്രിയാകണം എന്നുമൊക്കെ ആഗ്രഹമുളള നിരവധി ഐഎഎസുകാര്‍ ഇവിടെ ഉണ്ടെന്നും ജിജി തോംസണ്‍ പറയുന്നു. പുറമേ ആരും പറയാറില്ല. പക്ഷേ ഉള്ളില്‍ എല്ലാവര്‍ക്കും ഓരോ രാഷ്ട്രീയം ഉണ്ട്, ജിജി തോംസൺ പറഞ്ഞു.
ജിജി തോംസൺ പറഞ്ഞ കാര്യങ്ങളിൽ അടിസ്ഥാനം ഉണ്ടെന്നും ഗ്യാനേഷ് കുമാർ ബിജെപിയുമായി വളരെ അടുപ്പമുളള ആളാണെന്നും മുൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ പ്രതികരിച്ചു. ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പ് പ്രക്രിയയെ തന്നെ അട്ടിമറിച്ചുവെന്നും അദ്ദേഹം രാജി വെച്ച് വീട്ടിലിരിക്കണമെന്നും ടീക്കാറാം മീണ പറഞ്ഞു.


Click it and Unblock the Notifications
